'എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ പ്രണയിക്കുന്നു'; പിറന്നാൾ ദിനത്തിൽ സുഹാനയോട് ബഷീർ
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് ബഷീർ ബഷിയുടേത്. മോഡലായിരുന്ന ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ബഷീർ പറഞ്ഞതോടെയാണ് കൂടുതൽ പേർ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ബഷീറും കുടുംബവും തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് പേരുടെ ഇഷ്‍ട താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീറിന്റെ മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബിലൂടെ മൂന്ന് പേരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സാണ് മൂന്ന് പേർക്കും യൂട്യൂബിൽ ഉള്ളത്.

ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയാണ് സ്ഥിരം വീഡിയോകളുമായി പ്രേക്ഷകർക്കു മുന്നിലേക്ക് എത്താറുള്ളത്. അതുകൊണ്ട് തന്നെ പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് മഷൂറയുടെ ചാനലിനുള്ളത്. സുഹാനയുടെ ചാനലിൽ കുക്കിങ്ങുമായി ബന്ധപ്പെട്ട വീഡിയോസും ബഷീറിൻ്റെ ചാനലിൽ സ്പെഷ്യൽ ദിവസങ്ങളിലെ വിശേഷങ്ങളും യാത്രകളുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ് പങ്കുവെയ്ക്കാറുള്ളത്. ഏകദേശം എട്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് ഇരുവർക്കുമുള്ളത്.

ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് സുഹാന. സുഹാനയുടെ പിറന്നാളിനോട് അനുബന്ധിച്ച് ബഷീർ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ആശംസയും ശ്രദ്ധനേടുകയാണ്. 'എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയേ' എന്നാണ് സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ബഷീർ കുറിച്ചിരിക്കുന്നത്.

ഏകദേശം 13 വർഷമായി ബഷീർ സുഹാനയെ വിവാഹം കഴിച്ചിട്ട്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ഇരുവരും ഒരുമിച്ച് നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോസ്‌വിന്‍ സോണിയാണ് പിന്നീട് സുഹാന ബഷീര്‍ ആയത്.
ബഷീറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ മുസ്ലിം മതം സ്വീകരിച്ച് പേരും മാറ്റുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ തനിക്ക് താല്‍പര്യമുണ്ടായിരുന്നു എന്നാണ് പിന്നീട് മതം മാറിയതിനെ കുറിച്ച് സുഹാന പറഞ്ഞത്. ആരുടെയും നിർബന്ധപ്രകാരമോ ഇഷ്ടത്തിനോ ആയിരുന്നില്ല മതം മാറിയത്.

പ്രണയിച്ചിരുന്ന സമയത്തെപ്പോലെയല്ല വിവാഹ ശേഷമുള്ള ജീവിതമെന്ന് സുഹാന പറഞ്ഞിരുന്നു. പക്ഷേ പ്രണയിച്ച അയാളുടെ തന്നെ ഭാര്യയായ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞതെന്ന് സുഹാന പറഞ്ഞിരുന്നു. സ്വന്തം അമ്മച്ചിയുടെ മരണമാണ് ദു:ഖകരമായി ഉണ്ടായത്. എന്തിനും ഏതിനും താന്‍ അമ്മച്ചിയുടെ കൂടെ ആയിരുന്നുവെന്നും സുഹാന പറഞ്ഞിട്ടുണ്ട്.

അതേസമയം, ബഷീർ ബഷി സുഹാനയ്ക് ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിൽ നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്. മേഡ് ഫോർ ഈച്ച് അദർ, ക്യൂട്ട് കപ്പിൾ എന്നിങ്ങനെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സുഹാനയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നവരും നിരവധിയാണ്. നിങ്ങളുടെ കുടുംബത്തെ ഒരുപാട് ഇഷ്ടം. നിങ്ങളെ സ്നേഹിക്കാൻ രണ്ടുപേർ ഉണ്ടല്ലോ എന്നിങ്ങനെ നിരവധി കമന്റുകളും വരുന്നുണ്ട്.


Click it and Unblock the Notifications