ഷിയാസ് കരീം വിവാഹിതനാകുന്നു! വൈറലായി എന്‍ഗേജ്‌മെന്റ് ചിത്രം; പരിഭവം പറഞ്ഞ് ശ്രീനിയും ബഷിയും!
ബിഗ് ബോസിൽ പങ്കെടുത്തതോടെ ജീവിതം മാറിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടനും മോഡലുമായ ഷിയാസ് കരീം. മോഡലിംഗിലൂടെ മുൻപ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടർന്നാണ് സിനിമയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നത്. ഇന്ന് സ്റ്റാർ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്. ഫിറ്റ്നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഷിയാസ്. വിവാഹിതനാകാൻ ഒരുങ്ങുകയാണ് താരം. ഡോക്ടറായ രഹനയാണ് വധു. ഷിയാസിനെ ടാഗ് ചെയ്ത് വധു രഹന പങ്കുവച്ച ചിത്രങ്ങളിൽ നിന്നാണ് ഷിയാസിന്റെ വിവാഹനിശ്ചയ വാർത്ത എല്ലാവരും അറിഞ്ഞത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു ചടങ്ങ് എന്നാണ് വിവരം.

എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം എന്ന ക്യാപ്ഷനോടെയാണ് രഹന ചിത്രം പങ്കുവച്ചത്. അതീവ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചിരിച്ച് നില്‍ക്കുന്ന ഷിയാസിനെ ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ഷിയാസിനും രഹനയ്ക്കും ആശംസകള്‍ നേർന്ന് എത്തുന്നത്. വിവാഹ നിശ്ചയം അറിയിക്കാത്തതിന്റെ വിഷമം പങ്കുവച്ചും നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്.
നടി അന്‍സിബ ഹസനാണ് ആദ്യം ആശംസ അറിയിച്ചെത്തിയത്. മോനെ കണ്‍ഗ്രാറ്റ്‌സ്, എന്നാലും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ശ്രിനിഷ് അരവിന്ദിന്റെ കമന്റ്. പേളി മാണിയും ആശംസകൾ അറിയിച്ചു. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇവർ. പേളി-ശ്രീനിഷ് പ്രണയത്തിനും വിവാഹത്തിനും ചുക്കാൻ പിടിച്ചത് ഷിയാസ് ആയിരുന്നു. ബ്രോ കണ്‍ഗ്രാറ്റ്‌സ് എന്നാലും അറിയിക്കാമായിരുന്നു എന്നാണ് ബിഗ് ബോസിലെ മറ്റൊരു സഹമത്സരാർഥിയായ ബഷീര്‍ ബഷി കമന്റ് ചെയ്തത്.
ലിന്റു റോണി, ആലീസ് ക്രിസ്റ്റി, ശ്രീവിദ്യ മുല്ലച്ചേരി, അനുമോള്‍, റോഷന്‍, സാധിക തുടങ്ങിയ താരങ്ങളും ഷിയാസിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. ഷിയാസിന്റെ സഹോദരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതമെന്നാണ് സഹോദരൻ നിബാസ് കരീം കുറിച്ചത്. ഞങ്ങളുടെ ചെറിയ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സിസ്റ്റര്‍ ഇന്‍ ലോ അല്ല എന്റെ സഹോദരിയായാണ് ഞാന്‍ നിങ്ങളെ കാണുന്നതെന്നായിരുന്നു ഷിയാസിന്റെ സഹോദരി നാത്തൂനോട് പറഞ്ഞത്.
കല്യാണമാണോ അതോ എന്‍ഗേജ്‌മെന്റോ, ഇതെപ്പോഴാണ് സംഭവിച്ചത് എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍. സെലിബ്രിറ്റികള്‍ക്ക് പുറമെ ആരാധകരും ഒന്നും അറിയിക്കാത്തതിലുള്ള പരിഭവം കമന്റുകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഷിയാസ് ഒരു വീട് പണിതത്. അന്ന് നൽകിയ അഭിമുഖത്തിൽ ഷിയാസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് ഉമ്മ പറഞ്ഞിരുന്നു. വീട് വച്ചതിന്റെ ബാധ്യതകൾ ഉണ്ട്. അത് ഒന്ന് ഒതുക്കിയ ശേഷം വിവാഹമുണ്ടാകും എന്നാണ് ഉമ്മ പറഞ്ഞത്.

അതേസമയം, ഷിയാസിനെതിരായ പീഡന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹനിശ്ചയത്തിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി ചന്തേര പോലീസ് സ്റ്റേഷനിൽ ഷിയാസിനെതിരെ പരാതി നൽകിയത്. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതിയാണ് പരാതിക്കാരി.
ജിമ്മിൽ വച്ച് പരിചയപ്പെട്ട നടൻ പീന്നീട് വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 11 ലക്ഷം രൂപയിലധികം നടൻ യുവതിയിൽനിന്നു വാങ്ങിയതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.


Click it and Unblock the Notifications