മാന്യത കാണിച്ചുകൂടെ; എന്തിനാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്? കുടുംബത്തെ വെച്ച് കളിക്കല്ലേ എന്ന് സജ്‌ന!
ബിഗ് ബോസ് മലയാളം സീസൺ 3 ലൂടെ ജനപ്രീതി നേടിയവരാണ് ഫിറോസ് ഖാനും സജ്‌നയും. ബിഗ് ബോസ് മത്സരാർത്ഥികളായി എത്തിയ ആദ്യ ദമ്പതികളായിരുന്നു ഇരുവരും. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സജ്നയും ഫിറോസ് അധികം വൈകാതെ തന്നെ ഷോയിൽ നിന്നും പുറത്തായെങ്കിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളുമൊക്കെയായി എത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ചയാണ് ഫിറോസ് ഖാനൊപ്പമുള്ള തന്റെ ദാമ്പത്യ ജീവിതം നിയമപരമായി വേർപിരിയുകയാണെന്ന് സജ്‌ന വെളിപ്പെടുത്തിയത്. താൻ ഇനി സജ്‌ന ഫിറോസ് അല്ലെന്നും സജ്‌ന നൂർ ആണെന്നും പറഞ്ഞ താരം, രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറി. പിന്നാലെ കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ വിശദീകരണം നൽകി ഫിറോസും രംഗത്തെത്തി.

അതിനിടെ തന്റെ അഭിമുഖത്തിലെ ഭാഗങ്ങൾ മോശം തലക്കെട്ടുകൾ നൽകി ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സജ്‌ന. എന്തിനാണ് എങ്ങനെ ഒക്കെ പറഞ്ഞുണ്ടാക്കുന്നത്? എന്ന കുറിപ്പോടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഷിയാസ് കരീമിനെ അടക്കം അനാവശ്യമായി ഈ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സജ്‌ന യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സജ്‌ന പറഞ്ഞു.
'ഡിവോഴ്സിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഫിറോസിക്കയും കഴിഞ്ഞ ദിവസം ഒരു ചാനലിനോട് സംസാരിച്ചിരുന്നു. ഞങ്ങൾ പിരിയാനുള്ള കാരണം എന്ത് തന്നെ ആണെങ്കിലും അത് വ്യക്തിപരമാണെന്ന് ഞാൻ പറഞ്ഞിരുന്നു. മൂന്നാമത് ഒരാൾക്ക് അതിൽ പങ്കില്ലെന്ന് ഞാനും ഫിറോസും പറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ ചില മീഡിയക്കാർ ആ വാർത്തകൾക്ക് നൽകിയിരിക്കുന്ന തംബ്നെയിലുകൾ മാനസികമായി വിഷമമുണ്ടാകുന്നവയാണ്,' സജ്‌ന പറയുന്നു.
'ഞങ്ങൾക്ക് രണ്ടുപേർക്കും കുടുംബം ഉള്ളതാണ്. ഫിറോസിക്കയെ ബാധിക്കുന്ന തരത്തിലാണ് ഇതെല്ലാം വന്നുകൊണ്ടിരിക്കുന്നത്. വീഡിയോക്ക് അകത്ത് പറയുന്നത് ഞങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ തന്നെയാണ് എന്നാൽ തംബ്നെയിലുകളിൽ പറയുന്നത് പറയാത്തതാണ്. അല്പം മാന്യതയോടെ ഇട്ടൂടെ. ഷിയാസിന് ഞങ്ങളുടെ ഫാമിലിയുമായി ഒരു പ്രശ്നങ്ങളുമില്ല. ഷിയാസുമായി പ്രശ്നമുണ്ടായ പെൺകുട്ടിയെ ഇക്കാക്ക് പരിചയമുണ്ട്. അതല്ലാതെ യാതൊരു പ്രശ്നങ്ങളും ഇല്ല. അതൊക്കെയാണ് തംബ്നെയിലിൽ കൊടുത്തിരിക്കുന്നത്,'

'ഇക്ക എന്നെ ചതിച്ചു, വേറെ പെണ്ണിനെ കയറിപിടിച്ചു എന്നൊക്കെ കൊടുത്തിട്ടുണ്ട്. എന്തൊക്കെയാണ് ഈ എഴുതി വയ്ക്കുന്നത്. ഇതൊക്കെ ഇക്കയുടെ കുടുംബത്തെയാണ് വേദനിപ്പിക്കുക. അവർക്കൊക്കെ എന്നെ ഇപ്പോഴും നല്ല ഇഷ്ടമാണ്. ഞങ്ങൾ തമ്മിലൊക്കെ ഇപ്പോഴും കോൺടാക്ട് ഉണ്ട്,' സജ്‌ന പറഞ്ഞു. ഞങ്ങൾ വേർപിരിഞ്ഞു എന്ന കാര്യം ഞാൻ മീഡിയയിൽ വന്ന് പറയാൻ കാരണം എന്റെ പേര് മാറ്റലൊക്കെ കണ്ട് ഒരുപാട് പേർ ചോദിച്ചത് കൊണ്ടാണെന്നും സജ്‌ന വ്യക്തമാക്കി.
'ഫാമിലിയെ വെച്ച് കളിക്കല്ലേ പ്ലീസ്. കുഞ്ഞുങ്ങളുണ്ട്. മോൻ ഇതൊക്കെ കാണുന്ന പ്രായമാണ്. അവനൊക്കെ ഒരുപാട് വിഷമം വരും. മക്കളെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. അതിനിടെ ഇങ്ങനത്തെ തംബ്നെയിലുകൾ ഇട്ട് വിഷമിപ്പിക്കരുത്. അഭ്യർത്ഥനയാണ്,' സജ്‌ന വീഡിയോയിൽ പറഞ്ഞു. അതേ സമയം വാർത്തകൾ വേദനിപ്പിച്ചെന്നും സജ്‌ന അഭിമുഖം നൽകിയത് കണ്ടപ്പോൾ ഷോക്കായെന്നും കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഫിറോസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications