ഉമ്മയുടെ ഫോട്ടോ പോലും കണ്ടിട്ടില്ല, ഉമ്മ ഭയങ്കര സുന്ദരിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്: ജുനൈസ് വിപി
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ജുനൈസ് വിപി. തന്റെ കോമഡി റീലുകളിലൂടെയാണ് ജുനൈസ് താരമാകുന്നത്. പിന്നാലെ ജുനൈസ് ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ടോപ് ഫൈവ് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജുനൈസ്. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജുനൈസ് തുറന്ന് പറഞ്ഞിരുന്നു.
ജുനൈസിന് ഒരു വയസുള്ളപ്പോഴാണ് ഉമ്മ മരണപ്പെടുന്നത്. ഉപ്പ തന്നെയാണ് ഉമ്മയെ കൊന്നത്. തുടര്‍ന്ന് ജുനൈസും സഹോദരങ്ങളും വളര്‍ന്നത് ബന്ധു വീട്ടിലായിരുന്നു. എട്ടാം ക്ലാസ് താന്‍ ഉമ്മ എന്ന് വിളിച്ചിരുന്നത് അമ്മായിയെ ആയിരുന്നു എന്നാണ് ജുനൈസ് പറയുന്നത്.പിന്നീട് മൂത്ത ചേട്ടന്‍ സാമ്പത്തികമായി മെച്ചപ്പെട്ടതോടെയാണ് ജുനൈസും സഹോദരങ്ങളും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്.

ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഉമ്മയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ജുനൈസ്. ഉമ്മയുടെ ഫോട്ടോ പോലും താന്‍ കണ്ടിട്ടില്ലെന്നാണ് ജുനൈസ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഞാന്‍ ഉമ്മയുടെ ഫോട്ടോയൊന്നും കണ്ടിട്ടില്ല. അന്ന് പോലീസുകാര്‍ ഡോക്യൂമെന്റുകളൊക്കെ എടുത്തു കൊണ്ട് പോയിരുന്നു. വീട് വയനാട് വാളാടായിരുന്നു. ആ വീട് ഇപ്പോഴാണ് പൊളിച്ചത്. മൂത്ത സഹോദരി അവിടെയായിരുന്നു താമസിച്ചിരുന്നത്. അവര്‍ വേറെ വീട് വച്ചപ്പോഴാണ് പഴയ വീട് പൊളിച്ചത്. ഉമ്മയുടെ ഫോട്ടോ പോലും ഇതുവരേയും കണ്ടിട്ടില്ല. ഉമ്മ ഭയങ്കര സുന്ദരിയാണ്, പാവമാണ് എന്നാണ് കേട്ടിട്ടുള്ളത്.'' ജുനൈസ് പറയുന്നു.
അമ്മമാരെ കാണാത്ത കുട്ടികളുടെ സങ്കല്‍പ്പത്തില്‍ ഒരു ഉമ്മയുണ്ടാകും. ഞാന്‍ ഇടയ്ക്ക് ആലോചിക്കും, എങ്ങനെയായിരിക്കും ഉമ്മ? എന്നെ പോലെ ആയിരിക്കുമോ? റീലിലെ ഉമ്മയെ പോലെയല്ല, അത് ഉമ്മയുടെ അനിയത്തിയാണ്. മരിക്കുമ്പോള്‍ ഉമ്മയ്ക്ക് അധികം പ്രായമുണ്ടായിരുന്നില്ല. നാല്‍പ്പതിന് മുകളിലേ കാണുവെന്നും ജുനൈസ് പറയുന്നുണ്ട്.
ഉപ്പയും ഉമ്മയുമില്ലാതെ വളരുന്ന കുറേ കുട്ടികളുണ്ട്. അവരില്‍ നല്ല വിദ്യഭ്യാസം കിട്ടാത്തവരും വഴി പിഴച്ചു പോകുന്നവരും ഉണ്ടാകും. ജീവിത സാഹചര്യങ്ങള്‍ മോശമായവരുണ്ടാകും. എന്നെ സംബന്ധിച്ച് ഞാന്‍ വളരെയധികം കടപ്പാടോടെയാണ് കാണുന്നത്. ഉപ്പയും ഉമ്മയും ഇല്ലാതെ ഞാന്‍ ഇവിടെ വരെ എത്തി. ഭക്ഷണം, വിദ്യഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.
ഇല്ലാത്തതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ഇതൊക്കെ ഉണ്ടല്ലോ എന്നാണ് ചിന്തിക്കാറുള്ളത്. ഇത്രയൊക്കെ സ്ട്രഗിള്‍ ചെയ്തിട്ടും ഇന്നിവിടെ വന്നിരിക്കാന്‍ സാധിച്ചല്ലോ എന്നാണ്. അച്ഛനും അമ്മയും മരിക്കുന്ന കുട്ടികള്‍ ഓര്‍ഫനേജില്‍ വളരട്ടെ എന്ന് അവര്‍ക്ക് ചിന്തിക്കാമായിരുന്നു. ആറ്റയും അമ്മയായിയും ഒരു കുറവും അറിയിച്ചിട്ടില്ല. രണ്ടാമത്തെ പെങ്ങളുടെ കല്യാണം കഴിപ്പിച്ചു കൊടുത്തത് ഉപ്പയുടെ ചേട്ടനായിരുന്നുവെന്നും താരം പറയുന്നു.

അതേസമയം ഉപ്പയെ കാണണമെന്ന് തോന്നിയിട്ടേയില്ല. തങ്ങളെ സംബന്ധിച്ച് ഉപ്പയെന്നയാള്‍ ഇങ്ങനൊക്കെ ചെയ്തയാളാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ലെന്നും ജുനൈസ് പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്നും ബിഗ് ബോസിലെത്തിയ ജുനൈസ് ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേക്കും എത്തുകയാണ്. പണി എന്ന സിനിമയിലൂടെയാണ് ജുനൈസിന്റെ സിനിമാ പ്രവേശനം. നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ ജുനൈസിന്റെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ സാഗര്‍ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications