'കോമണറായി പോയി എന്നൊരു അപരാധം മാത്രമേ ഗോപിക ചെയ്തുള്ളൂ, നീ താഴ്ന്നു കൊടുക്കരുത് ഗോപിക'; കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസൺ 5 ഷോയുടെ അണിയറ പ്രവർത്തകർ കൊണ്ടുവന്ന ഏറ്റവും പുതിയ പരിഷ്ക്കാരമായിരുന്നു പ്രേക്ഷകരുടെ പ്രതിനിധിയായി ഒരു മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ഇത്തവണ ഷോയുടെ പ്രധാന സ്പോൺസർമാരായ എയർടെൽ ആണ് മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറിനായുള്ള മത്സരം നടത്തിയത്. അതിലൂടെ വിജയിയായി ബിഗ് ബോസിലെ ആദ്യ കോമണറായി എത്തിയത് മുവാറ്റുപുഴക്കാരി ഗോപിക ഗോപിയാണ്.
വളരെ സാധാരണ വീട്ടിൽ നിന്നുള്ള ആളാണ് ഗോപിക. കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കുന്ന സാധാരണ യുവതി. അങ്ങനെയുള്ള ഒരാളെ ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികൾ എങ്ങനെയാണു സ്വീകരിക്കുക എന്നൊരു ആകാംഷ പ്രേക്ഷകർക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു, ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ആദ്യ ദിനം ഗോപികയ്ക്ക് വലിയ സ്വീകാര്യതയാണ് മറ്റു മത്സരാർഥികളിൽ നിന്ന് ലഭിച്ചത്.

എന്നാൽ ഓരോ ദിവസം കഴിയുന്തോറും പലരും ഗോപികയെ എതിരാളിയായി കാണുന്ന പ്രവണതയായിരുന്നു. ബിഗ് ബോസിലെ ഈ ആഴ്ച നടക്കാനിരിക്കുന്ന ആദ്യ നോമിനേഷനിലേക്ക് 10 മത്സരാർത്ഥികളാണ് ഗോപികയെ നോമിനേറ്റ് ചെയ്തത്. ഗോപികയുടെ ഗെയിമിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരും നോമിനേറ്റ് ചെയ്തതെങ്കിലും ചില മത്സരാർത്ഥികൾ ഗോപികയോടുള്ള നീരസം അറിയിച്ചു കൊണ്ടാണ് നോമിനേറ്റ് ചെയ്തത്.
അതിനു പിന്നാലെ ഗോപിക ചപ്പാത്തി പരത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‍നങ്ങൾ എല്ലാം ഗോപികയോട് മറ്റു മത്സരാർത്ഥികൾക്കുള്ള മനോഭാവമാണ് വെളിവാക്കുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. വർണ വിവേചനം അടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനിടെ, ഗോപികയെ പിന്തുണച്ചും അല്ലാതെയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്. അതിനിടെ അഖിൽ എസ് നായർ എന്നയാൾ ഒരു ഗ്രൂപ്പിൽ പങ്കുവച്ച പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. അഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
'ഒരു കൊറിയർ സർവീസിൽ ജോലി ചെയ്യുന്ന പെൺകുട്ടി. മിനിസ്ക്രീനോ സിനിമ ലോകമോ, കല,സാഹിത്യം സ്വന്തമായി ഒന്നും ഇതുവരെ നേടി എടുക്കാൻ കഴിയാതെ കൊറിയർ ഓഫീസിലെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന ഈ പെൺകുട്ടി സാധാരണക്കാരിൽ സാധാരണക്കാരിയാണെന്ന് ആർക്കും തർക്കം വരേണ്ട കാര്യമില്ലല്ലോ. എന്നാണ് മറ്റുള്ളവർക്ക് ഇതുപോലെ സംസാരിക്കാൻ കഴിയുന്നത്,'
'നാല് പേർ മുന്നേ തിരിച്ചറിയുന്ന ആളുകൾ ആയതുകൊണ്ടല്ലേ അതിനോട് ഈ പക്ഷാഭേദം. വലിയ സ്റ്റാൻഡേർഡ് ആയി സംസാരിക്കാൻ അറിയില്ല മറ്റു മത്സരാർത്ഥികളെ പോലെ. സാധാരണ വീടുകളിൽ വളർന്നു വന്നവർക്കു പല പോരായ്മകളും കാണും. നമ്മൾ ആരും ജനിച്ചു വീണത് വായിൽ സ്വർണ്ണ കരണ്ടി ആയിട്ടൊന്നും അല്ല. ഒരു അവസരം ബിഗ്ഗ് ബോസ്സ് കൊടുത്തു. അത് തികച്ചും സാധാരണക്കാരിയെ പോലെ നിന്നു ഗെയിം പ്ലേ ചെയ്യുന്നു,'
'ദേവു, റെനീഷ, മനീഷ, ശോഭ നിങ്ങളുടെ പോപ്പുലാരിറ്റി ആ കുട്ടിക്ക് ഇല്ലെന്നു കരുതി ഇങ്ങനെ കാണിക്കുന്നത് ഒട്ടും ശരിയല്ല. ഞാൻ കണ്ടത് ആ കുട്ടിയുടെ നിറം, സംസാരം ഇതൊക്കെ കാണുമ്പോൾ ചിലർക്ക് തീരെ പിടിക്കുന്നില്ല എന്നു തോന്നി. നിങ്ങളൊക്കെ സ്റ്റാൻഡേർഡ് ആയ ആൾക്കാർ അല്ലെ അതിനെ നിങ്ങളുടെ സ്റ്റാൻഡേർഡുമായി താരതമ്യപ്പെടുത്താൻ കൊള്ളില്ല. വിട്ടേരു. ചപ്പാത്തി പരത്തട്ടെ എന്നു ചോദിച്ചപ്പോൾ മനീഷയുടെ കണ്ണ് 5- 6 സ്ത്രീകളിലേക്കു ആയിരുന്നു,'

'അവർക്കു ഇഷ്ട്ടമല്ല എന്നു മനസിലായതോടെ ഫീൽ ചെയ്തിട്ടാണ് ആ കുട്ടി പോയി മാറി നിന്നു വിഷമിച്ചു കട്ടിലിൽ കിടന്നതു. അപ്പോൾ അലക്കി വെളുപ്പിച്ചു കിച്ചൺ അമ്മായി വന്നപ്പോൾ ആ കുട്ടി പ്രതികരിച്ചത് ഏത് വിധം ആണെന്നും നമ്മൾ കണ്ടതാണ്. ഒരു സാധാരണക്കാരി ആയതുകൊണ്ട് ഗോപിക തർക്കത്തിന് പോയില്ല,'
'കോമണർ ആയി പോയി എന്നൊരു അപരാധം മാത്രമേ ഗോപിക ചെയ്തുള്ളൂ. അതാണ് മറ്റുള്ളവർ ആ കുട്ടിയിൽ കണ്ട ഏറ്റവും വലിയ തെറ്റ്. അങ്ങനെ നീ താഴ്ന്നു കൊടുക്കേണ്ട വ്യക്തിത്വം അല്ല ഗോപിക,' എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, ഗോപികയുടെ സിംപതി പിടിച്ചു പറ്റാനുള്ള ശ്രമങ്ങളും വേണ്ടിടത്തും വേണ്ടാത്തിടത്തും കയറി സംസാരിക്കുന്നതുമൊക്കെയാണ് ചില മത്സരാർഥികളിൽ എങ്കിലും നീരസത്തിന് കാരണമായിട്ടുള്ളത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications