ഞാനും ഭാര്യയും സാധാരണ ജീവിതം നയിക്കുന്നവർ; എന്റെ കുഞ്ഞുങ്ങൾ ഞാൻ വളർന്ന പോലെ വളരണമെന്നാണ് ആഗ്രഹം: അപർണ മൾബറി
ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അപർണ മൾബറി. മലയാളം പറഞ്ഞ് ഞെട്ടിക്കുന്ന വിദേശ വനിതയായിട്ടാണ് അപര്‍ണ മള്‍ബറി ആദ്യം ശ്രദ്ധനേടുന്നത്. വളരെ മനോഹരമായി മലയാളം സംസാരിക്കുന്ന അപർണയുടെ വീഡിയോകൾ വൈറലായി മാറിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും ഓൺലൈൻ ഇംഗ്ലീഷ് അധ്യാപകയുമൊക്കെയായി മാറിയ അപർണ ഒരുപാട് ആരാധകരെ സ്വന്തമാക്കി.
അതിനു ശേഷമാണ് ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥിയായി അപർണ എത്തുന്നത്. തുടർന്നാണ് അപർണയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. മുൻപ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് മാത്രം അറിയുമായിരുന്ന താരം മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായി. താനൊരു ലെസ്ബിയനാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള അപര്‍ണ പങ്കാളി അമൃതശ്രീയെ കുറിച്ച് തുറന്ന് സംസാരിച്ചത് ബിഗ് ബോസില്‍ എത്തിയ ശേഷമാണ്. അന്നത് ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ കേരളത്തിലെ ജീവിതത്തെ കുറിച്ചും പങ്കാളിക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചൊക്കെ സംസാരിക്കുകയാണ് അപർണ. ധന്യ വർമയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അപർണ മൾബറി വിശേഷങ്ങൾ പങ്കുവച്ചത്. തൻ തനി മലയാളി തന്നെയാണെന്നാണ് അപർണ പറയുന്നത്.
'പതിനഞ്ചു വയസ്സായ ശേഷമാണ് ഞാൻ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സിൽ ഞാനൊരു പ്യുവർ മലയാളിയാണ്. അമൃതാനന്ദമയി അമ്മയുടെ ആശ്രമത്തിലാണ് ഞാൻ വളർന്നത്. അതൊരു വ്യത്യസ്ത തരത്തിലുള്ള കമ്മ്യൂണിറ്റി ആണ്. ഈ ലോകത്തിന്റെ പല ഇടങ്ങളിൽ നിന്നുമുള്ള ആളുകളെ നമുക്ക് അവിടെ കാണാം. പക്ഷേ എല്ലാവർക്കും ഒരു ലക്ഷ്യമുണ്ട്. ഞാൻ ആരാണ്, ഈ ലോകത്തിന് എന്ത് തിരികെ കൊടുക്കാം എന്ന ലക്ഷ്യം വച്ചാണ് ആളുകൾ അവിടെ ജീവിക്കുന്നത്', അപർണ പറയുന്നു.
'യുഎസ്സിൽ നിന്നും തിരികെ കേരളത്തിലേക്ക് വരണമെന്ന് എനിക്ക് ഇല്ലായിരുന്നു. കോളേജ് ഡിഗ്രി എടുത്തത്തിന് ശേഷമാണ് ഞാൻ ഫ്രാൻസിലേക്ക് മാറിയത്, അവിടെ പാർട്ണറിനൊപ്പമായിരുന്നു ജീവിതം. ഓൺലൈൻ വഴിയാണ് ഞാൻ ടീച്ചിങ് നടത്തിയിരുന്നത്. അതിനിടെയാണ് കേരളത്തിൽ നിന്നും ടീച്ചറായി വരാമോ എന്ന വിളി വരുന്നത്. എനിക്ക് എന്റെ വീട്ടിലേക്ക് തിരിച്ചുവരാൻ യൂണിവേഴ്‌സ് നൽകുന്ന വിളി ആയാണ് ഞാൻ അതിനെ കണ്ടത്. രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. കേരളത്തിലേക്ക് എത്തിയ ശേഷമാണു ബിഗ് ബോസിലേക്ക് വിളി വരുന്നത്', അപർണ വ്യക്തമാക്കി.
'ഞാൻ ആരാണ് എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യം തന്റെ ജീവിതത്തിലെ ഒരു തീമാണ്. ഞാൻ ഇന്നയിടത്തെ ആളാണ് എന്ന തോന്നൽ എനിക്കില്ല. ആദ്യം യൂഎസിലേക്ക് മാറിയപ്പോൾ അഡ്ജസ്റ്റുചെയ്യാൻ ഒരുപാട് കഷ്ടമായിരുന്നു. ഇതെനിക്ക് വീടാണെങ്കിലും ഞാൻ ഇവിടെയും ഉൾപ്പെടുന്ന ആളാണെന്ന് എനിക്ക് തോന്നുന്നില്ല', അപർണ പറയുന്നു.
ഫ്രാൻസിലേക്ക് ഞാൻ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ്. അവൾ ഒരു കാർഡിയോളജിസ്റ്റ് ആണ്. ഞാൻ കൂടെ ഉണ്ടാകേണ്ടതുണ്ട്. ഞാനും അമൃതശ്രീയും സിംപിൾ ലൈഫിലൂടെ പോകുന്നവരാണ്, നമ്മൾ ഫുൾ ഫാമിലി ഓറിയന്റഡ് ആയ ആളുകളാണ്. ലൈഫിൽ അധികം ഫോഴ്‌സ് കൊടുക്കാത്ത ആളാണ് താനെന്നും, എന്തെങ്കിലും ഒരു അവസരം വന്നാൽ തനിക്ക് പറ്റിയ സാധനമാണോ എന്നൊക്കെ നോക്കിയ ശേഷമാണു അതിന്റെ ഒപ്പം പോവുകയെന്നും അപർണ പറയുന്നു.

'ഇവിടെ നിന്ന് ഞാൻ ഇനി തിരികെ പോകുമോ എന്ന് എനിക്ക് അറിയില്ല, ഇവിടെ നിന്നാകുമോ എനിക്ക് കുഞ്ഞുങ്ങളെ കിട്ടുക? എന്റെ കുട്ടികളെ ഇവിടെയാകുമോ ഞാൻ വളർത്തുക. എത്ര വർഷം ഇവിടെ ഉണ്ടാകും? അതൊന്നും എനിക്ക് അറിയില്ല. ഒരു ഒഴുക്കിന് അനുസരിച്ചു നീങ്ങുകയാണ്. എന്റെ കുഞ്ഞുങ്ങൾ ഞാൻ വളർന്ന പോലെ വളരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം അത്രയും മനോഹരമായ കുട്ടിക്കാലമായിരുന്നു അത്', അപർണ പറഞ്ഞു.
താനും അമൃതശ്രീയും ബന്ധം തുടങ്ങിയിട്ട് എട്ടുവർഷമായെന്നും തന്റെ ഏറ്റവും വലിയ ഫാനും തന്നെ പിന്തുണയ്ക്കുന്ന ആളും അമൃതയാണെന്നും അപർണ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications