'പ്രണയത്തിനിടെ രണ്ടു വർഷം ബ്രേക്കപ്പ്; അമ്മയ്ക്ക് വേണ്ടി നേരത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചു, പക്ഷെ..!', ദീപൻ
മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം സുപരിചിതനായ താരമാണ് നടൻ ദീപൻ മുരളി. കഴിഞ്ഞ പത്ത് വർഷത്തോളമായി മിനിസ്‌ക്രീനിലെ സജീവമായ നടൻ പത്തിലധികം സീരിയലുകളും ഇതിനകം അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമെ അവതാരകനും കൂടിയാണ് താരം. പരിണയം എന്ന പരമ്പരയിലൂടെ ആയിരുന്നു ദീപന്റെ മിനിസ്ക്രീൻ അരങ്ങേറ്റം. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥി ആയും ദീപം എത്തിയിരുന്നു.
വളരെ കുറച്ചു ദിവസങ്ങളെ ദീപൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും ദീപനെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് അപ്പോഴാണ്. വിവാഹം കഴിഞ്ഞ് കേവലം ഒരു മാസം കഴിഞ്ഞപ്പോഴാണ് ദീപൻ ബിഗ് ബോസിൽ എത്തിയത്. മായ ആണ് ദീപന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴിതാ, സീരിയൽ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദീപൻ.

മരിക്കുന്നതിന് മുൻപ് തന്റെ വിവാഹം കാണണം എന്ന അമ്മയുടെ ആഗ്രഹത്താൽ ആണ് അന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ അമ്മയ്ക്ക് ആ വിവാഹം കാണാൻ ഭാഗ്യമുണ്ടായില്ലെന്നും ദീപൻ പറയുന്നു. ദീപന്റെ വാക്കുകൾ വിശദമായി വായിക്കാം.
'ഞാൻ അക്കാദമിയിൽ പഠിക്കുന്ന സമയത്താണ് മായയെ പരിചയപ്പെടുന്നത്. അവിടെ ആദ്യമായി ജോലി തേടി വന്നൊരു കുട്ടി ആയിരുന്നു. അവിടെ ആൾ ജോലിക്ക് കയറി. അങ്ങനെ അവിടെ ജോലി ചെയ്യുന്ന സമയത്ത് ആദ്യം എന്നെ ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെ ഞങ്ങളോടൊപ്പം വർക്ക് ചെയ്യുന്ന ഒരാളോട് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമുണ്ടെന്ന് പറയുകയായിരുന്നു,'
'ലുക്കിലും ഫീലിലും ആണ് പ്രണയം ഉണ്ടാകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിന് ഒരു കണക്ഷൻ വേണം. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. നമ്മൾ സംസാരിക്കുന്നത് സമയത്ത് പരസ്‌പരം കണക്റ്റ് ചെയ്യാൻ സാധിക്കണം. അവിടെയാണ് പ്രണയം ഉണ്ടാവുക. മറ്റു ബാഹ്യമായ സൗന്ദര്യത്തിൽ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. അതൊക്കെ പിന്നീട് പോകും,'
'അന്ന് അങ്ങനെ ഒപ്പം വർക്ക് ചെയ്യുന്ന ആളോട് പറയുകയും ഒരിക്കെ ഭക്ഷണം കഴിക്കുന്ന സമയത്ത് അയാൾ എന്നോട്, മയക്ക് നിന്നെ ഇഷ്ട്ടമാണ് കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് പറയുന്നുണ്ട്. നിനക്ക് നോക്കിക്കൂടെ എന്ന് പറയുന്നത്. അപ്പോഴാണ് എന്റെ മനസ് ചാഞ്ചല്യപ്പെട്ട് ഒരു ഇഷ്ടത്തിലേക്ക് വന്നത്,'
'ഇടയ്ക്ക് ഞങ്ങൾ ബ്രേക്കപ്പായി. ഏകദേശം രണ്ടു വർഷക്കാലം ബ്രേക്കപ്പിൽ ആയിരുന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ബ്രേക്കപ്പ് സമയത്തും ഞങ്ങളുടെ സൗഹൃദം അങ്ങനെ നിലനിന്നിരുന്നു,' ദീപൻ പറഞ്ഞു.
'പിന്നീട് എന്റെ അമ്മയുടെ മരണത്തിന്റെ ആ സമയത്താണ് ഞങ്ങൾ കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത്. അമ്മ എപ്പോഴും എന്നോട് കല്യാണം കഴിക്കുന്ന കാര്യം പറയുമായിരുന്നു. മരിക്കുന്നതിന് മുൻപ് കല്യാണം കാണണമെന്ന്. അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്ക് പേടി ആയതാണ്. അമ്മയ്ക്ക് ഇനി കല്യാണം കാണാൻ പറ്റിയില്ലെങ്കിലോ എന്ന്. അങ്ങനെ അമ്മ ഉള്ളപ്പോൾ തന്നെ കല്യാണം കഴിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു,'

'പക്ഷെ ഭാഗ്യമുണ്ടായില്ല. എന്റെ വിവാഹ നിശ്ചയത്തിന്റെ തലേന്നിന്റെ തലേന്ന് അമ്മ മരിച്ചു. എന്നാൽ അതിന് മുന്നേ അമ്മയെ ചെക്കപ്പിന് കൊണ്ടുപോകുന്ന സമയത്ത് മായ കൂടെ വരുകയും ഞങ്ങൾ ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കുകയും അതിന് ശേഷം അമ്മ വീട്ടിലേക്ക് വിളിക്കുകയും അമ്മ കൈപിടിച്ചു കയറ്റി ചായ ഇട്ടു കൊടുക്കുകയും ഒക്കെ ചെയ്തു,'
'ശരിക്കും എന്റെ കല്യാണം അന്ന് നടന്നു. ഒരു അമ്മ ചെയ്യേണ്ട കടമകളൊക്കെ ആ ദിവസം നടന്നു. അത് ഈശ്വരൻ തന്നെ ഭാഗ്യമാണ്. അത് കഴിഞ്ഞ് മൂന്നാം ദിവസമാണ് അമ്മ മരിക്കുന്നത്,' ദീപൻ പറഞ്ഞു.
അമ്മ പോയ ശേഷം മായ ആണ് എന്റെ ജീവിതത്തിൽ എല്ലാം. ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകൾക്ക് മൂന്നര വയസ്സായി. രണ്ടമത്തെയാണ് മകനാണ് അവന് ആറ് മാസം ആകാൻ പോകുവാണെന്നും ദീപൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications