പൊതുബോധത്തിന്റെ ശവക്കൂനയ്ക്ക് മുകളില്‍ കസേര വലിച്ചിട്ട് ഇരുന്ന ജാസ്മിന്‍; ജാസ്മിനാണ് വിജയി!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കം മുതല്‍ക്കു തന്നെ ടോപ് ഫൈവ് വരെ എത്താനാകുമെന്ന് തോന്നിപ്പിച്ചവരില്‍ ഒരാളാണ് ജാസ്മിന്‍. കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ജാസ്മിന് ഷോയിലൂടെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് ഒരു ആരാധിക പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ആശ സൂസന് ക്രെഡിറ്റ് നല്‍കി കൊണ്ട് പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് ആറാം സീസണ്‍ തുടക്കത്തില്‍ തന്നെ ജാസ്മിനോട് മാത്രമായി തോന്നിയ കണക്ഷന്‍ ഈ അവസാന നിമിഷവും വരെയും മാറ്റമില്ലാതെ തന്നെ തുടരാന്‍ സാധിക്കുന്നതില്‍ എനിക്കഭിമാനമുണ്ട്. ബിഗ് ബോസ് ഷോയെ പലരും കാണുന്നത് സ്വന്തം വീട്ടിലെ ജനലില്‍ കൂടി അയല്‍വക്കത്തെ വീട്ടിലെ ബഹളം കണ്ട് ആത്മരതിയടയുന്നതിനു തുല്യമായിട്ടാണ്. അങ്ങനെയല്ലാതെ, മനുഷ്യരെ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആ വിധത്തില്‍ ഈ ഷോയേ നോക്കിക്കാണാവുന്നതാണ്. അവിടെ നമുക്ക് ഇഷ്ട്ടം തോന്നുന്ന വ്യക്തിയുടെ അടിസ്ഥാന സ്വഭാവം നമ്മുടെ സ്വഭാവവുമായി ബന്ധം തോന്നുമ്പോഴാണ് ഒരു ഷോയിലെ ഗെയിമര്‍ എന്നതിനുപരി അവരെന്ന വ്യക്തിയെ നമുക്ക് കണക്റ്റ് ആവുന്നതും നമ്മള്‍ അവരെ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നതും.
എന്തുകൊണ്ട് ജാസ്മിന്‍ എന്ന ഗെയിമറെക്കാളുപരി ജാസ്മിന്‍ എന്ന വ്യക്തി എനിക്ക് പ്രിയപ്പെട്ടതായി എന്നു ചോദിച്ചാല്‍, ഈ ഷോയില്‍ നിലനിന്നു പോവാന്‍ വേണ്ടി മാത്രമായി പലരും ക്യാമറകള്‍ക്ക് വേണ്ടി പലതും സൃഷ്ടിച്ച് എടുക്കുന്നത് കാണാന്‍ കഴിയും. ക്യാമറയുടെ സ്ഥാനത്ത് സമൂഹത്തെ നിര്‍ത്തിയാല്‍ അതുപോലുള്ള മനുഷ്യരെ നമുക്ക് കാണാം. അതായത്, സമൂഹത്തെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കുന്നവര്‍, നല്ല കുട്ടി സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഇഷ്ട്ടമുള്ള പലതും വേണ്ടെന്ന് വെയ്ക്കുന്നവര്‍, സമൂഹത്തിന്റെ പള്‍സ് അറിഞ്ഞു പിന്തിരിപ്പന്‍ ആശയങ്ങളിലൂടെ പൊതുബോധത്തെ ഊട്ടി ഉറപ്പിച്ചു കൈയ്യടി നേടുന്നവര്‍, അങ്ങനെയങ്ങനെ പലതും. ഇവിടെയാണ് ജാസ്മിന്‍ വ്യത്യസ്തയാവുന്നതും.
ജാസ്മിന്‍ ഹൗസിലെ ടാസ്‌കുകള്‍ മാത്രമാണ് മത്സരമായി എടുക്കുന്നത്, ടാസ്‌ക്കിന് ശേഷമുള്ള ഓരോ നിമിഷവും അവള്‍ക്ക് അവിടം സ്വഭാവികമായ ജീവിതമാണ്, കൂടെ ഉളളവര്‍ ഒരേ വീട്ടില്‍ താമസിക്കുന്ന മനുഷ്യരും. അതുകൊണ്ടാണ് വ്യക്തി വൈരാഗ്യം മനസ്സില്‍ സൂക്ഷിക്കാതെ ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയുന്നതും, കൂടെയുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും കൂടെ നില്‍ക്കുന്നതും ആശ്വസിപ്പിക്കുന്നതും ക്ഷമിക്കുന്നതും വിട്ടു കൊടുക്കുന്നതും, ഭക്ഷണവും വസ്ത്രവും മേക്കപ്പ് സാധനങ്ങളും പങ്കുവെയ്ക്കുന്നതും, എല്ലാവരെയും സ്‌നേഹിക്കുന്നതും രസിപ്പിക്കുന്നതും സന്തോഷിക്കുന്നതുമെല്ലാം.
ഒരു മനുഷ്യനു വേണ്ട അടിസ്ഥാന ഗുണങ്ങളും അപ്പുറത്തു നില്‍ക്കുന്ന മനുഷ്യനെ മനസ്സിലാക്കാനുള്ള മനസ്സും നമുക്കുണ്ടെങ്കില്‍ ലൈഫില്‍ എക്‌സ്‌പോഷര്‍ കിട്ടുന്നതിനനുസരിച്ച് നമ്മുടെ ജീവിതസാഹചര്യങ്ങള്‍ നമ്മില്‍ പരുവപ്പെടുത്തിയ കുഞ്ഞു കുഞ്ഞു പ്രശ്‌നങ്ങള്‍ തിരുത്തി നമുക്ക് മുന്നേറാന്‍ കഴിയും. വന്നപ്പോള്‍ ഉണ്ടായിരുന്ന ആറ്റിറ്റിയൂഡ് അല്ല അവള്‍ക്കിപ്പോള്‍; എനിക്കിനി ആ പഴയ ഞാന്‍ ആവണ്ട എന്നവള്‍ ഉപ്പയോട് പറയുന്നത്, തിരിച്ചറിവുകള്‍ നേടാനുള്ള വഴികള്‍ ജീവിതത്തില്‍ അടഞ്ഞു പോയ പെണ്‍കുട്ടിക്ക് അതിനുള്ള വഴി ഈ വീട്ടില്‍ നിന്നും തുറന്നു കിട്ടിയപ്പോള്‍ വന്ന ബോധത്തില്‍ നിന്നാണ്.

ആരൊക്കെ എങ്ങനെയൊക്കെ വ്യക്തിഹത്യ ചെയ്ത് അവളെ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും ജാസ്മിന്റെ ഉള്ളിന്റെയുള്ളില്‍ മാനുഷീക മൂല്യങ്ങളുടെ കനല്‍ ഉള്ളിടത്തോളം കാലം ജാസ്മിന്‍ എന്ന പെണ്‍കുട്ടി ഈ സമൂഹത്തില്‍ ജ്വലിച്ചു തന്നെ നില്‍ക്കും. ബിഗ് ബോസ് എന്നത് പേഴ്സനാലിറ്റി ഷോ ആണെങ്കില്‍ ഒരു മനുഷ്യായുസ്സില്‍ ഉണ്ടാവുന്ന എല്ലാ ഇമോഷനിലൂടെയും ഈ മൂന്നു മാസം കൊണ്ട് കടന്നുപോയി പലവട്ടം വീണുടഞ്ഞിട്ടും വീണ്ടും കരുത്തോടെ എഴുന്നേറ്റ് തല ഉയര്‍ത്തി നില്‍ക്കുന്ന ജാസ്മിന്‍ തന്നെയാണ് എന്റെ വിജയി.
ഷോയുടെ കപ്പ് കിട്ടിയാലും ഇല്ലെങ്കിലും വാര്‍പ്പു മാതൃകകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളെ തളച്ചിടാന്‍ ശ്രമിക്കുന്ന പൊതുബോധത്തിന്റെ ശവക്കൂനയ്ക്ക് മുകളില്‍ ഒരു കസേര വലിച്ചിട്ട് ഇരിക്കാന്‍ സാധിച്ചു എന്നതില്‍ ജാസ്മിന്‍, നിനക്കഭിമാനിക്കാം.


Click it and Unblock the Notifications