അമ്മയ്ക്ക് കൊടുത്ത വാക്ക്! പടച്ചോന്റെ ഫോണ്‍ കോള്‍; വലിയ വിജയത്തെക്കുറിച്ച് സാഗര്‍ സൂര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളായിരുന്നു സാഗറും ജുനൈസും. ഇരുവരും കഴിഞ്ഞ ദിവസം സീസണ്‍ 6ല്‍ അതിഥികളായി എത്തിയിരുന്നു. നടന്‍ ജോജു ജോര്‍ജിനൊപ്പമാണ് ജുനൈസും സാഗറും തിരികെ ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. എന്നാല്‍ അത് വെറുമൊരു വരവായിരുന്നില്ല. ബിഗ് ബോസില്‍ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും ജീവിതത്തില്‍ വിജയിച്ചവരായാണ് ഇരുവരും തിരികെ വന്നത്.
ഇപ്പോഴിതാ തന്റെ തിരിച്ചുവരിനെക്കുറിച്ചുള്ള സാഗറിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെ തനിക്ക് വന്ന കോളിനെക്കുറിച്ചാണ് കുറിപ്പില്‍ സാഗര്‍ സംസാരിക്കുന്നത്. ജോജു സംവിധാനം ചെയ്ത പണി എന്ന സിനിമയിലേക്കാണ് അന്ന് സാഗര്‍ ചെന്നത്. നാളുകള്‍ക്ക് ബിഗ് ബോസിലേക്ക് സാഗര്‍ മടങ്ങി വന്നത് പണിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യാനായിരുന്നു. സാഗറിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ വര്‍ഷം ഒരു മെയ് 28ന്, ബിഗ്ബോസ് സീസണ്‍ 5 ലെ എന്റെ അറുപത്തി മൂന്നാമത്തെ ദിവസം, ഒരു കിടിലന്‍ തോല്‍വിയും നല്ല സങ്കടവുമൊക്കെയായി പുറത്തിറങ്ങിയപ്പോള്‍ ആകെ തോന്നിയ ഒരാശ്വാസം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചല്ലോ, അമ്മയെ ക്കുറിച്ച് പറയാനും ഒരു ചെറിയ മെസ്സേജ് കൊടുക്കാനും ഒക്കെ കഴിഞ്ഞല്ലോ എന്നായിരുന്നു.
നഷ്ടങ്ങളും തോല്‍വിയുമൊക്കെ മ്മടെ നെഞ്ചിലിരുന്ന് ചിലപ്പോള്‍ ഒരു കുത്തല്ണ്ട്ട്ടാ. നല്ല കിണ്ണം കാച്ചിയ ഒരു പെടപ്പാണത്.
പക്ഷെ പടച്ചോനുണ്ട്ട്ടാ. മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്ക് വന്നത് ശരിക്കും പടച്ചോന്റെ ഒരു ഫോണ്‍ call ആയിരുന്നു. ഒരു വലിയ സിനിമയിലേക്കുള്ള അവസരവുമായി ജോജു ചേട്ടന്റെ ആ കാള്‍ അന്ന് അറ്റന്‍ഡ് ചെയ്യുമ്പോള്‍, ഈ വര്‍ഷം അതേ May 28ന്, 'പണി' എന്ന ഞങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു അതിഥിയായി ബിഗ്ബോസ് വീടിനുള്ളിലേക്ക് കയറിചെല്ലാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ മെയ് 28, ഈ വര്‍ഷം എനിക്ക് തിരികെ തന്നത് ഒരു വലിയ വിജയം തന്നെയാണ്. മ്മടെ പടച്ചോന്‍, പുള്ളി ഒരു സംഭവമാണ് ട്ടാ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റ് ചെയ്തവരില്‍ ആരാധകർ മാത്രമല്ല മുന്‍ ബിഗ് ബോസ് താരങ്ങളുമുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ നിറ സാന്നിധ്യമായിരുന്നു സാഗർ സൂര്യ. സാഗറിന്റേയും ജുനെെസിന്റേയും ചങ്ങാത്തം ഷോയിലെ ഹെെലെെറ്റുകളിലൊന്നായിരുന്നു. ഇടക്കാലത്ത് ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും കൂട്ടുകാരായി. ഷോയില്‍ പുറത്ത് വന്നതിന് ശേഷം ഇരുവരേയും എവിടേയും കണ്ടിരുന്നില്ല. നാളിതുവരേയും തങ്ങള്‍ പണി എന്ന സിനിമയുടെ കൂടെയായിരുന്നു എന്നാണ് സാഗറും ജുനെെസും പറഞ്ഞത്. ഇതാദ്യമായിട്ടാണ് ജോജു ജോർജ് സംവിധാനം ചെയ്യുന്നത്. ഇതിനായി കഴിഞ്ഞ ഒരു വർഷക്കാലമായി മറ്റ് സിനിമകളൊന്നും ജോജു ഏറ്റെടുത്തിരുന്നില്ല.


Click it and Unblock the Notifications