'ഞാൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചയാളല്ല; ആ ലേബൽ എപ്പോഴും ഉണ്ടാകും'; സെറീന പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ താരമായി മാറിയ ഒരാളാണ് സെറീന ആൻ ജോൺസൺ. അവസാന ആഴ്ചവരെ ഷോയിൽ തുടർന്ന മത്സരാർത്ഥികളിൽ ഒരാളാണ് സെറീന. 2022ൽ നടന്ന മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തിൽ നിന്ന് ലഭിച്ച ജനശ്രദ്ധയാണ് സെറീനയെ ബിഗ് ബോസിലേക്ക് എത്തിച്ചത്. യുഎഇയിൽ നിന്ന് ബിഗ് ബോസ് മലയാളത്തിലെത്തിയ ആദ്യത്തെ മത്സരാർത്ഥി കൂടി ആയിരുന്നു താരം.
ബിഗ് ബോസ് മലയാളം സീസൺ 5ൽ ഏറ്റവും കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഒരു മത്സരാർത്ഥിയാണ് സെറീന. സെറീന ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ഈ സൗഹൃദങ്ങളുടെയും അതിലുണ്ടായ പ്രശ്നങ്ങളുടെയും പേരിലാണ്. റെനീഷ റഹ്മാൻ ആയിരുന്നു സെറീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. നിരവധി ആരാധകരാണ് ഇവരുടെ കോംബോയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഷോയുടെ അവസാനം ഇവർക്കിടയിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നതാണ് പ്രേക്ഷകർ കണ്ടത്.

അതിനിടെ റെനീഷയുടെ സഹോദരൻ ദുബായ് ചോക്ലേറ്റ് എന്നൊരു പേരും സെറീനയ്ക്ക് നൽകി. ഷോ കഴിഞ്ഞശേഷം സെറീനയും റെനീഷയും പിണക്കങ്ങൾ മറന്ന് ഒന്നായെങ്കിലും ഇപ്പോഴും പലരും അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് സെറീന പറയുന്നത്. ദുബായ് ചോക്ലേറ്റ് എന്ന പേര് തന്നെ ഇപ്പോഴും ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും സെറീന പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'എവിടെ പോയാലും ആദ്യം കേൾക്കുന്ന ദുബായ് ചോക്ലേറ്റ് എത്തിയല്ലോ എന്നാണ്. അത്രയും ദിവസം ആ ഷോയിൽ നിന്നിട്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഹൈപ്പ് ആ പേരിലാണ്. ഇപ്പോൾ ഞാനും റെനീഷയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. ഞങ്ങൾ ഹാപ്പി ആണെങ്കിലും ആളുകൾ അത് അങ്ങനെ അംഗീകരിക്കുന്നില്ല. കാരണം നമ്മൾ ദുബായിൽ നിന്നാണ്, സ്വർണക്കരണ്ടിയുമായി ജനിച്ചയാളാണ്, അഹങ്കാരിയാണ് എന്നൊക്കെയുള്ള ടാഗുകളിലൂടെയാണ് നമ്മളെ കാണുന്നത്. അത് അവർ മാറ്റില്ല, എൻആർഐ കിഡ് എന്ന ലേബൽ എപ്പോഴും ഉണ്ടാകും', സെറീന പറഞ്ഞു.
ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും സെറീന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 'എന്റെ പപ്പയുടെയും അമ്മയുടെയും ഏകമകളാണ് ഞാൻ. ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് ജോലി റിസൈൻ ചെയ്ത് പപ്പയ്ക്ക് നാട്ടിൽ പോകേണ്ടി വരുന്നത്. അപ്പുപ്പൻ കിടപ്പിലായപ്പോഴാണ് അത്. അതിനു ശേഷമാണ് എന്റെ ജീവിതം മാറുന്നത്. ഞാനും അമ്മയും മാത്രമായി. ഞാൻ കൗമാരത്തിലേക്ക് കടന്ന സമയമാണ്. എനിക്ക് അച്ഛനും അമ്മയുമെല്ലാം ഒപ്പം വേണ്ട ഘട്ടം',

'പക്ഷെ അങ്ങനെ ആയിരുന്നില്ല. സ്‌കൂളിൽ എനിക്ക് ഒരുപാട് ബുള്ളിയിങ്ങും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്. ബോർഡ് എക്സാം സമയത്ത് ഒന്നും എനിക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലായിരുന്നു. തുടർന്ന് ഞാൻ കൗസിലിംഗ് എടുത്തു, സൈക്യാട്രിസ്റ്റിനെ കണ്ടു. ഒരുപാട് പ്രശ്നങ്ങൾ വേറെയും ഉണ്ടായിരുന്നു. പിടിഎ മീറ്റിംഗിനൊന്നും പപ്പയെ കാണാതെ വന്നതോടെ പപ്പയും മമ്മയും പിരിഞ്ഞോ എന്ന് ഒരുപാട് പേർ ചോദിച്ചു, അന്നത്തെ സെറീനയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു',
'അതിനു ശേഷം ഞങ്ങൾക്ക് വീട് മാറേണ്ടി വന്നു. ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ ഒരു ട്വൽത്തിൽ ആയപ്പോൾ തന്നെ ജോലിക്ക് പോകണം എന്ന ചിന്തയൊക്കെ എനിക്ക് വന്നുതുടങ്ങി. പതിനേഴ് വയസ്സ് ആയപ്പോൾ അങ്ങനെ ഞാൻ ജോലി ചെയ്‌ത് തുടങ്ങി. ആദ്യമായി സാലറി കിട്ടിയപ്പോൾ ജോലിയുടെ പവർ എനിക്ക് മനസിലായി. പിന്നീട് ഞാൻ ജോലി ചെയ്യാൻ തുടർന്നു. ഞാൻ ഒരു സെല്ഫ് മേഡ് പേഴ്സണാണ്. ഇപ്പോഴും ഞാൻ സ്ട്രഗിൾ ചെയ്യുകയാണ്. എനിക്കൊരു ലക്ഷ്യമുണ്ട്, ഞാൻ അതിലേക്ക് പോയികൊണ്ടിരിക്കുകയാണ് പതിയെ ആണെങ്കിലും ഞാൻ അവിടെ എത്തുമെന്ന് എനിക്ക് അറിയാം', സെറീന പറഞ്ഞു.


Click it and Unblock the Notifications