കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ജയില്‍ നോമിനേഷന്‍; ഫിറോസിനെതിരെ സംഘടിച്ച് മത്സരാര്‍ത്ഥികള്‍
അങ്ങനെ മറ്റൊരു സംഭവബഹുലമായ എപ്പിസോഡിനും ബിഗ് ബോസ് മലയാളം സീസണ്‍ 3 സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഈ ആഴ്ച മോഹന്‍ലാല്‍ എത്തില്ലെന്നും സാധാരണ ദിവസം പോലെയായിരിക്കും ഈ വീക്കെന്റ് എന്നും ബിഗ് ബോസ് താരങ്ങളെ അറിയിക്കുന്നതോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്.
മാലപ്പടക്കത്തിന് തിരി കൊളുത്തിയത് പോലെ അടിപ്പൊട്ടിയ ദിവസമായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍. വീക്കിലി ടാസ്‌ക്കിന് പിന്നാലെയുള്ള ക്യാപ്റ്റന്‍സി ജയില്‍ നോമിനേഷനുകള്‍ക്കിടെയായിരുന്നു അടിയുടെ തുടക്കം. ഒരറ്റത്ത് പൊളി ഫിറോസും സജ്‌നയും മറുവശത്ത് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാര്‍ത്ഥികളും എന്ന നിലയിലായിരുന്നു അടി.

കൂടുതല്‍ പോയന്റ് ലഭിച്ച റംസാന്‍, കിടിലം ഫിറോസ്, ഡിംപല്‍ എന്നിവരെ ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ജയിലില്‍ പോകേണ്ടവരെ നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നും അറിയിച്ചു. ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുത്തത് പോയന്റ് പരിഗണിച്ച് ആയതിനാല്‍ ഏറ്റവും കുറവ് പോയന്റുള്ളവരെ തന്നെ ജയിലിലേക്ക് അയക്കാം എന്നായി മത്സരാര്‍ത്ഥികള്‍. അങ്ങനെ റിതുവിനേയും സായ് വിഷ്ണുവിനേയും ജയിലിലേക്ക് അയക്കാം എന്നു തീരുമാനിച്ചു.
എന്നാല്‍ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ തുടങ്ങിയതും പൊളി ഫിറോസ് ഇടയ്ക്ക് കയറുകയായിരുന്നു. താന്‍ കോയിന്‍ നല്‍കിയത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ മറ്റുള്ളവര്‍ കോയിന്‍ ഇല്ലാതെ പോയെന്ന് പറഞ്ഞ് പലര്‍ക്കും കുറച്ച് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പോയന്റിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ അയക്കുന്നത് ശരിയല്ലെന്നുമാണ് ഫിറോസ് പറഞ്ഞത്.
റംസാന്‍ സംസാരിക്കുന്നതിനിടെയാണ് ഫിറോസ് ഇടപെട്ടത്. എന്നാല്‍ താന്‍ സംസാരിക്കുന്നത് തന്റെ സ്‌പേസില്‍ നിന്നാണെന്നും പറയാനുള്ളത് പറയുമെന്നും റംസാന്‍ വ്യക്തമാക്കി. പിന്നാലെ വന്ന സന്ധ്യയുമായും ഇതേ വിഷയം പറഞ്ഞ് ഫിറോസ് കയര്‍ത്തു. പോയന്റ് നല്‍കുന്നത് ഓരോരുത്തരുടേയും ഇഷ്ടമല്ലേയെന്നായിരുന്നു മറ്റു മത്സരാര്‍ത്ഥികള്‍ ചോദിച്ചത്. ഇതോടെ വാക്കു തകര്‍ക്കം ആരംഭിക്കുകയായിരുന്നു.
കിടിലം ഫിറോസ്, സായ് വിഷ്ണു, മണിക്കുട്ടന്‍, സന്ധ്യ എന്നിവര്‍ പൊളി ഫിറോസിന്റെ നിലപാടിനെ ചോദ്യം ചെയ്തു. ഫിറോസ് മോശമെന്ന് പറയുന്നതിനെ സജ്‌ന പറയുന്നത് നല്ലതാണെന്നും അതെങ്ങനെ ശരിയാകുമെന്നും നോബി ചൂണ്ടിക്കാണിച്ചു. ഇതോടെ വാക്കുതര്‍ക്കം വലിയ ബഹളത്തിലേക്ക് കടക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ എല്ലാവരേയും ക്യാപ്റ്റനായ മണിക്കുട്ടന്‍ സമാധാനിപ്പിക്കുകയും റിതുവിനേയും സായിയേയും ജയിലില്‍ അയക്കാന്‍ തീരുമാനിച്ചതായും പറഞ്ഞു.


Click it and Unblock the Notifications