ഈ ഷോയെ കുറിച്ച് നെഗറ്റീവ് പറഞ്ഞുനടന്ന ആളാണ് ഞാൻ; വിചാരിച്ച പോലല്ല, ഗംഭീര പരിപാടിയാണിത്; അഭിപ്രായംമാറ്റി അഖിൽ!
ബിഗ് ബോസ് സീസൺ അഞ്ച് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്‌ചയിൽ തന്നെ ഷോ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. വഴക്കും കലഹങ്ങളുമൊക്കെയായി ആദ്യ ദിവസങ്ങളിൽ തന്നെ ബിഗ് ബോസ് വീട് ഉണർന്നിരുന്നു. ചില മത്സരാർത്ഥികളൊക്കെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ.
സംവിധായകനായ അഖില്‍ മാരാര്‍ നേരത്തെ തന്നെ സോഷ്യൽ മീഡിയക്ക് സുപരിചിതനാണ്. വിവാദ പ്രസ്താവനകളിലൂടെയും മറ്റും അഖിൽ മാരാർ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് ബിഗ് ബോസിനെതിരെയും അഖിൽ മാരാർ സംസാരിച്ചിട്ടുണ്ട്. അഖിൽ ഷോയിൽ എത്തിയതിന് പിന്നാലെ ആ വാക്കുകൾ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് പോലെ തനിക്ക് ഇത്രയും പുച്ഛമുള്ള ഒരു പരിപാടി മറ്റൊന്നുമില്ലെന്നും അത് കാണാറില്ലെന്നുമാണ് അഖിൽ പറഞ്ഞത്.

ബിഗ് ബോസിൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിക്കുന്നതല്ലേ കാണാൻ നാലാള് കൂടുമല്ലോയെന്നും ഒരു അഭിമുഖത്തിൽ അഖിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആവണം, കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ അഖിലിന് ബിഗ് ബോസ് ഇഷ്ടമായിരുന്നില്ലേ എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. ഇതിന് അഖില്‍ മാരാര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു.
'ഇഷ്ടമില്ലാത്ത കൊണ്ടല്ല, സിനിമ ആയാലും ഒടിടിയിലല്ല ഞാന്‍ കാണുന്നത്. തിയറ്ററിലാണ്. പിന്നെ എനിക്ക് അധികം സമയം കിട്ടാറില്ല. വായനയും മറ്റു കാര്യങ്ങളുമൊക്കെ കഴിഞ്ഞ്. അത്യാവശ്യം ജീവിതം മുന്നോട്ട് പോകണമല്ലോ. വീടിനകത്തുള്ള സമയം ചെലവഴിക്കല്‍ വളരെ കുറവാണ്. ഒരു പ്രോഗ്രാമും കാണാറില്ല.
ഇന്‍സ്റ്റഗ്രാമിലും എനിക്ക് 3000 ഫോളോവേഴ്സ് എങ്ങാണ്ടേ ഉള്ളൂ. അതിലൊന്നും ആക്റ്റീവ് അല്ല. ഫേസ്ബുക്കില്‍ കുറെ കുറിപ്പുകള്‍ എഴുതി, അങ്ങനെ കുറെ വിവാദങ്ങളില്‍ പോയി പെടും. അപ്പോള്‍ കുറെ ചാനലുകാര് ചര്‍ച്ചയ്ക്ക് വിളിക്കും,' അങ്ങനെയാണ് താൻ വൈറലായതെന്നാണ് അഖിൽ പറഞ്ഞത്.
അതിന് പിന്നാലെ ഇപ്പോഴിതാ, ബിഗ് ബോസ് വീടിനകത്തെ ക്യാമറയ്ക്ക് മുന്നിൽ വന്ന് നിന്ന് ഷോയെക്കുറിച്ച് തനിക്കുണ്ടായിരുന്ന അഭിപ്രായം മാറിയെന്ന് പറഞ്ഞിരിക്കുകയാണ് അഖിൽ. ആരുമില്ലാതിരുന്ന സമയത്ത് ബാത്ത്റൂം ഏരിയയിലെ ക്യാമറയ്ക്കു മുന്നില്‍ വന്നു നിന്നാണ് അഖിൽ ഇക്കാര്യം പറഞ്ഞത്.
'ഞാനാരിക്കലും മത്സരിച്ച് പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നവനല്ല. നേര്‍ക്കുനേര്‍ മത്സരിച്ചാല്‍ ഇവിടെ ആര്‍ക്കുമെന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. പക്ഷേ എന്നെ ചതിച്ച് തോല്‍പ്പിക്കാം. വളരെ എളുപ്പമാണ്. ഞാന്‍ ആരെയും ചതിക്കാന്‍ പോകാത്തതുകൊണ്ട് എന്നെ ചതിക്കാന്‍ വളരെ ഈസിയാണ്. അങ്ങനെ പരാജയപ്പെട്ടേക്കാം. ബേസിക്കലി ഈ ഷോ കാണാത്തതുകൊണ്ട് തന്നെ ഞാന്‍ വളരെ നെഗറ്റീവ് ആയിട്ട് പറഞ്ഞുകൊണ്ട് നടന്ന ആളാണ്,'
'എന്നെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിച്ചതുപോലെ ഞാനും ഈ ഷോയെക്കുറിച്ച് നെഗറ്റീവ് ആയിട്ട് പറഞ്ഞുകൊണ്ട് നടന്ന ഒരാളാണ്. പക്ഷേ ഇതിനകത്ത് വരുമ്പോള്‍ ഇതല്ല എന്ന് നമുക്ക് മനസിലാവുന്നുണ്ട്. ഇതിന്‍റെ പിന്നിലുള്ള പ്രയത്നം. എനിക്ക് ഭയങ്കര അത്ഭുതകരമായിട്ട് തോന്നിയ ഒരു കാര്യമാണ്. ഇതൊന്നും അത്ര നിസ്സാര പരിപാടിയൊന്നും അല്ല. നിങ്ങളാരും പുറത്ത് സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ ഒന്നുമല്ല ഈ പരിപാടി,'

'ഇതൊരു അതിഗംഭീര പ്ലാനിംഗ് ആണ്. നിങ്ങള്‍ക്കാര്‍ക്കും മനസുകൊണ്ട് ചിന്തിക്കാന്‍ പറ്റുന്നതിനപ്പുറം ഗംഭീര പരിപാടിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം എന്നെ പിന്തുണയ്ക്കണം. അല്ലെങ്കില്‍ ഇവിടുത്തെ മറ്റ് മികച്ച മത്സരാര്‍ഥികളെ പിന്തുണയ്ക്കണം,' എന്ന് അഖില്‍ മാരാര്‍ പറയുന്നുണ്ട്. അതിനിടെ അവിടേയ്ക്ക് വരുന്ന ഗോപികയെ കാട്ടി ഇവളെയും നിങ്ങൾ പിന്തുണയ്ക്കണമെന്നും അഖിൽ പറയുന്നുണ്ട്.
അതേസമയം, അഭിമുഖത്തിൽ കയ്യിൽ നിന്ന് വീണു പോയത് വൈറലായിട്ടുണ്ടാകുമെന്ന് മനസിലാക്കിയാണോ അഖിൽ ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ ഇത്തരമൊരു പരാമർശം നടത്തിയതെന്ന സംശയം പ്രേക്ഷകർക്കുണ്ട്. ബിഗ് ബോസ് സീസൺ 5 ലെ ആദ്യ ക്യാപ്റ്റനായി ഏറ്റവും ശക്തനായ മത്സരാർത്ഥിയായി തന്റെ ഗെയിം തുടരുകയാണ് അഖിൽ മാരാർ.


Click it and Unblock the Notifications