ലക്ഷങ്ങൾക്ക് പുറമെ ഈ സമ്മാനങ്ങളും; ബിഗ് ബോസ് ഹിന്ദി സീസൺ 16 വിജയി എംസി സ്റ്റാന് ലഭിച്ചത്!
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. 100 ദിവസം കുറെ ക്യാമറകൾക്ക് കീഴിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതം കാണിച്ചു തരുന്ന ഷോയ്ക്ക് കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായ വ്യത്യാസമില്ലാതെ നിരവധി കാഴ്ചക്കാരാണ് ഉള്ളത്.
ഹിന്ദി, മലയാളം, തമിഴ് എന്നിങ്ങനെ മിക്ക ഇന്ത്യൻ ഭാഷകളിലും ബിഗ് ബോസ് സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ഈ ഷോയ്ക്ക് ലഭിക്കുന്ന ആരാധക പിന്തുണ കൗതുകകരമാണ്. നിരവധി പേരാണ് ഷോയിലൂടെ വലിയ താരങ്ങളായി മാറിയത്.

ആദ്യ സീസണുകളിൽ ഒക്കെ വലിയ രീതിയിൽ വിമർശനം നേരിട്ടതാണ് ബിഗ് ബോസ് എല്ലാ ഭാഷകളിലും ഭൂരിഭാഗം പേരും ആദ്യം മുഖം തിരിക്കുകയും പിന്നീട് പതിയെ ബിഗ് ബോസിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നതാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നത്. ഹിന്ദിയിലും മലയാളത്തിലും എല്ലാം ഇതായിരുന്നു സ്ഥിതി.
അതേസമയം, ഹിന്ദിയിൽ ഇപ്പോൾ ഷോ വിജയകരമായി 16 സീസണുകൾ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ ആയിരുന്നു 16 -മത് സീസണിന്റെ ഫിനാലെ. അത് സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയ മുഴുവൻ. 135 ദിവസമാണ് ബിഗ് ബോസ് സീസൺ 16 ഉണ്ടായിരുന്നത്. ആവേശഭരിതമായ സീസണിന്റെ വിജയി ആയത് റാപ്പറായ എംസി സ്റ്റാൻ ആണ്.

അഞ്ച് പേരാണ് ബിഗ് ബോസ് ഹിന്ദി സീസൺ 16 ന്റെ ഫൈനലിൽ എത്തിയത്. പ്രിയങ്ക ചാഹർ ചൗധരി, ശിവ് താക്കറെ, എംസി സ്റ്റാൻ, അർച്ചന ഗൗതം, ഷാലിൻ ഭാനോട്ട് എന്നിവരായിരുന്നു അഞ്ച് താരങ്ങൾ. ഇതിൽ ശാലിൻ ഭാനോട്ട് അഞ്ചാം സ്ഥാനവും അർച്ചന ഗൗതം നാലാം സ്ഥാനവും നേടി. സീസണിൽ ഏറെ ആരാധാകരെ ഉണ്ടാക്കിയെടുത്ത വിജയ കിരീടം ചൂടുമെന്ന് പലരും ഉറപ്പിച്ച പ്രിയങ്കയാണ് മൂന്നാം സ്ഥാനത്ത് വന്നത്.

ശിവ് താക്കറെയാണ് അവസാനം രണ്ടിൽ എത്തി ഫസ്റ്റ് റണ്ണറപ്പായത്. അതേസമയം, പ്രിയങ്ക പുറത്തായതിന് പിന്നാലെ ആരാധകർ ഷോയ്ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പക്ഷാപേതം കാണിച്ചെന്നും ഒത്തുകളി നടന്നു എന്നുമൊക്കെയാണ് ആരോപണങ്ങൾ.
തുടക്കത്തിൽ ബിഗ് ബോസ് വീട്ടിൽ തുടരാൻ ബുദ്ധിമുട്ടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു എംസി സ്റ്റാൻ. പിന്നീട് അവതാരകൻ സൽമാൻ ഖാൻ അദ്ദേഹത്തോട് സംസാരിച്ച ശേഷമാണു മത്സരത്തിൽ തുടരാൻ തീരുമാനിച്ചത്. അവിടെ നിന്നാണ് സീസണിന്റെ വിജയി ആയി മാറുന്ന തലത്തിലേക്ക് എംസി സ്റ്റാൻ എത്തിയത്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. അതിനിടെ എംസി സ്റ്റാന് ലഭിച്ച പ്രൈസ് മണിയും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബിഗ് ബോസ് സീസൺ 16 ന്റെ വിജയി ആയ എംസി സ്റ്റാനിന് 31,80,000 രൂപയും ഒരു ഗ്രാൻഡ് ഐ10 കാറുമാണ് സമ്മാനമായി ലഭിച്ചത്. ഇതുകൂടാതെ മറ്റു ആകർഷകമായ സമ്മാനങ്ങളും വിജയിയെ കാത്തിരിപ്പുണ്ട് എന്നാണ് വിവരം.

അതേസമയം, മലയാളത്തിലും പുതിയ ബിഗ് ബോസ് സീസൺ വൈകാതെ ആരംഭിക്കും എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. നാല് സീസണുകൾ പൂർത്തിയാക്കിയ ബിഗ് ബോസിന്റെ അവസാന സീസണിലെ വിജയി ഡാൻസറും നടിയുമായ ദിൽഷ പ്രസന്നൻ ആയിരുന്നു. പുതിയ സീസണിനുള്ള തയ്യാറെടുപ്പുകൾ ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ആരംഭിച്ചതായാണ് വിവരം. ഉടൻ തന്നെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരും.


Click it and Unblock the Notifications