മാരാർ എന്ത് വെറുപ്പിക്കലാണെന്ന് തോന്നിയിരുന്നു; പച്ചയായ മനുഷ്യനാണ്! റിനോഷിന്റെ ഒറിജിനാലിറ്റിയിൽ സംശയം: ദേവു
ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ മത്സരാർത്ഥിയാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി. ഷോയുടെ തുടക്കത്തിൽ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാകുമെന്ന് പ്രേക്ഷകർ വിശ്വസിച്ച ദേവു മുപ്പത്തഞ്ചാം ദിവസമാണ് ഹൗസിൽ നിന്ന് പുറത്തായത്. ആദ്യ ദിവസങ്ങളിൽ വീടിനുള്ളിൽ ഉയർന്നു കേട്ടിരുന്ന ശബ്ദങ്ങളിൽ ഒന്ന് ദേവുവിന്റേതായിരുന്നു. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് നഷ്ടമായി. വീണ്ടും മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിനിടെ ആയിരുന്നു പുറത്താകൽ.
ബിഗ് ബോസ് ഹൗസിനുള്ളിൽ ഒറിജിനലായി നിന്ന മത്സരാർത്ഥി ആയിട്ടാണ് പ്രേക്ഷകർ ദേവുവിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞാണ് ദേവു വീട്ടിൽ തുടർന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിൽ നിലവിലുള്ള മത്സരാർത്ഥികളിൽ ഒറിജിനൽ ആയവർ ആരൊക്കെയാണെന്ന് പറയുകയാണ് ദേവു. ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അഖിൽ മാരാരിന്റെ പേരാണ് ദേവു ആദ്യം പറഞ്ഞത്. ഹൗസിനുള്ളിൽ എത്തിയപ്പോൾ അഖിലിനെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് മാറിപ്പോയെന്ന് ദേവു പറയുന്നു. 'മാരാർ ഒറിജിനലായിട്ടാണ് നിൽക്കുന്നത്. മാരാർ കുറച്ചു നന്നായി. പുറത്തെ ചർച്ചകളൊക്കെ കണ്ടിട്ട് എന്ത് വെറുപ്പിക്കലാണ്, ഇയാൾ ഇത് എന്താണ് എന്നൊരു ചിന്ത ഉണ്ടായിരുന്നു',
'അയാൾ എന്ത് പറഞ്ഞാലും തിരിച്ച് പറയാൻ തയ്യാറായാണ് പോയത്. പക്ഷേ അതിനുള്ളിൽ ചെന്നപ്പോൾ ഏറ്റവും കംഫർട്ടായി തോന്നിയ വ്യക്തി മാരാർ ആയിരുന്നു. വളരെ പച്ചയായ മനുഷ്യനാണ്. തമാശയ്ക്ക് തമാശയുണ്ട്, മനുഷ്യത്വമുണ്ട്. കുറച്ചു ഷോർട്ട് ടെംപേർഡ് ആണെന്നേ ഉള്ളു',
'ഷിജു ചേട്ടനും ശുദ്ധ മനസ്കനാണ്. ആരുടെയും മുഖത്ത് നോക്കി ഒരു നെഗറ്റീവ് പോലും പറയാത്ത, ആരെയും വിഷമിപ്പിക്കേണ്ടന്ന് കരുതുന്ന വ്യക്തിയാണ്. റിനോഷ് ഒറിജിനൽ ആണോയെന്ന് സംശയമുണ്ട്. ഇതാണ് ആളുടെ ഒറിജിനാലിറ്റി എങ്കിൽ പൊളിക്കും. ശോഭയും സെറീനയുമൊക്കെ ഒറിജിനലാണ്. ജുനൈസ് ഒറിജിനൽ ആണെന്ന് പറയുന്നില്ല. പക്ഷേ മനുഷ്യത്വമുള്ളവനാണ്. പുറത്ത് ആൾ ഇങ്ങനെ ട്രിഗറിങ് സ്വഭാവമല്ല,' ദേവു പറഞ്ഞു.
വിഷ്ണുവുമായുള്ള സൗഹൃദത്തെ കുറിച്ചും അത് തെറ്റായി വ്യഖ്യാനിക്കപ്പെട്ടതിനെ പറ്റിയും ദേവു സംസാരിക്കുന്നുണ്ട്. 'വളരെ കുറച്ചു സുഹൃത്തുക്കളാണ് എനിക്കുള്ളത്. ബിഗ് ബോസ് ഹൗസിനെ പേഴ്സണലാക്കി എടുക്കരുത് ഗെയിം ആണെന്നൊക്കെ പലരും പറയും. പക്ഷേ അവിടെ നിന്ന് നല്ല പാഠങ്ങളും ബന്ധങ്ങളും പുറത്തേക്ക് എടുക്കുന്നതിനെ വളരെ പോസിറ്റീവായിട്ടാണ് ഞാൻ കാണുന്നത്. അവിടെ ഞാൻ സുഹൃത്താണ് ബെസ്റ്റ് ഫ്രണ്ടാണെന്ന് പറഞ്ഞപ്പോഴും ഹഗ് ചെയ്തപ്പോഴും നോ പറയാതെ അതിനെ മറ്റൊരു രീതിയിലേക്ക് വളച്ചൊടിച്ചപ്പോൾ ഞാൻ വെറുത്തു',

'സൗഹൃദം എന്നത് വലിയൊരു കാര്യമാണ്. അതിനെ വേറൊരു രീതിയിൽ മറ്റുള്ളവരോട് സംസാരിക്കുകയും അങ്ങനെ ഞാൻ അറിയേണ്ട അവസ്ഥയും വന്നപ്പോഴാണ് പ്രശ്നം. ഞാൻ വിഷ്ണുവിന്റെ പുറകെ നടക്കുന്നു എന്ന് വന്നത് അകത്തെ അവന്റെ ആക്ട് കാരണമാണ്. അതുകൊണ്ടാണ് എനിക്ക് ആ വ്യക്തിയെ കാണാൻപോലും താൽപര്യമില്ലാത്തത്', വൈബർ ഗുഡ് ദേവു പറഞ്ഞു.
ബിഗ് ബോസിൽ പ്ലാനിങ്ങുമായി പോയിട്ട് കാര്യമില്ലെന്നും ദേവു പറയുന്നുണ്ട്. അതിന്റെ അകത്ത് ചെല്ലുമ്പോൾ മാത്രമാണ് ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന് അറിയുന്നത്. മനുഷ്യരെ പൊളിച്ച് നോക്കാൻ കഴിയില്ലല്ലോ. ഇവർ എങ്ങനെ റിയാക്റ്റ് ചെയ്യും, ഇവർ എന്തിലാണ് കയറി പിടിക്കുക, സംസാരിക്കുക എന്നൊന്നും പറയാൻ പറ്റില്ല.
നമ്മൾ നമ്മുടെ രീതിയിൽ നിൽക്കുക, അങ്ങനെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. അവിടെ എല്ലാം അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുകയെന്ന് ദേവു പറയുന്നു. ഇനി ബിഗ് ബോസിൽ അവസരം കിട്ടിയാൽ താൻ പോകുമെന്നും ദേവു വ്യക്തമാക്കി.


Click it and Unblock the Notifications