ഞാനുണ്ട് എന്നും നിന്നോടൊപ്പം; അഭിഷേകിന്റെ സെക്ഷ്വാലിറ്റിയെ അച്ഛന്‍ അംഗീകരിച്ചു; ജീവിതത്തില്‍ വിന്നര്‍!
അമ്പത് ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ശക്തമായ മത്സരവുമായി മത്സരാര്‍ത്ഥികളും മുന്നോട്ട് പോവുകയാണ്. ഇതുവരെയുള്ള യാത്രയില്‍ വീണവരുമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായിരുന്നു അഭിഷേക് ജയ്ദീപ്. തുടക്കത്തില്‍ ദീര്‍ഘകാലം ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിക്കുമെന്ന് തോന്നിപ്പിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു അഭിഷേക്.
എന്നാല്‍ പോയ വാരം അഭിഷേക് ബിഗ് ബോസ് വീടിനോട് വിട പറയുകയായിരുന്നു. മിസ്റ്റര്‍ ഗേ ഇന്ത്യ റണ്ണറപ്പ് നേടിയാണ് അഭിഷേക് ബിഗ് ബോസിലേക്ക് എത്തുന്നത്. അതേസമയം താന്‍ ഗേ ആണെന്ന കാര്യം സ്വന്തം അച്ഛനോട് മറച്ചു വെച്ചിരുന്ന അഭിഷേക് ബിഗ് ബോസിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയില്‍ നിന്നും പുറത്തായെങ്കിലും ജീവിതത്തില്‍ അഭിഷേകിന് വലിയൊരു സന്തോഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

തന്നേയും തന്റെ സെക്ഷ്വാലിറ്റിയേയും അച്ഛന്‍ അംഗീകരിച്ചിരിക്കുന്നുവെന്നാണ് അഭിഷേക് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അഭിഷേക് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. അച്ഛന്‍ തനിക്ക് അയച്ച മെസേജും അഭിഷേക് പങ്കുവച്ചിട്ടുണ്ട്. ''അച്ഛന്‍ എനിക്ക് ഇന്ന് അയച്ച മെസേജ്. ബിഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം'' എന്നു പറഞ്ഞാണ് താരം അച്ഛന്റെ മെസേജ് പങ്കുവച്ചിരിക്കുന്നത്.
''നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിര്‍പ്പുമില്ല. നീ എന്റെ മകന്‍ എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്റെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും എന്റേയും കൂടെയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നും ഉണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടരുത്. എന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിന്നെക്കുറിച്ച് നല്ല അഭിപ്രായമാണ്. എന്തിനും ഏതിനും എന്നും ഞാന്‍ നിന്റെ കൂടെയുണ്ടാകും. നിങ്ങള്‍ മുന്ന് പേരോടുമുള്ള സ്‌നേഹം ഞാന്‍ കാണിച്ചെന്ന് വരില്ല, പക്ഷെ ഞാന്‍ എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും'' എന്നായിരുന്നു അച്ഛന്റെ മെസേജ്.

കഴിഞ്ഞ ദിവസം അഭിഷേകിന്റേയും അമ്മയുടേയും അഭിമുഖവും വൈറലായി മാറിയിരുന്നു. മകനെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള അഭിഷേകിന്റെ അമ്മയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. വികാരഭരിതയായിട്ടായിരുന്നു അഭിഷേകും അമ്മയുമൊക്കെ സംസാരിച്ചത്. ഇതിന് പിന്നാലെയാണ് അച്ഛന്‍ തന്നെ അംഗീകരിച്ചുവെന്ന കാര്യം അഭിഷേക് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. നിരവധി പേരാണ് അഭിഷേകിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
ഇനിയെന്ത് വേണം വിന്നര്‍ ആയില്ലേ? ജീവിതത്തില്‍ നീ വിജയിച്ചു, യാത്ര കഠിനമായിരുന്നു. പക്ഷെ ലക്ഷ്യം മനോഹരമാണ്, ഇതില്‍ പരം എന്ത് വേണം, ഇതുപോലൊരു കുടുംബം ഉള്ളതാണ് ഏറ്റവും വലിയ വിജയം, ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്, ദൈവമുണ്ട്. അമ്മയുടെ സങ്കടം ദൈവം കാണാതെ പോകില്ല. നീയാണ് ജീവിതത്തിലെ വിജയി. ഇതിലും മുകളിലൊന്നുമില്ല എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.


Click it and Unblock the Notifications