അവന്‍ എന്റെ സമാധാനം തകര്‍ത്തു, ക്ഷമിക്കാന്‍ മനസില്ല; റോബിനെ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമായിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള നൂറ് ദിവസം കേരളത്തിലെങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് ആയിരിക്കും. സോഷ്യല്‍ മീഡിയ മുതല്‍ ചായക്കട വരെ ബിഗ് ബോസ് തന്നെയാകും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുക. അതേസമയം നാലാം സീസണിലെ അടി ഇപ്പോഴും തീര്‍ന്നിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
സീസണ്‍ കഴിഞ്ഞിട്ട് കൊല്ലം ഒന്നായിട്ടും ചില താരങ്ങള്‍ ഇപ്പോഴും വിവാദങ്ങളിലും വാര്‍ത്തകൡ നിറഞ്ഞു നില്‍ക്കുകയാണ്. പോയ സീസണിലെ താരങ്ങളായിരുന്ന ജാസ്മിനും റോബിനും തമ്മിലുള്ള പോര് പുറത്ത് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ റോബിനെതിരെ ഗുരുതര വെൡപ്പെടുത്തലുകളുമായി കൂടെയുണ്ടായിരുന്നവര്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ റോബിനെ തുടക്കം മുതല്‍ക്കെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ജാസ്മിനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാസ്മിന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഇത് നിര്‍ത്തിക്കൂടെ, കൊല്ലം ഒന്നായി ഇപ്പഴും ഇതിന്റെ പിന്നാലെ നടക്കാന്‍ നാണമില്ലേ എന്നൊക്കെ ഉള്ള ചോദ്യവുമായി വരുന്ന നല്ലവരായ ചില ഉണ്ണികളോട് എന്ന മുഖവുരയോടെയാണ് ജാസ്മിന്‍ കുറിപ്പ് ആരംഭിക്കുന്നത്. ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയും ജാസ്മിന്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ ജാസ്മിനോടായി റോബിന്‍ താന്‍ പ്രായത്തില്‍ മൂത്തതാണെന്നും ആ ബഹുമാനം തന്നോട് കാണിക്കണമെന്നും പറയുന്ന രംഗമാണുള്ളത്.
ആദ്യത്തെ തന്നെ പറയട്ടെ, നിങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് പോലെ പെരുമാറാത്തതില്‍ എനിക്ക് സങ്കടമില്ല. ഒരു നാര്‍സിസ്റ്റിനെതിരെ സംസാരിച്ചതിന് നേരിടേണ്ടി വന്ന ട്രോമയും മാനസിക സമ്മര്‍ദ്ദവുമൊക്കെ മറക്കാന്‍ മാത്രം വിശാലമായ ഹൃദയം ഇല്ലാത്തതിലും എനിക്ക് വിഷമമില്ല. അവനാരേയും കൊന്നിട്ടില്ല. പക്ഷെ തന്റെ ആളുകളെ കൊണ്ട് വൃത്തികേടുകള്‍ ചെയ്യിപ്പിച്ച് മറ്റുള്ളവര്‍ വേദനിക്കുന്നത് കണ്ട് പിന്നില്‍ നിന്ന് ചിരിക്കാനും സന്തോഷിക്കാനും തന്റെ ക്ലീന്‍ ഇമേജ് കാത്ത് സൂക്ഷിക്കാനും അവന്‍ എത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം.
അവന്‍ എന്റെ സമാധാനവും ആത്മാഭിമാനവും തകര്‍ക്കാന്‍ ശ്രമിച്ചു. നിങ്ങളില്‍ പലരും അത് കണ്ടുകാണില്ല, കാരണം നിങ്ങള്‍ക്കിത് 100 ദിവസത്തെ ഡ്രാമയായിരിക്കും. പക്ഷെ ഞങ്ങളും മനുഷ്യരാണ്. എല്ലാ തരം വികാരങ്ങളും ഞങ്ങള്‍ക്കുണ്ട്. ഞാനൊരു നുണയന് നേരെ ഒച്ചയിടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. തന്റെ പട്ടി ഷോയും അലറലും നാടകവും കാണിച്ച് എല്ലാത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ടോക്‌സിക് സൂപ്പിരിയോരിറ്റി കോംപ്ലെക്‌സുള്ളവന്റെ അടുത്ത് നില്‍ക്കാന്‍ പോലും സാധിക്കാത്ത എന്നെ കണ്ടിട്ടുണ്ടാകും.

അവന്‍ ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും എന്നിട്ട് എന്നെ ഡ്രാമാറ്റിക് എന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്തു. തനിക്ക് ഇഷ്ടമുള്ളത്, ഇഷ്ടമുള്ളപ്പോള്‍ മറ്റുള്ളവരോട് ചെയ്യാന്‍, അതും വേറെ ആളുകളുടെ തോളില്‍ ചാരി, അവന്‍ ശ്രമിക്കുമ്പോള്‍ ദേഷ്യം വന്നതില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല. പ്രിയപ്പെട്ട അന്തങ്ങളെ നിങ്ങളെ നിരാശപ്പെടുത്തിയതില്‍ എനിക്ക് വിഷമമുണ്ട്. നിങ്ങള്‍ കരുതിയത് പോലെ ഒരു ചോദ്യവും ചോദിക്കാതെ കടന്നു പോകാന്‍ എനിക്കായില്ല എന്നു പറഞ്ഞാണ് ജാസ്മിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പതിവ് പോലെ ജാസ്മിന്റെ വാക്കുകളെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ ആളുകള്‍ കമന്റിലെത്തിയിരുന്നു. ഇതിനിടെ ബിഗ് ബോസ് താരം ഡിംപലും ജാസ്മിന് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. അതേസമയം അവനോ ബോധമില്ല, നിങ്ങള്‍ക്കെങ്കിലും വിട്ടുകൂടേ, തുടക്കം മുതലേ റോബിനെ തള്ളിപ്പറഞ്ഞതില്‍ അഭിമാനിക്കുന്നു എന്നൊക്കെയാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. ജാസ്മിന്റെ കുറിപ്പിനോട് റോബിന്‍ പ്രതികരിക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്.


Click it and Unblock the Notifications