'കേരളം കാണാൻ കാത്തിരുന്ന കാഴ്ച'; പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് അഖിൽ മാരാരും ശോഭയും! കയ്യടിച്ച് പ്രേക്ഷകർ
നൂറ് ദിവസം നീണ്ടുനിന്ന ആവേശ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 5ന് അവസാനമായിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനങ്ങളും പ്രതീക്ഷകളും പോലെ അഖിൽ മാരാർ തന്നെ കപ്പുയർത്തി. വോട്ടിങ്ങിൽ വലിയ ഭൂരിപക്ഷം നേടിയാണ് അഖിൽ വിജയകിരീടം ചൂടിയത്. റെനീഷ രണ്ടാം സ്ഥാനവും ജുനൈസ് മൂന്നാം സ്ഥാനവും നേടി. ടോപ് ഫൈവിലെത്തിയ ഷിജുവാണ് ഇന്ന് ആദ്യം വീട്ടിൽ നിന്നിറങ്ങിയത്. നാലാം സ്ഥാനക്കാരിയായി ശോഭയും പുറത്തിറങ്ങി.
മറ്റെല്ലാ സീസണുകളും പോലെ തന്നെ വഴക്കുകളും ബഹളങ്ങളും നല്ല സൗഹൃദങ്ങളും കണ്ട സീസണായിരുന്നു ഇത്. വലിയ വഴക്കുകളിൽ നിന്നായിരുന്നു ഷോയുടെ തുടക്കം. എന്നാൽ പലതും ഒന്നോ രണ്ടു ദിവസത്തിൽ കൂടുതൽ നിലനിന്നിരുന്നില്ല. എല്ലാം പറഞ്ഞു തീർത്ത് വീണ്ടും സുഹൃത്തുക്കളാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഒരിക്കലും അവസാനിക്കാതെ തുടർന്നിരുന്ന വഴക്കായിരുന്നു അഖിൽ മാരാരും ശോഭയും തമ്മിലുണ്ടായിരുന്നത്.

ഓരോ ടാസ്കിലും ടാസ്കുകൾക്ക് ശേഷവും പരസ്‌പരം പോരടിക്കുന്ന അഖിലിനെയും ശോഭയെയുമാണ് പ്രേക്ഷകർ കണ്ടിരുന്നത്. തുടക്കത്തിൽ പ്രേക്ഷകർ ഇവരുടെ വഴക്ക് വളരെയധികം ആസ്വദിച്ചിരുന്നു. ടോം ആൻഡ് ജെറി എന്നായിരുന്നു പ്രേക്ഷകർ ഇവരെ വിശേഷിപ്പിച്ചിരുന്നത്. മറ്റു കോമ്പോകൾ പോലെ ഇതും ആഘോഷമാക്കി. എന്നാൽ പിന്നീട് ഇവർക്കിടയിലെ വഴക്കുകൾ അതിരു കടക്കുന്നതാണ് കണ്ടത്. അഖിൽ മാരാർ ശോഭയെ ആക്ഷേപിക്കുന്ന സാഹചര്യവും മോഹൻലാൽ രണ്ടുപേരെയും വിളിച്ചിരുത്തി വാർണിങ് നൽകുകയുമൊക്കെ ഉണ്ടായി.
എന്നാൽ പിന്നീടും ആ പിണക്കം അതുപോലെ മുന്നോട്ട് പോവുകയായിരുന്നു. ഫാമിലി വീക്കിൽ രണ്ടുപേരുടെയും കുടുംബാംഗങ്ങൾ വന്നുപോയ ശേഷം താൻ ആ ബാഗേജ് എടുത്ത് പുറത്തിടുകയാണെന്ന് ശോഭ പറഞ്ഞിരുന്നു. പക്ഷേ ഫിനാലെ വീക്കിലും ഇവർ തമ്മിൽ വാക്ക്പോരുകളുണ്ടായി. എന്നാൽ ഫിനാലെ ദിനം അതൊക്കെ പറഞ്ഞു തീർത്തിരിക്കുകയാണ് ഇരുവരും. ഷിജു പുറത്തായ ശേഷം ഗാർഡൻ ഏരിയയിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് രണ്ടുപേരും സംസാരിച്ചു പിണക്കങ്ങൾ തീർത്തത്.
അഖില്‍ മാരാരും ശോഭയും റെനീഷയും ജുനൈസും അടുത്ത എവിക്ഷൻ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോഴായിരുന്നു ശോഭ അഖിലിനെ ചേര്‍ത്തുപിടിച്ചത്. മനസ്സില്‍ ഒന്നും വയ്ക്കരുത് എന്ന് അഖിലിനോട് ശോഭ ആവശ്യപ്പെട്ടു. ചേര്‍ത്തുപിടിച്ച അഖിലിനെയും ശോഭയും കണ്ടപ്പോള്‍ റെനീഷയ്ക്കും ജുനൈസിനും അദ്ഭുതമായിരുന്നു. എന്താണ് കാണുന്നതെന്നായിരുന്നു റെനീഷയുടെ ചോദ്യം. കേരളം കാണാൻ കാത്തിരിക്കുന്ന കാഴ്ചയെന്നായിരുന്നു അഖില്‍ മരാര്‍ പറഞ്ഞത്. ശേഷം മനസ്സിൽ ഒന്നും വയ്ക്കരുതെന്ന് ശോഭയും എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അഖിലും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ശോഭ രണ്ടാമത് എത്തുന്നതുപോലും ഒരിക്കലും തനിക്ക് സഹിക്കാൻ കഴിയില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ശോഭയ്ക്ക് ഒട്ടും ക്വാളിറ്റിയില്ല എന്നായിരുന്നു അഖില്‍ കാരണമായി പറഞ്ഞത്. ശോഭ ഹൗസില്‍ ഫേക്കാണെന്നും അഖില്‍ പറയുകയുണ്ടായി. എന്തായാലും ഷോയിൽ നിന്ന് ഇറങ്ങും മുൻപ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കാണിച്ച മനസിന് രണ്ടുപേർക്കും കയ്യടിക്കുകയാണ് പ്രേക്ഷകർ.
കാണാൻ ആഗ്രഹിച്ച കാഴ്‌ച. ഇതാണ് ഈ സീസണിന്റെ പ്രത്യേകത എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. അവർ പ്രശ്നങ്ങൾ പറഞ്ഞു തീർത്തിട്ടുണ്ട്. ഇത് ഒരു ഗെയിം ഷോയാണ്. അവർക്ക് ഇനിയൊരു ജീവിതമുണ്ട്. മോശം വാക്കുകളുമായി അവരെ വേട്ടയാടാതിരിക്കുക എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications