ദിൽഷ വിഷയം വിഷമിപ്പിച്ചില്ല, അന്നേ ഞാൻ റോബിനോട് പറഞ്ഞിരുന്നതാണ്! ഇപ്പോൾ സന്തോഷമായി: ലക്ഷ്മി പ്രിയ
ബിഗ് ബോസ് പ്രേക്ഷകർ കഴിഞ്ഞ കുറെ കാലമായി കാത്തിരുന്ന വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെയും പ്രണയിനി ആരതി പൊടിയുടെയും ഇന്ന് രാവിലെയാണ് കൊച്ചിയിൽ വെച്ച് നടന്നത്.
അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ. അത്യാഢംബര പൂർവമായ ചടങ്ങിൽ ബിഗ് ബോസ് താരങ്ങൾ അടക്കം എത്തിയിരുന്നു. റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ ശേഷം താരത്തെ സംബന്ധിച്ച് വന്ന ഏറ്റവും വലിയ വാർത്ത ആയിരുന്നു യുവ സംരഭകയായ ആരതി പൊടിയുമായുള്ള പ്രണയം.

ഒരു അഭിമുഖത്തിനിടെ കണ്ടു മുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അന്ന് മുതൽ ഇവരുടെ വിവാഹം സംബന്ധിച്ച് ആരാധകർ ചോദിച്ചിരുന്നു. പിന്നീട് ഇവർ തന്നെ ഈ വിവരങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങളുടെ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ മോതിരങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

ബിഗ് ബോസിൽ നിന്നെത്തിയ ശേഷം ശേഷം തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ആരതിയെന്നാണ് റോബിൻ പറഞ്ഞിട്ടുള്ളത്. റോബിൻ ബിഗ് ബോസിൽ വീട്ടിൽ ആയിരിക്കെ സഹമത്സരാര്ഥിയും സീസണിലെ വിജയിയുമായ ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ ശേഷം ഇവർ ചില പ്രശ്‍നങ്ങളെ തുടർന്ന് സൗഹൃദം പോലെ ഉപേക്ഷിക്കുകയായിരുന്നു.
അതിന് ശേഷമാണ് റോബിൻ ആരതി പൊടിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. അതേസമയം, ഈ സംഭവങ്ങളൊക്കെ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ബിഗ് ബോസിനുള്ളിൽ വെച്ച് റോബിൻ അടുത്ത ബന്ധം പുലർത്തിയ ആളായിരുന്നു ലക്ഷ്മി പ്രിയ. ഇപ്പോഴിതാ, നിശ്ചയത്തിനെത്തിയ ലക്ഷ്മി പ്രിയ റോബിൻ - ദിൽഷ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'ഭയങ്കര അഭിമാനവും സന്തോഷവും ആകാംഷയും എല്ലാമുണ്ട്. എന്റെ കുടുംബത്തിലെ തന്നെ ഒരു ചടങ്ങായിട്ടാണ് തോന്നുന്നു. എന്റെ കുഞ്ഞനിയന്റെ എൻഗേജ്‌മെന്റാണ്. ഒരു ചേച്ചിക്ക് എന്തൊക്കെ തോന്നുമോ ആ ഫീലിങ്‌സിലൂടെയെല്ലാം ഞാൻ കടന്നു പോകുന്നുണ്ട്. കല്യാണത്തിന് വേണ്ടി കാത്തിരിക്കുകയാണ്,'
'ബിഗ് ബോസിലെ ആരൊക്കെ വരും. ആരെയൊക്കെ റോബിൻ ക്ഷണിക്കുന്നുണ്ട് എന്നൊന്നും അറിയില്ല. ഞാൻ എന്തായാലും ആ ദിവസം ആസ്വദിക്കും. ഞാൻ ഉണ്ടാവും എന്തായാലും,' ലക്ഷ്മി പ്രിയ പറഞ്ഞു.

ബിഗ് ബോസിന് ശേഷം റോബിനും ദിൽഷയുമായിട്ടുള്ള പ്രശ്‌നങ്ങൾ വിഷമിപ്പിച്ചോ എന്ന ചോദ്യത്തിന് വിഷമം ഉണ്ടായിരുന്നില്ലെന്ന് ആയിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി. 'എനിക്ക് സത്യത്തിൽ വിഷമം ഉണ്ടായിരുന്നില്ല. ഞാൻ റോബിനോട് എപ്പോഴും പറയാറുണ്ടായിരുന്നു നിന്നെ മനസിലാക്കുന്ന നിന്നെ സ്നേഹിക്കുന്ന ആളാണ് വേണ്ടതെന്ന്,'
'റോബിൻ ആരെ തിരഞ്ഞെടുക്കുന്നോ അയാൾക്ക് റോബിനോടും ഇഷ്ടമുണ്ടായിരിക്കണം. അത്തരത്തിൽ സ്നേഹമുണ്ടെങ്കിൽ അല്ലേ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ പറ്റുകയുള്ളു. അതുകൊണ്ട് അതിൽ എനിക്ക് ഒരു സങ്കടവുമില്ല,'

'ബിഗ് ബോസിൽ ആയിരിക്കെ റോബിൻ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പുറത്തിറങ്ങിയിട്ട് രണ്ടുപേർക്കും താൽപര്യം ഉണ്ടെങ്കിൽ നോക്കാമെന്ന് മാത്രമേ ഞാൻ അന്ന് പറഞ്ഞിട്ടുള്ളു. ഇപ്പോൾ ഭയങ്കര സന്തോഷമായി,' ലക്ഷ്മി പ്രിയ പറഞ്ഞു.
അതേസമയം, ബിഗ് ബോസിന് ശേഷം ലക്ഷ്മി പ്രിയയെ കണ്ടിട്ടില്ലെന്ന് റോബിൻ നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിന് ചേച്ചിയെ എന്തായാലും വിളിക്കുമെന്നും പറ്റിയാൽ പോയി കാണുമെന്നും പറഞ്ഞിരുന്നു. ലക്ഷ്മി പ്രിയയെ കൂടാതെ ബ്ലെസ്ലി, അമൃത സുരേഷ് എന്നിവരും ചടങ്ങിന് എത്തിയിരുന്നു.


Click it and Unblock the Notifications