'പലരും നീ നശിച്ചുപോകുമെന്ന് പറയും, അപ്പോൾ വീടിന് പിന്നിലെ ഷെഡിനെ കുറിച്ച് ഞാൻ ആലോചിക്കും': വീഡിയോയുമായി അഖിൽ
ഓരോ ബിഗ് ബോസ് സീസൺ അവസാനിക്കുമ്പോഴും പുതിയ താരങ്ങൾ ഉയർന്നുവരാറുണ്ട്. അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ വലിയ താരപരിവേഷം ലഭിച്ചയാളാണ് അഖിൽ മാരാർ. സംവിധായകനായ അഖിൽ മാരാർ ബിഗ് ബോസിൽ എത്തിയതോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കടക്കം സുപരിചിതനായി മാറുന്നത്.
സോഷ്യൽ മീഡിയയിലെ വിവാദ പ്രസ്താവനകളിലൂടെയൊക്കെ നിരവധി ഹേറ്റേഴ്സിനെ സ്വന്തമാക്കിക്കൊണ്ടായിരുന്നു അഖിൽ മാരാരുടെ ബിഗ് ബോസ് പ്രവേശനം. എന്നാൽ തന്റെ വിമർശകരെ പോലും ആരാധകരാക്കി, വിജയകിരീടവുമായാണ് അഖിൽ പുറത്തെത്തിയത്. വമ്പൻ സ്വീകരണമാണ് നാട്ടിൽ എത്തിയ ശേഷം അഖിലിന് ലഭിച്ചത്. കരിയറിലടക്കം നിരവധി അവസരങ്ങളും അഖിലിന് വന്നു ചേർന്നു.

ഇപ്പോഴിതാ പോയ വർഷത്തെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഖിൽ മാരാർ. മാരാർ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് 2023നെ കുറിച്ച് അഖിൽ സംസാരിച്ചത്. തന്റെ അമ്മയുടെയും അമ്മുമ്മയുടെയും ഒപ്പമായിരുന്നു അഖിലിന്റെ വീഡിയോ.
"ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്. ഡിസംബർ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി ഒന്നിന് എന്റെ ഒൻപതാം വിവാഹ വാർഷികമാണ്. സാമ്പത്തികമായ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, ഞാനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്.
അതുകൊണ്ട് തന്നെ 'നോ' ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച് പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച് ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്", അഖിൽ മാരാർ പറയുന്നു.

ശേഷം തന്റെ അമ്മ അമ്മിണിയോടും അമ്മുമ്മയോടും 2023ലെ വിശേഷങ്ങൾ അഖിൽ മാരാർ ചോദിക്കുന്നുണ്ട്. തൊഴിലുറപ്പ് അടുത്ത വർഷം നിർത്തുമോ എന്ന ചോദ്യത്തിന്, "ഒരിക്കലും ഇല്ല. എന്റെ മകൻ ഏത് നിലയിൽ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകും. ഇന്നലെ വരെ ഞങ്ങൾ എങ്ങനെ ആണോ ജീവിച്ചത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും.
2023 സന്തോഷം നിറഞ്ഞൊരു വർഷം ആയിരുന്നു. മോൻ ബിഗ് ബോസിൽ നിന്നും വിജയിച്ചു. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനും അവനുണ്ടായിരുന്നു. മറക്കാൻ പറ്റാത്തൊരു വർഷം തന്നെയാണിത്", എന്നും അഖിൽ മാരാരുടെ അമ്മ അമ്മിണി പറഞ്ഞു. കാലൊടിഞ്ഞത് ഒഴിച്ചാൽ 2023 നല്ല വർഷമാണ് എന്നാണ് മാരാരുടെ അമ്മുമ്മ പറഞ്ഞത്. കൊച്ചുമകന് ഒരുപാട് ആരാധകരെ കിട്ടിയതൊക്കെ താൻ അറിഞ്ഞുവെന്നും അമ്മുമ്മ വീഡിയോയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications











