നന്മ മരം കളിക്കാൻ അല്ലല്ലോ ഇവിടെ വന്നത്; അവളാണ് ശരി! വീക്കിലി ടാസ്കിന് പിന്നാലെ ഗോപികയ്ക്ക് കയ്യടി!
കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ ആരംഭിച്ചിരിക്കുകയാണ്. 18 പേരാണ് അഞ്ചാം സീസണിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുള്ള താരങ്ങളും സീരിയൽ താരങ്ങളുമൊക്കെയാണ് ഇത്തവണയും മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഉള്ളത്.
അതേസമയം തന്നെ ഇത്തവണത്തെ മത്സരാർഥികളിൽ ഒരാള്‍ പ്രേക്ഷകരുടെ പ്രതിനിധി കൂടിയാണ്. എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തിൽ വിജയിച്ചു കൊണ്ടാണ് മുവാറ്റുപുഴക്കാരിയായ ഗോപിക ഷോയിലേക്ക് എത്തിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയിൽ ജോലി ചെയ്യുകയാണ് ഇവര്‍. 100 ദിവസവും ഇവിടെ ഉണ്ടാവും എന്ന ആത്മ വിശ്വാസത്തോടെയാണ് ഗോപിക വീട്ടിലേക്ക് കയറി വന്നത്.

ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ആദ്യ കോമണറുടെ പ്രകടനം എങ്ങനെയാവും എന്ന ചർച്ചകൾ ആദ്യം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അധികം നാൾ തുടരാൻ സാധ്യതയില്ലെന്നും വീക്ക് ആയ കണ്ടസ്റ്റന്റായി മാറാൻ സാധ്യത ഉണ്ടെന്നുമൊക്കെ പലരും വിധി എഴുതിയിരുന്നു. എന്നാൽ ഇപ്പോഴിതാ, മൂന്നാം ദിനം വീക്കിലി ടാസ്കിലൂടെ മത്സരം ചൂട് പിടിക്കുമ്പോൾ ഗോപികയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ബിഗ് ബോസ് ഗ്രൂപ്പുകളിലൊക്കെ ഗോപികയുടെ ഗെയിമിനെ വിലയിരുത്തി കൊണ്ടുള്ള പോസ്റ്റുകളാണ്. കഴിഞ്ഞ സീസണുകളിൽ ഒക്കെ വലിയ അടിക്ക് കാരണമായ കട്ട പെറുക്കലാണ് ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് നൽകിയത്. കഴിഞ്ഞ ദിവസം നോമിനേഷനിൽ വന്നവർക്ക് രക്ഷപ്പെടനുള്ള അവസരമുൾപ്പടെ ഒരുക്കി കൊണ്ടാണ് ആദ്യത്തെ വീക്കിലി ടാസ്‌ക്. അതുകൊണ്ട് തന്നെ ടാസ്കിൽ എല്ലാവർക്കും വലിയ ആവേശമായിരുന്നു.
ഇത് പ്രോമോയിൽ കണ്ടപോലെ വലിയ വഴക്കിലേക്കും ബഹളത്തിലേക്കുമാണ് കൊണ്ടെത്തിച്ചത്. നീലയും പിങ്കും നിറത്തിലുള്ള കട്ടകള്‍ പെറുക്കി അനുവദിച്ചിരിക്കുന്ന ഫ്രെയിമില്‍ വക്കുക എന്നതാണ് ടാസ്‌ക്. ഇതിനായി താരങ്ങളെ രണ്ട് പേര്‍ അടങ്ങുന്ന ഒമ്പത് ടീമുകളിലേക്ക് തിരിക്കുകയും ചെയ്തു. വരുന്ന കട്ടകള്‍ പെറുക്കുക, ഫ്രെയിമില്‍ അടുക്കുക എന്നത് മാത്രമായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം.
അതുകൊണ്ട് തന്നെ കട്ടകള്‍ തട്ടിപ്പറിക്കുന്നതിലേക്കും മറ്റും കാര്യങ്ങൾ നീങ്ങിയിരുന്നു. അതിനിടെയാണ് കോമണര്‍ മത്സരാര്‍ത്ഥിയായ ഗോപിക ഗോപിക തന്റെ കളി പുറത്തെടുക്കുന്നത്. തൊട്ടടുത്ത് ഉണ്ടായിരുന്ന അഖില്‍ മാരാരിന്റെ ടീമിന്റെ കട്ടകളില്‍ ചിലത് കട്ടെടുക്കുകയായിരുന്നു. ഗോപികയും സാഗറുമായിരുന്നു ടീം. മറുവശത്ത് നാദിറ ആയിരുന്നു അഖിലിനൊപ്പം. കട്ട എടുത്ത കാര്യം ഗോപിക നാദിറയോട് ആദ്യ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെ കട്ട തിരിച്ചു ചോദിച്ച് അഖില്‍ ഗോപികയുടെ പിന്നാലെ കൂടി.
എന്നാല്‍ ഗെയിമിന്റെ ഭാഗമാണ് ഞാൻ എടുത്തിട്ടുണ്ട്. എന്നാൽ അത് തരാൻ പറ്റില്ല. ഇനി എടുക്കാതെയിരിക്കാം എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഗോപിക. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട അഖിൽ പ്രോമോയിൽ കണ്ടപോലെ ഗോപികയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാൽ ഗോപിക അനങ്ങിയില്ല. അഖിലിന് പിന്നാലെ തനിക്ക് എതിരെ വന്ന ഷിജുവിനും ശോഭയ്ക്കുമെല്ലാം കൃത്യമായ മറുപടി നൽകി ഗോപിക തുടരുകയായിരുന്നു.

മത്സരത്തിൽ ഗോപിക സ്വീകരിച്ച നിലപാട് ആയിരുന്നു ശരിയെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. നിയന്ത്രണം വിട്ട് പാഞ്ഞെടുത്ത അഖിലിനെ പതറാതെ നേരിട്ടതിനും ചെയ്ത കാര്യം തുറന്നു പറയുകയും ബിഗ് ബോസ് എത്തിക്സ് നോക്കി കളിക്കേണ്ട ഗെയിം അല്ലെന്ന് വിളിച്ചു പറയുകയും ചെയ്തതിന് കയ്യടിയും ലഭിക്കുന്നുണ്ട്.
ഗോപികയ്ക്ക് ഇമേജ് കോൺഷ്യസ് ഇല്ല. അവൾ പറഞ്ഞപ്പോലെ ലക്ഷ്യത്തിലേക്ക് എത്താൻ എന്ത് മാർഗവും സ്വീകരിക്കാം. അത് അവളുടെ പ്ലസ് പോയിന്റാണ്. നന്മ മരം കളിയ്ക്കാൻ അല്ലല്ലോ ഇവിടെ വന്നത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. ഈ ടാസ്‌കോട് കൂടി ഗോപികയെ ഇഷ്ടമായി എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ ഗോപികയെ വിമർശിക്കുന്നവരും ചിലരുണ്ട്.


Click it and Unblock the Notifications