മധുരമായി സംസാരിച്ച് ആളുകളെ വീഴ്ത്തുന്നയാളാണ് ശോഭ; ഏറ്റവും പ്രവോക്കിങ് അവർ രണ്ടുപേർ: അനു ജോസഫ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ പതിനൊന്നാം ആഴ്ചയിലേക്ക് എത്തിനിൽക്കുകയാണ്. ഏറ്റവും നിർണായകമായ അവസാന ആഴ്ചകളിലേക്ക് കടന്നിരിക്കുകയാണ് ഷോ. അതിനിടെ ഒരു മത്സരാർത്ഥി കൂടി ഹൗസിൽ നിന്ന് പുറത്തായിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ഹൗസിൽ പ്രവേശിച്ച നടി അനു ജോസഫാണ് പ്രേക്ഷക വിധിപ്രകാരം എവിക്റ്റായത്.
ഹൗസിലെ അത്യാവശ്യം എല്ലാ കാര്യങ്ങളിലും ഇടപെടുകയും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്‌തിരുന്ന മത്സരാർത്ഥിയാണ് അനു. എന്നാൽ വൈൽഡ് കാർഡ് എന്ന നിലയിൽ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. അഞ്ച് ആഴ്ചയാണ് അനു ജോസഫ് ഹൗസിൽ ഉണ്ടായിരുന്നത്. ഈ സമയം കൊണ്ട് സഹമത്സരാർത്ഥികളെ കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാൻ അനുവിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പുറത്തായ ശേഷം ബിഗ് ബോസ് എക്സിറ്റ് ടോക്കിൽ സഹമത്സരാർത്ഥികളെ കുറിച്ച് അനു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹൗസിൽ ലോല ഹൃദയമുള്ളവർ അഖിൽ മാരാരും ജുനൈസും ആണെന്ന് പറഞ്ഞാണ് അനു സംസാരിച്ചു തുടങ്ങിയത്.
'പുറമെ നിന്ന് വളരെ പരുക്കാനായിട്ടും എന്നാൽ ഹൃദയം കൊണ്ട് വളരെ ലോലനുമായി തോന്നിയ രണ്ടുപേർ അഖിൽ മാരാരും ജുനൈസുമാണ്. രണ്ടുപേരും ഒരേ സ്വഭാവമാണ്. ഹൗസിലെ ഏറ്റവും വലിയ പ്രശ്‌നക്കാരും, ഒപ്പം തന്നെ കാര്യങ്ങൾ സോൾവ് ചെയ്യുന്നവരും അവർ തന്നെയാണ്. നല്ല മനസിന് ഉടമകളാണ് രണ്ടുപേരും',
'ഏറ്റവും പ്രവോക്കിങ്ങായ ആളുകൾ നാദിറയും അഖിൽ മാരാരും ആണ്. വഴിയേ പോകുന്ന പ്രശ്നങ്ങൾ ഏണിവെച്ച് പിടിച്ച് പ്രവോക്ക് ചെയ്യുന്ന സ്വഭാവം അഖിലിനുണ്ട്. നാദിറ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. തുടക്കം മുതൽ ഇപ്പോൾ വരെ സേഫ് ഗെയിമേഴ്‌സ് ആയി നിൽക്കുന്നത് റിനോഷും മിഥുനും ആണ്. നിങ്ങൾ റിസോർട്ടിൽ ആണോ വന്നേക്കുന്നതെന്ന് ഞാൻ തന്നെ അവരോട് ചോദിച്ചിട്ടുണ്ട്. എന്റെ കുഞ്ഞാങ്ങളമാരാണ് രണ്ടു പേരും', അനു പറയുന്നു.
'മധുരമായി സംസാരിച്ച് ആളുകളെ വീഴ്ത്തുന്നയാൾ ശോഭയാണ്. അക്കാര്യത്തിൽ എല്ലാവരും പറയാറുള്ളത് ശോഭയുടെ പേരാണ്. അതുകൊണ്ട് എനിക്കും ആ പേര് തന്നെയാണ് പറയേണ്ടി വരുന്നത്. ഒളിപ്പോര് നടത്തുന്നയാൾ വിഷ്ണുവാണ്. ഗെയിം ചേഞ്ചറായി ഞാൻ വിശ്വസിക്കുന്ന ആളാണ് വിഷ്‌ണു. കറക്റ്റ് ടൈമിൽ വിഷ്‌ണു ഷൂട്ട് ചെയ്യാൻ സാധ്യതയുണ്ട്. മെഗാ സ്റ്റാൻഡ് പിടിച്ച് നടക്കുന്നവർ മൂന്ന് പേരാണ് ഉള്ളത്, ശോഭ, ജുനൈസ്, നാദിറ,' അനു പറഞ്ഞു.

അതേസമയം ഹൗസിൽ നിന്നിറങ്ങി മോഹൻലാലിന് അടുത്തെത്തിയ അനുവിന് ബിഗ് ബോസ് അവിടെയും ഒരു ടാസ്‌ക് നൽകുകയുണ്ടായി. ഒരു ബോർഡിൽ വ്യത്യസ്ത ചിത്രങ്ങൾ നൽകിയ ശേഷം ഓരോന്നിനും നേരെ അത് യോജിക്കുന്ന ആളുടെ പേര് എഴുതാനായിരുന്നു ടാസ്‌ക്. റോസാപ്പൂവ് ആയിരുന്നു ആദ്യ ചിത്രം. അതിനു നേരെ സെറീനയുടെ പേരാണ് അനു എഴുതിയത്. വാലിന് തീ പിടിച്ചതുപോലെയുള്ള ചിത്രത്തിന് നേരെ മിഥുൻ എന്ന് എഴുതി. കറിവേപ്പിലെ റെനീഷയ്ക്കാണ് നൽകിയത്.
മാസ്‍കിന് നേരെ നാദിറയുടെയും ബോംബിന് നേരെ അഖിൽ മാരാരുടെയും പേരെഴുതി. ഹൗസിലെ കുറുക്കൻ റിനോഷ് ആണെന്നാണ് ചിത്രം കണ്ട് അനു പറഞ്ഞത്. ജുനൈസിന് ജോക്കർ നൽകിയ അനു, വിഷ്ണുവിന് പോയിസണാണ് നൽകിയത്. വായിൽ സ്റ്റിക്കറൊട്ടിച്ച ഇമോജിക്ക് നേരെ ഷിജുവിന്റെ പേരാണ് അനു എഴുതിയത്. നെല്ലിക്കയ്ക്ക് നേരെ ശോഭ എന്നെഴുതിയ ശേഷം അടുത്താലെ അവരെ കൂടുതല്‍ മനസിലാകുവെന്നും അനു വ്യക്തമാക്കി.


Click it and Unblock the Notifications