ചേച്ചിയെ അംഗീകരിക്കാൻ കഴിയുന്നയാളെ മാത്രമേ വിവാഹം ചെയ്യൂ, മോളെ പോലെയാണ് ഞാൻ കൊണ്ടുനടക്കുന്നത്: അനു ജോസഫ്
കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അനു ജോസഫ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ സജീവമാണെങ്കിലും കാര്യം നിസാരം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിൽ മത്സരാർഥിയായും അനു എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് അനു ജോസഫ്. സ്വന്തമായൊരു യൂട്യൂബ് ചാനലും അനുവിന് ഉണ്ട്.
തന്റെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യാത്രാനുഭവങ്ങളും അഭിമുഖങ്ങളുമൊക്കെ അനു ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് സത്യത്തിൽ ആരാധകർ അനുവിനെ അടുത്തറിഞ്ഞ് തുടങ്ങിയത്. എങ്കിലും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അധികം കാര്യങ്ങൾ അങ്ങനെ പറയാറില്ല. എന്നാൽ ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹമടക്കമുള്ള കാര്യങ്ങളെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് അനു ജോസഫ്.

പ്രായം നാല്പത്തിനടുത്ത് എത്തിയെങ്കിലും അവിവാഹിതയായി തുടരുകയാണ് അനു ജോസഫ്. നടിയുടെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളൊക്കെ ആരാധകരിൽ നിന്നും ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് താൻ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് അനു വ്യക്തമാക്കിയത്. അനാവശ്യമായി ഒരു ടെന്‍ഷന്‍ തലയിലെടുത്ത് വയ്ക്കാൻ താല്പര്യമില്ല എന്നായിരുന്നു അനുവിന്റെ ഒറ്റവാക്കിലുള്ള മറുപടി.
അനുവിന് ഒരു ചേച്ചിയുണ്ട്. വയ്യാത്ത ചേച്ചിയ്ക്ക് വേണ്ടിയാണ് അനു ജീവിക്കുന്നത്. ചേച്ചിയാണെങ്കിലും അവൾക്ക് താനൊരു അമ്മയാണെന്നാണ് അനു പറയുന്നത്. അതുപോലെയാണ് അവളെ പരിഗണിക്കുന്നത്, തന്നെക്കാൾ മൂത്തത് ആണെങ്കിലും കൊച്ചേ എന്നാണ് വിളിക്കുന്നതെന്നും അനു ജോസഫ് പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാകണമെങ്കില്‍, തന്നെ പോലെ തന്റെ കുടുംബത്തെയും അംഗീകരിക്കാന്‍ കഴിയുന്ന ആളായിരിക്കണമെന്നും വൈറ്റ്സ്വാൻ ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അനു പറഞ്ഞു.
'മകളെ പോലെയാണ് ഞാന്‍ അവളെ കൊണ്ടു നടക്കുന്നത്. ഞാൻ ചോറ് വാരികൊടുക്കുന്നതൊക്കെ അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ വിവാഹം ചെയ്യുന്ന ആള്‍ക്ക് അവളെ അംഗീകരിക്കാന്‍ കഴിയണം. അവളെ പൂര്‍ണമായും മനസ്സിലാക്കുന്ന ഒരാള്‍ വന്നാല്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാം,'

പല ആലോചനകള്‍ വന്നപ്പോഴും, അവളെ അംഗീകരിക്കാത്തതായി എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാണ് അനാവശ്യമായി ഒരു ടെന്‍ഷന്‍ എടുത്ത് തലയില്‍ വയ്ക്കുന്നത്. മനസ്സമാധാനമാണ് പ്രധാനം. അവളെ ഒരു ബാധ്യതയായി കാണുന്ന ആളെ വിവാഹം ചെയ്യാന്‍ പറ്റില്ല,' അനു ജോസഫ് വ്യക്തമാക്കി.
'എന്റെ ചേച്ചിയുടെ അവസ്ഥയെ കുറിച്ചൊന്നും ഞാൻ ആരോടും പറയാൻ നിന്നിട്ടില്ല. അയ്യോ സുഖമില്ലാത്ത ചേച്ചിയുണ്ടോ എന്നൊക്കെ ചോദിച്ച് ആളുകള്‍ സഹതാപത്തോടെ വരുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. എപ്പോഴും ആളുകളുടെ മുന്നില്‍ ചിരിച്ച മുഖത്തോടെ നില്‍ക്കാനാണ് എനിക്കിഷ്ടം. ജീവിതത്തിലെ പല ക്രൈസസും അതിജീവിച്ചു വന്നതാണ് ഞാന്‍. ഏതൊരു സാഹചര്യത്തെയും അതിജീവിച്ചുവരാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്,' അനു ജോസഫ് പറഞ്ഞു.
അടുത്തിടെ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ അനു സഹോദരിയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ''എനിക്കൊരു സഹോദരിയുണ്ട്, സൗമ്യ. ഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. അവള്‍ക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല. ജനിച്ചപ്പോഴേ അങ്ങനെയാണ്. പക്ഷെ ആ കണ്ടീഷനിലും അവള്‍ ആരോഗ്യവതിയാണ്. പത്തിരുപത് ദവിസം കാണാതാവുമ്പോള്‍ എന്റെ ഫോട്ടോ നോക്കിയിട്ട് പറയും, ഞാന്‍ അവളുടേതാണെന്ന്," എന്നാണ് അനു പറഞ്ഞത്. കുറച്ചു നാളുകൾക്ക് മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ സഹോദരിയെ അനു പരിചയപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











