അമ്മച്ചിയേയും വാരിയെടുത്ത് ഓടി, കരയാന്‍ പോലും മറന്ന് തരിച്ചിരുന്ന രാത്രി; വിങ്ങലോടെ അഡോണി
ബിഗ് ബോസ് മലയാളം സീസണ്‍ 3 ലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ വ്യക്തിയാണ് അഡോണി ജോണ്‍. തന്റെ വാക്ചാതുര്യമാണ് അഡോണിയെ വ്യത്യസ്തനാക്കിയത്. സീസണ്‍ 3ല്‍ ശക്തമായ സാന്നിധ്യമായിരുന്നു അഡോണി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഡോണി. ബിഗ് ബോസ് വീട്ടിലേക്ക് ഒരു സാധാരണക്കാരനായിട്ടായിരുന്നു അഡോണി കടന്നു വന്നത്. മടങ്ങുന്നതാകട്ടെ താരമായിട്ടും.
ഇപ്പോഴിതാ അഡോണിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 2018 എന്ന സിനിമ കണ്ടതിന് പിന്നാലെ അഡോണി പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. മുന്‍പില്ലാത്ത വിധത്തില്‍ തീയേറ്ററില്‍ തരിച്ചിരുന്നു പോയെന്നാണ് അഡോണി പറയുന്നത്. 2018 ലെ പ്രളയകാലത്ത് തന്റെ അമ്മച്ചിയെ നഷ്ടമായതിന്റെ ഓര്‍മ്മകളാണ് അഡോണിയ്ക്ക് ചിത്രം നല്‍കിയത്.

2018 എന്ന സിനിമ റിലീസ് ചെയ്തിട്ട് കുറച്ച് ദിവസങ്ങളായിട്ടുണ്ട്. എന്നാല്‍ ഇതുവരേയും കാണാനുള്ള ധൈര്യം തനിക്കില്ലായിരുന്നുവെന്നാണ് അഡോണി പറയുന്നത്. താരത്തിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
2018 കണ്ടിറങ്ങിയതേയുള്ളു. ധൈര്യം ഉണ്ടായിരുന്നില്ല, ഇതുവരെ ആ സിനിമ കാണാന്‍. 2018 ലെ പ്രളയകാലത്താണ് അമ്മച്ചി മരിക്കുന്നത്. അമ്മച്ചി പോയ വര്‍ഷമാണ് 2018. മെഡിക്കല്‍ ട്രസ്റ്റിലെ ഐ സി യു ബെഡില്‍ കിടന്ന് അമ്മച്ചി ഞങ്ങളെ നാലുപേരെയും നോക്കി അവസാനമായിട്ട് കണ്ണടച്ചപ്പോ പുറത്തൊരു പെരുംകാറ് ആഞ്ഞാഞ്ഞ് തകര്‍ക്കുകയായിരുന്നു.
2018 ഓഗസ്റ്റ് 16ല്‍ നിന്ന് 17 ലേക്കുള്ള രാത്രിയുടെ യാമപകര്‍ച്ചയ്ക്കിടയിലൂടെ യാത്രചെയ്യുമ്പോ ഒന്ന് കരയാന്‍ പോലും മറന്ന് തരിച്ചിരുന്ന രാത്രി...
ആഴചകള്‍ക്കു മുന്‍പും അമ്മച്ചി അവസാനത്തെ യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു. ഞാന്‍ കണ്ട 2018 എന്ന സിനിമ സംവിധായകന്‍ ജൂഡിന്റെ രാഷ്ട്രീയ ഒളിച്ചുകടത്തല്‍ അല്ല, മറിച്ച് കുത്തിയൊലിക്കുന്ന മണിമലയാറിനുകുറുകെ ബോധം നഷ്ടപ്പെട്ട് വീണ അമ്മച്ചിയേം വാരിയെടുത്ത് ഓട്ടോയില്‍ കേറ്റി ഒരു പിടച്ചിലിനപ്പുറം അവസാനിക്കാന്‍ പോകുന്ന ശ്വാസത്തെ പിടിച്ചുനിര്‍ത്താനോടിയൊരു മഹാപ്രളയകാലത്തിന്റെ നോവാണ്.
പൊട്ടിപൊട്ടിക്കരഞ്ഞ് ദുരിതാശ്വാസ ക്യാമ്പില്‍ കഞ്ഞി വരിക്കൊടുത്തപ്പോ കൈയില്‍ പിടിച്ചുമ്മ തന്ന മറ്റൊരു വല്യമ്മച്ചിയുടെ മുഖത്ത് തെളിഞ്ഞ എന്റെ അമ്മച്ചിയുടെ ഓര്‍മ്മയുള്ള ഫ്രെയ്മുകള്‍ ആണ് ആ സിനിമയില്‍. എഴുതാനാവുന്നില്ല. തീയേറ്ററില്‍ തരിച്ചിരുന്നിട്ടില്ല ഇത്രയും. കഴിഞ്ഞിറങ്ങിയിട്ടും തിരികെപ്പോരാനാവുന്നില്ല എന്നു പറഞ്ഞാണ് അഡോണി കുറിപ്പ് അവസാനിപ്പിക്കുന്നത്.

താരങ്ങള്‍ അണിനിരന്ന ബിഗ് ബോസിലേക്ക് അഡോണി വരുന്നത് സാധാരണക്കാരനായിട്ടാണ്. അക്കാദമിക് രംഗത്തെ നേട്ടങ്ങളാണ് അഡോണിയെ വാര്‍ത്തകളിലേക്ക് എത്തിക്കുന്നത്. തുടര്‍ന്നാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടാനും അഡോണിയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസിന് മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു നിമിഷം എന്ന പരിപാടിയിലും അഡോണി പങ്കെടുത്തിരുന്നു.
അതേസമയം ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് 2018. കഴിഞ്ഞ ദിവസമാണ് ചിത്രം നൂറ് കോടി കളക്ഷന്‍ നേടി റെക്കോര്‍ഡ് സ്വന്തമാക്കിയത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസായിരുന്നു. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം, ശിവദ, നിലീന്‍ സാന്ദ്ര, ഇന്ദ്രന്‍സ്, സുധീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.


Click it and Unblock the Notifications