റോബിന് പിന്നാലെ രജിത് കുമാറും ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങി! പുതിയ ചലഞ്ചേഴ്‌സ് എത്തുമോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും നാടകീയമായ ഒരാഴ്ചയാണ് പ്രേക്ഷകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ അമ്പതാം ദിനം ആഘോഷിച്ച മത്സരാർത്ഥികൾക്കായി നിരവധി സർപ്രൈസുകളായിരുന്നു ബിഗ് ബോസ് ഒരുക്കി വെച്ചിരുന്നത്. പ്രേക്ഷകരെയും ആകാംക്ഷയിലാക്കുന്നതായിരുന്നു അവ. ഒന്ന് പ്രസ് മീറ്റ് ആയിരുന്നു. ആദ്യമായിട്ടാണ് സീസൺ പകുതി പിന്നിട്ട ശേഷം മാധ്യമ പ്രവർത്തകർക്ക് മത്സരാർത്ഥികളുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുങ്ങിയത്.
അടുത്തതായിരുന്നു ഏറ്റവും വലിയ സർപ്രൈസ്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ചലഞ്ചേഴ്‌സായി രണ്ടുപേരെ വീടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നു ബിഗ് ബോസ്. മുൻ സീസണുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച രണ്ടു മത്സരാർത്ഥികളെയാണ് എത്തിച്ചതെന്നാണ് അതിലെ ഏറ്റവും വലിയ പ്രത്യേകത. രണ്ടാമത്തെ സീസണിലൂടെ ശ്രദ്ധ നേടിയ രജിത് കുമാറും നാലാം സീസണിലെ താരമായ റോബിൻ രാധാകൃഷ്‌ണനുമാണ് വീട്ടിലെത്തിയത്.

വീക്കിലി ടാസ്കിൽ അതിഥികളായാണ് ഇരുവരും ഹൗസിനുള്ളിലേക്ക് പ്രവേശിച്ചത്. രണ്ടുപേർക്കും കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു ബിഗ് ബോസ്. രജിത് കുമാര്‍ എല്ലാ മത്സരാര്‍ഥികളെയും ചെറിയ തോതില്‍ ചൊറിഞ്ഞും, റാഗ് ചെയ്തുമാണ് ആരംഭിച്ചത്. എന്നാല്‍ ശാന്തസ്വഭാവിയായ റോബിനെയാണ് വീടിനുള്ളിൽ മത്സരാര്‍ഥികളും പ്രേക്ഷകരും കണ്ടത്. ഇന്ന് ഉച്ചയ്ക്ക് ഇരുവരെയും വിളിച്ച് ബിഗ് ബോസ് ദൗത്യം എന്തായെന്ന് ചോദിച്ചിരുന്നു.
ഏല്‍പ്പിച്ച കാര്യം ഏറ്റവും നന്നായി ചെയ്യണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നും അതിന് കഴിഞ്ഞെന്നാണ് കരുതുന്നതെന്നാണ് രജിത്ത് കുമാര്‍ പറഞ്ഞത്. അതേസമയം, മത്സരാര്‍ഥി അല്ലെങ്കിലും സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചാം സീസണില്‍ ഒറിജിനലായി നിന്ന് കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് റോബിനും പറഞ്ഞു. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഇരുവരും ഭംഗിയാക്കിയെന്നായിരുന്നു ബിഗ് ബോസിന്റെ ഭാഗത്ത് നിന്നുള്ള മറുപടി. തുടർന്ന് ഇരുവർക്കും മത്സരാർത്ഥികൾക്ക് നൽകാനായി നൽകിയ ടിപ്പുകൾ തിരികെ വാങ്ങി ബിഗ് ബോസ് തിരിച്ചയക്കുകയായിരുന്നു.
അതിനു ശേഷം നാടകീയ സംഭവങ്ങളാണ് വീടിനുള്ളിൽ അരങ്ങേറിയത്. മാരാരും ജുനൈസും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെട്ട് അച്ചടക്ക ലംഘനം നടത്തിയ റോബിനെ ഹൗസിൽ നിന്ന് ബിഗ് ബോസ് പുറത്താക്കി. ബിഗ് ബോസിനെ ചോദ്യം ചെയ്തതിനെയും ഭീഷണി പെടുത്തിയതിനെയും തുടർന്നായിരുന്നു അത്തരത്തിലൊരു നടപടി. റോബിൻ പുറത്തായത് സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ വീടിനുള്ളിൽ നടക്കുന്നത്.

അതേസമയം, ഇപ്പോൾ രജിത് കുമാറും ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയിരിക്കുകയാണ്. റോബിനൊപ്പം രജിത് കുമാറും ഇന്ന് വൈകുന്നേരം കൊച്ചി വിമാനത്താവളത്തിൽ എത്തി. നേരത്തെ വീട്ടിൽ എത്തിയ ശേഷം താൻ രണ്ടാഴ്ച വീട്ടിൽ ഉണ്ടാവും 90 ദിവസം വരെയുണ്ടാകും എന്നൊക്കെ രജിത് കുമാർ പറഞ്ഞിരുന്നു.
അതിനിടെ വൈൽഡ് കാർഡായി രജിത് കുമാറിനെ വീട്ടിൽ നിലനിർത്തണം എന്ന ആവശ്യം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് രജിത് കുമാർ അത്രമാത്രം ഇമ്പാക്ട് വീടിനുള്ളിൽ ഉണ്ടാക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത് എന്നാൽ അതിനിടെയാണ് ഇന്ന് രജിത് കുമാറും ബിഗ് ബോസ് സീസൺ 5ന്റെ പടിയിറങ്ങിയിരിക്കുന്നത്. നാളത്തെ ലൈവിലും എപ്പിസോഡിലുമാകും ഇത് കാണാൻ സാധിക്കുക എന്നാണ് വിവരം.
അതേസമയം, ഇനിയും പുതിയ ചലഞ്ചർമാർ വീട്ടിലേക്ക് എത്തുമോ എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്. നല്ല ചലഞ്ചർമാരോ ഒരു വൈൽഡ് കാർഡോ വീട്ടിലേക്ക് എത്തണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം അല്ലാത്തപക്ഷം ഷോയ്ക്ക് രക്ഷയുണ്ടാവില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications