കൃപാസനത്തിൽ പോയി കള്ളസാക്ഷ്യം പറയേണ്ട കാര്യം എനിക്കില്ല; അമ്മയുടെ സർജറിക്ക് കരഞ്ഞു പ്രാർത്ഥിച്ചതാണ്: ധന്യ
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായ നടിയാണ് ധന്യ മേരി വർഗീസ്. സീരിയലിലും സിനിമകളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള താരത്തെ പ്രേക്ഷകർക്ക് കൂടുതൽ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. കുടുംബ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരെ സമ്പാദിക്കാൻ ധന്യക്ക് കഴിഞ്ഞിരുന്നു.
ബിഗ് ബോസിന് ശേഷം അധികം അഭിമുഖങ്ങളിലോ ഒന്നും ധന്യ എത്തിയിരുന്നില്ല. എന്നാൽ അതിനിടെ താരം സോഷ്യൽമീഡിയ വഴി വലിയ രീതിയിലുള്ള പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇരയായിരുന്നു. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതോടെയാണ് താരത്തിന് എതിരെ ട്രോളുകൾ വന്നത്.

കൃപാസനം സ്ഥാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾ വരുന്ന സമയത്ത് തന്നെയാണ് ധന്യയുടെ വീഡിയോയും വൈറലായത്. കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞത് എന്നതായിരുന്നു പ്രധാന വിമർശനം. ധന്യയുടെ സാക്ഷ്യം പറച്ചിലിൽ ദിവസം ഒക്കെ മാറിപോയിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്റെ സാക്ഷ്യം പറച്ചിലിനേയും വിശ്വാസത്തേയും പരിഹസിച്ചവർക്കുള്ള മറുപടിയുമായി ധന്യ എത്തിയിരുന്നു.
ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലും ധന്യ അതേകുറിച്ച് സംസാരിക്കുകയാണ്. ട്രോളുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചു എന്നാണ് ധന്യ പറയുന്നത്. ധന്യയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'സാക്ഷ്യം പറഞ്ഞപ്പോൾ ഡേറ്റ് മാറി പോയത് ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇവർ അത് എടുത്ത് യൂട്യൂബിൽ ഇടുമെന്നോ ലക്ഷ കണക്കിന് ആളുകൾ അത് കാണുമെന്നോ നമ്മളെ ട്രോളാൻ ആളുകൾ വരുമെന്നോ നമ്മൾ പ്രതീക്ഷിക്കുന്നില്ല. ഡേറ്റ് തെറ്റിയെന്ന് ഉള്ളത് ഞാൻ അങ്ങനെ അങ്ങ് വിട്ടിരുന്നു. പിന്നീട് ട്രോളുകൾ വന്നപ്പോഴാണ് ഡേറ്റല്ല ഞാൻ പോയതാണ് പ്രശ്‌നമെന്ന് അറിയുന്നത്,'
'കൃപാസനം പോലോരിടത് ഞാൻ പൈസ വാങ്ങി ചെയ്യേണ്ട കാര്യമൊന്നുമല്ല. ഞാൻ ഒരു വിശ്വാസി ആണെന്നത് എല്ലാവർക്കും അറിയുന്നതാണ്. വിശ്വാസികൾ ആരും അത് ചെയ്യില്ല. അത് നമ്മുടെ വിശ്വാസത്തെ ബാധിക്കുന്നതാണ്. അപ്പോൾ അങ്ങനെ പറഞ്ഞപ്പോൾ അത് ഫീലായി,'
'ഞാൻ അപ്പോഴാണ് കൃപാസനത്തെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങൾ കേൾക്കുന്നത്. ഞങ്ങൾ അതിനു ശേഷം യൂട്യൂബിലൂടെ അതിന് റിപ്ലെ ഒക്കെ കൊടുത്തു. അത് സംഭവിച്ച കാര്യമാണ് എന്നൊക്കെ പറഞ്ഞു. പക്ഷെ അപ്പോൾ ഞങ്ങൾ അതിന്റെ വർഷം പറഞ്ഞിരുന്നില്ല. 2020 യിലാണ് അത്. അപ്പോഴാണ് അമ്മയ്ക്ക് കാൻസർ വരുന്നത്,'
'ശരിക്കും അമ്മയുടെ ആവശ്യത്തിന് പോയതല്ല. ഉടമ്പടി എടുക്കുക എന്നാണ് പറയുക. നമ്മൾ അവിടെ പോയി നമ്മുടെ ആവശ്യങ്ങൾ വെച്ചിട്ട് പ്രാര്ഥിക്കുകയായിരുന്നു. എനിക്ക് രണ്ടു മൂന്ന് ആവശ്യങ്ങൾ ഉണ്ടായിരുന്നു അതിൽ മെയിൻ ആവശ്യം സഹോദരന്റെ വിവാഹം ആയിരുന്നു. അങ്ങനെ പ്രാർത്ഥിക്കാൻ പോയപ്പോഴാണ് അമ്മയുടെ അസുഖമൊക്കെ കണ്ടുപിടിക്കുന്നത്,'
'എനിക്ക് എല്ലാ തിങ്കളാഴ്ചയും അവിടെ പോയി പ്രാർത്ഥിക്കണമായിരുന്നു. അങ്ങനെ ഒരു തിങ്കളാഴ്ച ആയിരുന്നു അമ്മയുടെ സർജറി. ഞാൻ അവിടെ പോയിട്ട് കരഞ്ഞു പ്രാർത്ഥിച്ചു. എത്ര ബക്കറ്റ് കണ്ണീർ എടുക്കാമെന്ന് അറിയില്ലെന്ന് പറയില്ലേ. അതുപോലെ,'

'ഇങ്ങനെ ഒരു അസുഖം വന്ന് കഴിയുമ്പോൾ പിന്നെ ടെൻഷൻ ആയിരിക്കും. നമുക്ക് എല്ലാ ദൈവത്തെയും വിളിക്കാൻ തോന്നും. വിശ്വാസമൊക്കെ കൂടി. അന്ന് ഞാൻ പ്രാർത്ഥിക്കാൻ പോയപ്പോൾ കുറെ വാഹനങ്ങളിൽ ഒക്കെ മുട്ടിയും ഉരസിയും ഒക്കെയാണ് പോയത്,'
'അങ്ങനെ ഒക്കെ പോയ ഒരാൾ ഇതൊക്കെ നുണയാണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഫീലുണ്ടാകുമല്ലോ അത് എനിക്ക് വിശദീകരിക്കാനോ അഭിനയിക്കാനോ കഴിയാത്തതിന്റെ കുഴപ്പമുണ്ട്. പിന്നെ അത് പറയുമ്പോൾ അതൊക്കെ എന്റെ ഉള്ളിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് ഫലിപ്പിക്കാൻ ഒന്നും എനിക്ക് അറിയില്ല. എനിക്ക് സംഭവിച്ച കാര്യങ്ങളാണ് ഇത്. അത് അന്ന് ഒരുപാട് വേദനിപ്പിച്ചു.,' ധന്യ പറഞ്ഞു.
ഈ വിവാദം കൊണ്ട് തങ്ങളുടെ യൂട്യൂബ് ചാനലിന് കുറെ റീച്ചുണ്ടായി എന്നാണ് ജോൺ പറഞ്ഞത്. ഡാൻസ് വീഡിയോക്ക് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം വ്യൂസ് അതിന് ശേഷം വന്നെന്ന് താരം പറയുന്നുണ്ട്.


Click it and Unblock the Notifications











