ഇനിയും അണ്ണൻ പറഞ്ഞാലേ മുടിവെട്ടു! സെറീനയുമായുള്ള കൂട്ടുകെട്ട് വേണ്ടെന്നല്ല പറഞ്ഞത്; റെനീഷയും സഹോദരനും പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഫസ്റ്റ് റണ്ണറപ്പായ മത്സരാർഥിയാണ് റെനീഷ റഹ്മാൻ. സീസണിന്റെ ആദ്യ വാരം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ റെനീഷയ്ക്ക് സാധിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത മത്സരാർഥികൂടി ആയിരുന്നു റെനീഷ. എന്നാൽ താരത്തിന്റെ ചില പരാമർശങ്ങൾ ഹൗസിന് അകത്തും പുറത്തും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
അതിലൊന്നാണ് സഹോദരന്റെ സമ്മതമില്ലാതെ താൻ മുടി മുറിക്കില്ലെന്ന പരാമർശം. ഇതിനു പിന്നാലെ സഹമത്സരാർഥിയായ ജുനൈസ് 'മോഡേൺ കുലസ്ത്രീ' എന്നൊരു പേരും റെനീഷയ്ക്ക് നൽകിയിരുന്നു. കോടതി ടാസ്കിൽ അടക്കം ഇക്കാര്യം ചർച്ചയാവുകയും ചെയ്തു. തന്റെ ആ പരാമർശത്തിൽ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ് റെനീഷ. ബിഹൈൻഡ്വുഡ്സിന്റെ ഫാൻസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. റെനീഷയുടെ സഹോദരൻ അനീഷും പരിപാടിയിൽ സംസാരിക്കുന്നുണ്ട്.

താൻ ഇഷ്ടപ്പെടുന്ന ആളുകളുടെ വാക്കുകൾ മാനിച്ചുകൊണ്ട്, അതിനനുസരിച്ച് ജീവിക്കാൻ തനിക്ക് ഇഷ്ടമാണെന്നാണ് പറഞ്ഞതെന്ന് റെനീഷ പറയുന്നു. 'അണ്ണൻ ഒരിക്കലും ഒന്നും ചെയ്യരുതെന്ന് പറയില്ല. എനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞേക്കും. ആ താൽപര്യമില്ല എന്നത് എനിക്കൊരു പ്രശ്‌നമാണ്. അവിടെ അവരുടെ സമ്മതം എന്നതിനപ്പുറം എനിക്ക് അവരോടുള്ള ഇഷ്ടത്തിനും ബഹുമാനത്തിനുമാണ് അവിടെ പ്രാധാന്യം കൊടുക്കുന്നത്.
അണ്ണൻ എന്നോട് നീ അത് ചെയ്തോ പൊന്നെ എന്ന് പറഞ്ഞാൽ അതാണ് എനിക്ക് സാറ്റിസ്ഫാക്ഷൻ. ജുനൈസ് അവന്റെ കാഴ്ചപാട് പറഞ്ഞു. ഞാൻ അതിൽ നിന്നൊന്നും ഒട്ടും മാറിയിട്ടില്ല. ഇനിയും അണ്ണൻ പറഞ്ഞാൽ മാത്രമേ ഞാൻ മുടിവെട്ടു', റെനീഷ വ്യക്തമാക്കി.
റെനീഷ പറഞ്ഞതിനോട് സഹോദരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: എനിക്കറിയാം അവൾക്ക് എത്രത്തോളം മുടി മുറിച്ചാൽ നല്ലതായിരിക്കുമെന്ന്. അവൾ ചേട്ടനെന്ന ബഹുമാനം തന്ന് ചോദിക്കുമ്പോൾ അവളുടെ ഇഷ്ടത്തിനനുസരിച്ച രീതിയിൽ ഞാൻ മറുപടി നൽകും. അപ്പോൾ അവളും ഹാപ്പി ഞാനും ഹാപ്പി. അത്രമാത്രമേ ചെയ്യാറുള്ളു. ജുനൈസ് പറഞ്ഞതിനോട് എതിർപ്പില്ല. അതിനെ കുറ്റം പറയാൻ പറ്റില്ല. ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്. അഭിപ്രായങ്ങളും പറയാം, അനീഷ് പറഞ്ഞു.
ഞങ്ങളുടെ അച്ഛൻ ഗൾഫിൽ ആയിരുന്നു. ഞാനും റെനീഷയും തമ്മിൽ പത്ത് വയസ്സിന്റെ പ്രായവ്യത്യാസം വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഒരു ഗാർഡിയൻ എന്ന നിലയിൽ ആയിരുന്നു. ചെറുപ്പത്തിൽ സ്‌കൂളിൽ കൊണ്ടുപോകുന്നത് മുതലുള്ള കാര്യങ്ങൾ ഞാനാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെയ്യുമ്പോൾ ചോദിക്കും. ഞാൻ സജഷൻസ് കൊടുക്കും. ഒരിക്കലും ഇന്നത് ചെയ്യരുത് എന്ന് ഞാൻ പറയാറില്ല, ചേട്ടൻ അനീഷ് വ്യക്തമാക്കി.
സെറീനയെ ദുബായ് ചോക്ലേറ്റിനോട് ഉപമിച്ച് നടത്തിയ പരാമർശത്തിലും ചേട്ടൻ വിശദീകരണം നടത്തുന്നുണ്ട്. സെറീനയുമായുള്ള കൂട്ടുക്കെട്ട് വേണ്ട എന്നായിരുന്നില്ല അവിടെ പറഞ്ഞത്. ആദ്യത്തെ രണ്ടാഴ്ച റെനീഷയുടെ പെർഫോമൻസിന്റെ ഗ്രാഫ് നോക്കിയാൽ അത് വേറെ ലെവലിൽ ആയിരുന്നു. എന്നാൽ പിന്നീട് സൗഹൃദ വലയത്തിലേക്ക് വന്നതോടെ അത് മാറി.
ദുബായ് ചോക്ലേറ്റ് എന്ന് പറയുന്നതിന് മുൻപ് ഒറ്റക്കാണ് വന്നത് ഒറ്റയ്ക്ക് കളിക്കണം എന്ന് പറഞ്ഞിരുന്നു. അത് ഫ്രണ്ട്ഷിപ് സർക്കിളിൽ പെടേണ്ട എന്നായിരുന്നു, അനീഷ് പറഞ്ഞു. ചേട്ടൻ സെറീനയുമായുള്ള സൗഹൃദം വേണ്ടെന്നാണ് പറഞ്ഞതെന്നാണ് അപ്പോൾ കരുതിയത്. എന്നാൽ പുറത്തുവന്ന് വിശദമാക്കിയപ്പോഴാണ് ഗ്രൂപ്പിൽ പെട്ട് പോകരുത് എന്നാണ് ഉദ്ദേശിച്ചതെന്ന് മനസിലായതെന്ന് റെനീഷയും പറഞ്ഞു. തന്റെ സൗഹൃദം ജനുവിൻ ആയിരുന്നെന്നും റെനീഷ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











