വരുണിന്റെ ഡെഡ് ബോഡി എവിടെ? ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ മത്സരാര്‍ത്ഥി അന്‍സിബ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് മോഹന്‍ലാലിന്റെ മകളും! ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബ ഹസന്‍ ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളിലും കയ്യടി നേടിയ നടിയാണ് അന്‍സിബ.
യഥാര്‍ത്ഥ അന്‍സിബ ആരാണ് എന്ന് മനസിലാക്കാനും കൂടിയാണ് അന്‍സിബ ബിഗ് ബോസിലേക്ക് വന്നിരിക്കുന്നത്. അതേസമയം അന്‍സിബയും മോഹന്‍ലാലും ചേര്‍ന്ന് ദൃശ്യത്തിലെ നിമിഷം രസകരമായി റീക്രിയേറ്റ് ചെയ്യുകയും ചെയ്തു. ബിഗ് ബോസ് വീടിന് അകത്തേക്ക് കയറും മുമ്പ് അന്‍സിബ മോഹന്‍ലാലിനോട് വരുണിന്റെ ഡെഡ് ബോഡി എവിടെയാണെന്ന് ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് പിന്നെ പറഞ്ഞു തരാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പോകാന്‍ നേരം അന്‍സിബയോട് അകത്തുള്ളവര്‍ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ചോദിക്കും പക്ഷെ ഒന്നും പറയരുതെന്ന് മോഹന്‍ലാല്‍ അന്‍സിബയോട് പറയുകയായിരുന്നു.
ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ മൂത്തമകളായിട്ടായിരുന്നു അന്‍സിബ ചിത്രത്തില്‍ അഭിനയിച്ചത്. 2008 ല്‍ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അന്‍സിബയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് ദൃശ്യം മുതലാണ്. പിന്നീട് ഒരുപിടി സിനിമകളില്‍ അന്‍സിബ അഭിനയിച്ചു.

ബാലതാരമായിട്ടാണ് അന്‍സിബ സിനിമയിലെത്തുന്നത്. അരങ്ങേറ്റത്തിന് പിന്നാലെ തമിഴിലും സജീവമായി മാറി. ദൃശ്യത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരവ്. തുടര്‍ന്ന് ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം, കകട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ദൃശ്യം 2, സിബിഐ 5 ദ ബ്രെയിന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം, ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയുടെ പ്ലസ്ടുക്കാരിയായ മകള്‍ അഞ്ജുവിന്റെ വേഷം ചെയ്തത് വര്‍ഷങ്ങളോളം സ്വാധീനിച്ചെന്ന് അന്‍സിബ നേരത്തെ പറഞ്ഞിരുന്നു. വര്‍ഷങ്ങളോളം തന്നെ അങ്ങനെ കണ്ടിരുന്ന പല സിനിമാക്കാര്‍ക്കും തനിക്ക് വലിയ വേഷങ്ങള്‍ നല്‍കാന്‍ ആശങ്കയുണ്ടായിരുന്നു. അതെല്ലാം മാനസികമായി ഏറെ തളര്‍ത്തി വിഷാദാവസ്ഥയിലേക്കുവരെ എത്തിച്ചുവെന്നും അന്‍സിബ തുറന്ന് പറഞ്ഞിരുന്നു. സിനിമ മാത്രമല്ല ജീവിതമെന്ന തിരിച്ചറിവിലാണ് താന്‍ അവതാരകയായും മോഡലായുമൊക്കെ പുതിയ വഴികളിലൂടെ സഞ്ചരിച്ചതെന്ന് അന്‍സിബ പറഞ്ഞിരുന്നു.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും അന്‍സിബ അഭിനയിച്ചിരുന്നു. മലയാളം ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വിജയിയായിരുന്ന അന്‍സിബയെ തമിഴ് സിനിമയാണ് അഭിനേത്രി എന്ന നിലയില്‍ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയില്‍ കൊഞ്ചം മഴൈയാണ് അന്‍സിബയുടെ ആദ്യ സിനിമ. തുടര്‍ന്ന് മണിവണ്ണന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ നാഗരാജ ചോളന്‍ എം എ, എം എല്‍ എയിലും ഒപ്പം രണ്ട് തമിഴ് സിനിമകളിലും അന്‍സിബ അഭിനയിച്ചു.
അതേസമയം, ഗീതികയെന്ന പേരിലായിരുന്നു ആദ്യകാലത്ത് സിനിമയില്‍ അന്‍സിബ അറിയപ്പെട്ടിരുന്നത്. ദൃശ്യത്തിന് ശേഷം യഥാര്‍ഥ പേരായ അന്‍സിബയിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഹസന്‍, റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അന്‍സിബയുടെ മാതാപിതാക്കള്‍. ആഷിക്, അസീബ്, അഫ്സല്‍, അഫ്സാന എന്നിങ്ങനെ നാല് സഹോദരങ്ങളും അന്‍സിബക്കുണ്ട്.


Click it and Unblock the Notifications