'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; രസികന്‍ മറുപടി നല്‍കി ആര്യ
മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ കടന്നു വന്ന് അവതാരകയായും അഭിനേത്രിയായുമൊക്കെ കയ്യടി നേടിയ താരം. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ശ്രദ്ധ നേടിയിട്ടുണ്ട് ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ഇപ്പോഴിതാ ബിഗ് ബോസ് താരം സിബിനെക്കുറിച്ചുള്ള കമന്റിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു സിബിന്‍. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സിബിന്‍ ഷോയില്‍ നിന്നും പുറത്താകുന്നത്. എന്നാല്‍ പുറത്ത് വന്ന ശേഷം സിബിന്‍ ഷോയ്‌ക്കെതിരെ പല ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. സിബിനും ആര്യയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. സിബിന്റെ ആരോപണങ്ങള്‍ക്ക് ആര്യയും പിന്തുണ നല്‍കിയിരുന്നു.

ഇതിനിടെയാണ് സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ആര്യ അവതാരകയായ ഷോയുടെ പുതിയ സീസണ്‍ ഉണ്ടാകില്ലെന്ന് സൂചനകള്‍ പുറത്ത് വരുന്നത്. തന്നെ ഇനി ഉടനെയൊന്നും ടെലിവിഷനില്‍ കണ്ടെന്ന് വരില്ലെന്ന് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റില്‍ ആര്യ കുറിച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്‌സിലാണ് ഒരാള്‍ സിബിനെക്കുറിച്ച് പരാമര്‍ശിച്ചത്.
എല്ലാം സിബിന്‍ കാരണമാണ് മോളേ. അവനെ നീ പണ്ടേ കട്ട് ചെയ്ത് കളയണമായിരുന്നു. ഒരു സുഹൃത്തിനെ സെലക്ട് ചെയ്യുമ്പോഴും ശ്രദ്ധിക്കണമെന്ന് ഇപ്പോ മനസ്സിലായില്ലേ. സമ്മതിച്ച് തരില്ലെന്ന് അറിയാം ,പക്ഷെ ഇതാണ് സത്യമെന്ന് നി നിന്നെ സ്വയം ബോധ്യപ്പെടുത്തിയാല്‍ മതി എന്നായിരുന്നു കമന്റ്. പിന്നാലെ ആര്യ മറുപടിയുമായെത്തി. ശെന്റെപൊന്നേ ഇതെവിടെ ആയിരുന്നു ഇത്രയും കാലം. ഇതിനിപ്പോ എങ്ങനെയാ ചാര്‍ജ്? ഡെയ്‌ലി ആണോ? മന്ത്‌ലി ആണോ? അതോ സീസണല്‍ ആണോ? എന്നായിരുന്നു ആര്യയുടെ മറുപടി.

കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച പോസ്റ്റ് വെെറലായിരുന്നു. തന്റെ ചിത്രങ്ങളോടൊപ്പം താരം കുറിച്ച വാക്കുകളാണ് ചർച്ചയായത്. എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ചായി. എന്റെ മുഖം ഇനി എന്നെങ്കിലും ടെലിവിഷനില്‍ കാണാന്‍ പറ്റുമോ എന്നെനിക്കറിയില്ല. കുറഞ്ഞത്, സോഷ്യല്‍ മീഡിയ വഴിയെങ്കിലും നിങ്ങളെ കാണട്ടെ. ഇല്ല ഇല്ല ചത്തിട്ടില്ല. ജീവനോടെ ഉണ്ട് ഗായ്‌സ് എന്നാണ് ആര്യ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
നിങ്ങള്‍ അവതാരകയല്ലെങ്കില്‍ ഞങ്ങള്‍ക്ക് സ്റ്റാര്‍ട്ട് മ്യൂസിക് ഷോ വേണ്ട എന്നായിരുന്നു കമന്റ്. അയ്യോ അങ്ങനെ പറയരുത്. അത് മനോഹരമായൊരു ഷോയാണ്. ആര് അവതരിപ്പിച്ചാലും നിങ്ങളത് കാണണം. സ്‌നേഹത്തിന് നന്ദി എന്നാണ് ആര്യ പറഞ്ഞത്. ഇതേ പോസ്റ്റിലാണ് സിബിനുമായുള്ള ഫ്രണ്ട്ഷിപ്പിനെക്കുറിച്ചും കമന്റ് വന്നിരിക്കുന്നത്.


Click it and Unblock the Notifications