'മറ്റുള്ളവര്‍ അവനെ കളിയാക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്'; റിയാസിന്റെ അധ്യാപകന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് ബിഗ് ബോസിലെത്തുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ റിയാസ് ബിഗ് ബോസ് വീട്ടിലൊരു ഓളം തീര്‍ത്തിട്ടുണ്ട്. ഈ സീസണിലെ മാത്രമല്ല ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് റിയാസിനെ കണക്കാക്കുന്നത്.
ഇപ്പോഴിതാ റിയാസിനെക്കുറിച്ച് അദ്ദേഹത്തിന്റെ അധ്യാപകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിരുദപഠനകാലത്ത് റിയാസിനെ പഠിപ്പിച്ച അധ്യാപകന്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒരു അധ്യാപകന്‍ എന്ന നിലയില്‍ എന്റെ വിദ്യാര്‍ത്ഥി തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണുമ്പോള്‍, ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഇത് എഴുതുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായ റിയാസ് സലിം മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദപഠന കാലത്ത് എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. അവന്റെ പഠനകാലത്ത് അവനുമായി ഏറെ അടുത്തിടപഴകാന്‍ കഴിഞ്ഞതിന്റെ കൂടി അനുഭവത്തിലാണ് ഈ കുറിപ്പെഴുതുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
സാധാരണക്കാരനില്‍ താഴെയുള്ള ആര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത ഏഷ്യാനെറ്റ് ബിഗ് ബോസ്സ് സീസണ്‍ 4 ലെ ഒരു മത്സരാര്‍ത്ഥി ആയി മാറാന്‍ കഴിഞ്ഞത് അവന്റെ സ്വപ്നത്തിനു പുറകെ സഞ്ചരിച്ചത് കൊണ്ട് മാത്രം ആണ്. ഒരു നല്ല വിദ്യാര്‍ത്ഥിയായി മാത്രമല്ല നല്ല നേതൃപാടവത്തോടെ സമൂഹത്തില്‍ നിലയുറപ്പിക്കാന്‍ കഴിവുള്ള നല്ലൊരു മനുഷ്യനായി തന്നെയാണ് അവനെ കാണുന്നത് എന്നും അധ്യാപകന്‍ പറയുന്നു.
മറ്റുള്ളവര്‍ അവനെ എങ്ങനെ കളിയാക്കുന്നുവെന്ന് പലപ്പോഴും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഈ കളിയാക്കലുകള്‍, അല്ലെങ്കില്‍ അവഗണനകള്‍ റിയാസിനും അവന്റെ മാതാപിതാക്കള്‍ക്കും എത്രത്തോളം മാനസിക സംഘര്‍ഷമായിരിക്കും നല്‍കിയിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇതൊന്നും സമൂഹത്തിന്റെ സഹതാപം നേടുന്നതിനായി അവന്‍ ഉപയോഗിച്ചിട്ടില്ല എന്നത് അവന്റെ മഹത്വമായി, അല്ലെങ്കില്‍ അവന്റെ പക്വത എന്താണ് എന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥി എന്ന നിലയില്‍ അതിനു മുന്‍പ് വന്ന പലരേക്കാളും തന്റെ ആശയങ്ങളെ ശെരിയായ നിലയില്‍ സമൂഹത്തിലേക്ക് എത്തിക്കാന്‍ അവനു സാധിച്ചു. ഷോയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതില്‍ അവന്‍ ഇതിനോടകം വിജയിച്ചുകഴിഞ്ഞു. തന്റേതായ പോരായ്മകളെ ആവശ്യവും അനാവശ്യവുമായി വലിച്ചിഴച്ചുകൊണ്ട്, അല്ലെങ്കില്‍ അതിന്റെപേരില്‍ സങ്കടം പ്രകടിപ്പിക്കാന്‍ ഒരിക്കലും റിയാസ് തയ്യാറായിട്ടില്ല എന്നും അധ്യാപകന്‍ പറയുന്നു.
പലരുടെയും പരിഹാസവും ഒറ്റപ്പെടുത്തലും കാണുമ്പോഴും കേട്ടപ്പോഴും തളര്‍ന്ന് പിന്മാറിയിട്ടുമില്ല. തന്റെ മാതാപിതാക്കളെ ഓര്‍ത്ത് വിഷമിക്കരുതെന്ന പ്രതിജ്ഞയോടെയാണ് എപ്പോഴും അവന്‍ മുന്നോട്ട് നീങ്ങിയിട്ടുള്ളത്. ഗെയിമിനെകുറിച്ച് നന്നായി അറിയുകയും മികച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളിക്കുകയും ചെയ്യുന്ന റിയാസ്, ജാതി-ലിംഗ വ്യത്യാസമില്ലാതെ ഈ ഭൂമിയില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന് നമ്മളെല്ലാം ഉള്‍പ്പെടുന്ന ഈ സമൂഹത്തെ അവന്‍ ബിഗ് ബോസ് പരിപാടിയിലൂടെ ബോധവല്‍ക്കരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ടൊക്കെ തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാത്ഥികളില്‍ ഏറ്റവും മുന്‍ നിരയില്‍ തന്നെ നിലയുറപ്പിക്കാന്‍ അവന് സാധിക്കുന്നത്. ആരോടും പക്ഷം ചേരാതെ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതുമായ രീതിയില്‍ തന്റെ ആശയങ്ങള്‍ അവന്‍ പ്രകടിപ്പിക്കുമ്പോള്‍ കാണികള്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്ന് റിയാസിന്റെ അധ്യാപകന്‍ പറയുന്നു.
ഈ സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ നല്ലൊരു പിന്തുണ അവന്‍ അര്‍ഹിക്കുന്നുണ്ട്.
LGBTQIA+ എന്താണ് എന്ന ചോദ്യത്തിന് റിയാസിന്റെ മറുപടി മാത്രം മതി ന്യൂ നോര്‍മല്‍ എന്ന് മോഹന്‍ലാല്‍ വിശേഷിപ്പിച്ച നാലാം സീസണിന്റെ തലക്കെട്ട് അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍...! മലയാളികളെ പുതിയ ലിംഗപാഠങ്ങള്‍ പഠിപ്പിക്കുന്നതില്‍ റിയാസിനും ഒപ്പം ബിഗ് ബോസിനും അഭിമാനിക്കാം എന്നും അദേ്ഹം കൂട്ടിച്ചേര്‍ക്കുന്നു.
റിയാസ് കൂടുതല്‍ സംസാരിക്കട്ടെ! ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മികച്ച ഗെയ്മെര്‍ ആവാനുള്ള ഒരു അവസരവും പാഴാക്കാതെ കളിക്കുന്ന റിയാസിന് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications