'വൃത്തിക്കേട് പറഞ്ഞിട്ട് അതിന് പേര് ഫ്രീഡം ഓഫ് സ്പീച്ചെന്ന്'; കമന്റിട്ടവർക്ക് നടുവിരൽ നമസ്‌കാരം നൽകി ദേവു!
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി പേരെടുത്തിട്ടുള്ള ദേവു പോയ സീസണിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളാണ്. ബിഗ് ബോസ് സീസൺ 5 ന്റെ ആദ്യ ദിവസം മുതൽ കത്തിനിന്ന താരമാണ് ദേവു. താരത്തിന്റെ സംസാരവും ആരെയും കൂസാത്ത മനോഭാവവും ഒക്കെയാണ് ദേവുവിലേക്ക് ആരാധകരെ അടുപ്പിച്ചത്.
എന്നാൽ ഷോയിൽ അധികനാൾ നിലനിൽക്കാൻ ദേവുവിന് സാധിച്ചില്ല. മുപ്പത്തിയഞ്ചാം ദിവസം എവിക്ഷനിലൂടെ ദേവു പുറത്താവുകയായിരുന്നു. ശക്തരായ മത്സരാർഥികളിൽ ഒരാളായി പ്രേക്ഷകർ വിലയിരുത്തിയ ദേവുവിന്റെ പുറത്ത് പോക്ക് എല്ലാവരെയും ഞെട്ടിച്ചിരുന്നു. അപ്പോൾ പുറത്താകേണ്ടിയിരുന്ന ആളല്ല ദേവു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ് ദേവു.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ദേവു ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസങ്ങളിൽ താൻ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ വന്ന മോശം കമന്റുകൾക്ക് ദേവു നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പൊതുവെ തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയായി ദേവു എത്താറുണ്ട്. ഇത്തവണ വീഡിയോയിലൂടെയാണ് ദേവുവിന്റെ പ്രതികരണം.
'കുറച്ചു കാര്യങ്ങൾ പറയാനാണ് ഞാൻ വന്നിരിക്കുന്നത്. സൊസൈറ്റിയിലെ കുറച്ചധികം മുത്തുമണികളെ പരിചയപ്പെടുത്താനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. ഇന്നലെ ഞാൻ വൈറ്റ് ടോപ്പിലുള്ള ഒരു ഡ്രസ് ഇട്ടതിന് പിന്നാലെ ഒരുപാട് കമന്റുകൾ എനിക്ക് വാരിക്കോരി കിട്ടി. കമന്റ്സിട്ട എല്ലാവർക്കും നടുവിരൽ നമസ്‌കാരം. ദേവു എന്ന വ്യക്തി കമന്റിട്ട ഒരാളുടെയും അമ്മാവന്റെയോ കുഞ്ഞമ്മയുടെയോ മകളല്ല. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഇടുന്നത്',
'ഒരാളുടെ ലൈഫ് ചോയ്‌സും ഡ്രസിംഗുമൊക്കെ അയാളുടെ മാത്രം തീരുമാനമാനമാണെന്ന് ചിന്തിക്കാനുള്ള കോമൺ സെൻസ് പോലും നിങ്ങൾക്കില്ല. പിന്നെ, എന്റെ വയർ ചാടിയിട്ടുണ്ടെന്ന്. എന്റെ വയർ ചാടിയെങ്കിൽ എനിക്ക് പ്രശ്നമില്ല, എന്റെ വയർ ചാടിയത് കൊണ്ട് നിങ്ങളുടെ വീടിന്റെ മണ്ട ഇടിഞ്ഞു വീണോ. ഒരുത്തൻ ചോദിക്കുന്നുണ്ടായിരുന്നു വട്ടവട ആണോയെന്ന്. നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഒക്കെയുള്ള വയർ തന്നെയാണ് എല്ലാ സ്ത്രീകൾക്കുമുള്ളത്. കുടുക്കിടാൻ പറ്റുന്നില്ലേ എന്നൊരു കമന്റ് ഉണ്ടായിരുന്നു. എത്ര തവണ സൂം ചെയ്ത് നോക്കി',

'ഒരു സ്ത്രീ ഒരു വസ്ത്രം ധരിച്ചാൽ അത് അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കാതെ അവരെ സ്കാൻ ചെയ്ത് വിവരണം ചെയ്യുന്നവർ മഹാന്മാരാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, പോയി നിങ്ങളുടെ പണി നോക്കൂ. ഞാൻ എന്താണോ, എന്റെ ഇഷ്ടങ്ങൾ എന്താണോ, അതിനെയാണ് ഞാൻ ഫോളോ ചെയ്യുന്നത്. ഇങ്ങനത്തെ ഞരമ്പൻമാരെയും സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ട് നടക്കുന്ന ഉണ്ണികളെയും കണ്ടപ്പോൾ നിങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്താമെന്ന് വിചാരിച്ചു', ദേവു വീഡിയോയിൽ പറഞ്ഞു.
ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചു. 'ഉള്ളകണ്ട വൃത്തിക്കേട് മുഴുവൻ കമന്റ് ഇട്ടിട്ട് അതിന് ഇവർ പറയുന്ന പേര് ഫ്രീഡം ഓഫ് സ്പീച്ചെന്ന്. ഇപ്പോഴും കുറെ കമന്റുകൾ വരുന്നുണ്ട്. തോന്നിയത് വിളിച്ചു പറഞ്ഞിട്ട് അതിനെ ഫ്രീഡം ഓഫ് സ്പീച് ആക്കരുത്. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചു കേൾക്കാനും റെഡിയായിരിക്കണം. കമന്റിട്ടവർ മിസ്റ്റർ പെഫെക്റ്റ് അല്ലേ! കൊള്ളാലോ ഈ മാന്യത. കൊലക്കുടിയിൽ സൂചി വിളിക്കാൻ വരല്ലേ മക്കളെ... റിയാക്റ്റ് ചെയ്യും, അതിപ്പോൾ ലീഗലി ആണെങ്കിൽ അങ്ങനെ', വൈബർ ഗുഡ് ദേവു കുറിച്ചു.


Click it and Unblock the Notifications