'നല്ലൊരു വീട് വേണം, എനിക്ക് പറ്റുന്ന ഒരാളെ കണ്ടെത്തണം, നല്ല സിനിമകൾ ചെയ്യണം'; സ്വപ്‌നങ്ങൾ പറഞ്ഞ് റിയാസ് സലിം
ബിഗ് ബോസിന് ശേഷം തനിക്കുള്ള ചെറിയ വലിയ സ്വപ്‌നങ്ങളെ കുറിച്ചും തന്റെ ഉമ്മയെയും ഉപ്പയെയും കുറിച്ചും സംസാരിക്കുകയാണ് റിയാസ് സലിം
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറിയതാണ് റിയാസ് സലിം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയിലെത്തിയ റിയാസ് ഷോയുടെ ഓളം തന്നെ മാറ്റിമറിക്കുകയായിരുന്നു. തന്റെ നിലപാടുകളിലേയും വാക്കുകളിലേയും വ്യക്തതയാണ് റിയാസിനെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും താരമാക്കി മാറ്റിയത്.
അതേസമയം, ബിഗ് ബോസ് വീടിനകത്തും അതിന് ശേഷം അഭിമുഖങ്ങളിലും തന്റെ കുടുംബത്തെ കുറിച്ച് റിയാസ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കൂടുതലും ഉമ്മയെ കുറിച്ചാണ് റിയാസ് സംസാരിച്ചിട്ടുള്ളത്.
ഇപ്പോഴിതാ, തന്റെ വാപ്പ തന്നെ ലാളിക്കുന്നതിനെ കുറിച്ചൊക്കെ പറയുകയാണ് റിയാസ്. തന്റെ സ്വപ്നങ്ങളെ കുറിച്ചും റിയാസ് സംസാരിക്കുന്നുണ്ട്. ധന്യ വർമയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിയാസ് സലിം. വിശദമായി വായിക്കാം.

'ഉമ്മയെയും വാപ്പയെയും താരതമ്യം ചെയ്യുകയാണെങ്കിൽ, ഉമ്മ എല്ലാത്തിനും പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ആളാണ്. പെട്ടെന്നു ദേഷ്യം വരും. പെട്ടെന്ന് ഇമോഷണലാകും. അതിന് ഞാൻ ഒരിക്കലും ഉമ്മാനെ കുറ്റം പറയില്ല. കാരണം ഉമ്മ കടന്നു വന്നത് എന്തിലൂടെയൊക്കെ ആണെന്ന് എനിക്ക് അറിയാം. ലൈഫിൽ ഒരുപാട് അനുഭവിക്കുന്ന മനുഷ്യർക്ക് അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടാവും. സ്നേഹമാണെങ്കിലും അതിന്റെ എക്സ്റ്റണ്ടിൽ കാണിക്കും,'
'അതേസമയം, എന്നെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നത് വാപ്പയാണ്. സപ്പോർട്ട് എന്ന് പറഞ്ഞാൽ, മോൻ അത് ശ്രദ്ധിക്കണം, ഇത് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് മനസിലാക്കി തരുന്ന പോലെ. ഉമ്മയാണെങ്കിൽ നേരെ തിരിച്ചാണ്, നീ എന്തിനാണ് അത് ചെയ്‌തെന്ന് എന്നായിരിക്കും ചോദിക്കുക. എന്നെ നല്ല രീതിയിൽ ടേക്ക് കെയർ ചെയ്യുന്നത് എന്റെ വാപ്പയാണ്. ഞാൻ വീട്ടിലായിരിക്കുമ്പോൾ എനിക്ക് ജ്യൂസൊക്കെ തരും. കുടിപ്പിച്ച് തരും,'
'എന്റെ തലയിൽ എണ്ണ തേച്ച് തരുന്നത് വാപ്പയാണ്. അങ്ങനെ എന്നെ ലാളിക്കുന്നതൊക്കെ വാപ്പയാണ്. സഹോദരി ഉണ്ട്. വിവാഹം കഴിഞ്ഞു. തല്ലും വഴക്കൊക്കെ ഞങ്ങൾ തമ്മിൽ ഉണ്ടാവാറുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ തല്ലും വഴക്കൊക്കെ ഉള്ളതാണ്. ബിഗ് ബോസ് കണ്ടവർക്ക് അറിയാം,' റിയാസ് പറഞ്ഞു.
തന്റെ സ്വപ്നങ്ങളെ കുറിച്ചും റിയാസ് സംസാരിക്കുന്നുണ്ട്. 'ചെറിയ സ്വപ്‌നങ്ങൾ മുതൽ വലിയ വലിയ സ്വപ്നങ്ങൾ വരെയുണ്ട്. എന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു ബിഗ് ബോസ് പോലൊരു റിയാലിറ്റി ടിവി ഷോയിൽ എത്തുക എന്നത്. അത് എന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അത് നടന്നു. ബിഗ് ബോസ് കാരണമാണ് ഞാൻ ഇപ്പോൾ ഈ അഭിമുഖം നൽകുന്നത്,'

'ഭാവിയിൽ എനിക്ക് സംഭവിക്കാൻ പോകുന്ന പലതും ബിഗ് ബോസ് കാരണമാവും. സിനിമയിൽ ഏറ്റവും നല്ല റോളുകൾ ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമാണ്. നല്ല കുറെ സിനിമയിൽ നല്ല കുറെ റോളുകൾ ചെയ്യണം. ഞാൻ മുൻപ് നൽകിയ അഭിമുഖങ്ങളിലും ഇത് പറഞ്ഞിരുന്നു. ഇതുവരെ അത് നടന്നില്ല. അങ്ങനെ എളുപ്പത്തിൽ നടക്കുന്നത് അല്ലെന്നും എനിക്ക് അറിയാം. ഞാൻ അതിനു വേണ്ടി ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. സ്വയം അതിനായി തയ്യാറെടുക്കുന്നുണ്ട്,'
'ജീവിതത്തിൽ ഉണ്ടായ പലതും പെട്ടെന്ന് ഉണ്ടായത് ആകാം, എന്നാലും അതിന് വേണ്ടി പ്രപഞ്ചം എന്നോടൊപ്പം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. എനിക്ക് ഇനിയും വലിയ റിയാലിറ്റി ടിവി സ്റ്റാറാകണം. അല്ലെങ്കിൽ ഒരു അവതാരകനാവണം. ഞാൻ ആഗ്രഹിക്കുന്നത് പോലത്തെ നല്ലൊരു വീട് വേണം. എനിക്ക് പറ്റുന്ന ഒരാളെ കണ്ടെത്തണം അതൊക്കെ എന്റെ സ്വപ്നങ്ങളാണ്,' എന്നും റിയാസ് സലിം പറഞ്ഞു.


Click it and Unblock the Notifications