അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ, അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു; ജീവിതകഥ പറഞ്ഞ് ഏയ്ഞ്ചലിൻ
ബിഗ് ബോസ് മലയാള സീസൺ 5 മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ അടിയുണ്ടാക്കാനുള്ള മുഴുവൻ അവസരങ്ങളും ഉണ്ടാക്കി ബിഗ് ബോസ് കളി തുടങ്ങിയിരിക്കുകയാണ്. വഴക്കും ബഹളവുമൊക്കെയായി പ്രേക്ഷകരെയും ആവേശത്തിലാക്കിയാണ് ഷോ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ പോലെ ഈ സീസണിലും എന്തെങ്കിലും ഒക്കെ നടക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ആകെ 18 മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്.
ആദ്യ ദിവസം തന്നെ ചില മത്സരാർത്ഥികളൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഏയ്ഞ്ചലിൻ മറിയ. ഒമർ ലുലു സംവിധാനം ചെയ്‌ത നല്ല സമയം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഏയ്ഞ്ചലിൻ ശ്രദ്ധിക്കപ്പെടുന്നത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ കൂടെ ആയിരുന്നു. ഏയ്ഞ്ചലിന്റെ ചില തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസിൽ തന്റെ ജീവിത കഥ പങ്കുവച്ചിരിക്കുകയാണ് ഏയ്ഞ്ചലിൻ. എന്റെ കഥ എന്ന ടാസ്കിലാണ് ഏയ്ഞ്ചലിൻ തന്റെ ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞത്. അച്ഛൻ കാരണം കുടുംബത്തിലുണ്ടായ പ്രശ്‍നങ്ങളെ കുറിച്ചും താൻ ചൂഷണത്തിന് ഇരയായതിനെ കുറിച്ചുമൊക്കെയാണ് താരം സംസാരിച്ചത്. വിശദമായി വായിക്കാം.
'എനിക്ക് ഓർമ്മ വച്ച നാൾ മുതൽ എന്റെ അമ്മയും അപ്പയും സെപ്പറേറ്റഡ് ആണ്. അപ്പൻ ഖത്തറിൽ ആയിരുന്നു, നാട്ടിൽ എപ്പോൾ വന്നാലും വഴക്കായിരുന്നു. എനിക്ക് അപ്പൻ നാട്ടിലേക്ക് വരുന്നതേ ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തിൽ എനിക്ക് അപ്പനെ ആയിരുന്നു ഏറ്റവും ഇഷ്ടം എന്നാണ് കേട്ടിരിക്കുന്നത്. അങ്ങനെ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച ആളെയാണ് ഞാൻ ഇന്ന് കൂടുതൽ വെറുക്കുന്നത്,'
'അപ്പനും അമ്മയും തമ്മിൽ ഒരുപാട് ഇഷ്യൂസ് ഉണ്ടായിരുന്നു, എന്നാൽ എന്താണ് ഇഷ്യൂ എന്ന് ഞാൻ ഇത് വരെയും ചോദിച്ചിട്ടില്ല. എനിക്ക് ഓർമ്മ വെച്ച കാലം മുതല്‍ അപ്പനും അമ്മയും തമ്മില്‍ വഴക്കാണ്. ഞാൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ അമ്മയുടെ മുഖമൊക്കെ പൊള്ളിയിരിക്കുന്നത് കാണാം. അച്ഛന്‍ ഖത്തറിലായിരുന്നു. അപ്പന്‍ ചെലവിനൊന്നും തരില്ല. അയാളൊരു മദ്യപാനി ആയിരുന്നു,'
'അയാളുടെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അമ്മ വീട്ടിലേക്ക് വന്നു. അവിടെയും വന്ന് അയാള്‍ പ്രശ്നമുണ്ടാക്കുമായിരുന്നു. ഞാൻ കൂടെ ചെന്നാൽ മദ്യപാനം നിർത്താം എന്നൊക്കെ പറഞ്ഞു വന്ന് വിളിക്കും. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാൻ പള്ളിയില്‍ കണ്ട ഒരു ചേട്ടനുമായി ഞാന്‍ ഇഷ്ടത്തിലായി. അയാള്‍ക്ക് കുറേ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും ഞാൻ ആ സമയത്ത് അയാളെ ഇഷ്ടപ്പെട്ടു,'
'അതിന്‍റെ പേരില്‍ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. അന്നെനിക്ക് പിസിഓഡി പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു. അതിന് ഡോക്ടറെ കാണാന്‍ പോയതിനെ പോലും സമൂഹം മോശമായാണ് കണ്ടത്. എനിക്ക് വയറ്റിലുമായി എന്ന് വരെ പറഞ്ഞു,' ഏയ്ഞ്ചലിൻ പറഞ്ഞു. പിന്നീട് ഞാന്‍ എട്ടാം ക്ലാസില്‍ ആയപ്പോള്‍ അമ്മയും ഞാനും അനിയനും കൂടി രാത്രിക്ക് രാത്രി ആരോടും പറയാതെ തൃശ്ശൂർ ടൗണിലേക്ക് താമസം മാറി,'
'എനിക്ക് ജീവിതത്തില്‍ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ഇത് കഴിയുമ്പോ പലരും ജയിലില്‍ ആകും. എന്നാല്‍ അത് സംഭവിക്കരുത്. അവര്‍ ജയിലില്‍ പോയി ഉണ്ട തിന്ന് ജീവിക്കരുത്. അവര്‍ പുറത്ത് വെച്ച് തന്നെ അനുഭവിച്ച് തീരണം,'
'അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ. ആ വ്യക്തിയില്‍ നിന്ന് ഞാൻ അങ്ങനെയൊരു അബ്യൂസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ അത് തുറന്നു പറഞ്ഞിട്ടും സമൂഹം എന്നെയാണ് കുറ്റപ്പെടുത്തിയത്. ഞാനാണ് കുറ്റക്കാരിയായത്. എന്‍റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. എന്നും എന്‍റെ കൂടെയുണ്ടാകും എന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞതു കൊണ്ടാണ് സൊസൈറ്റി വെറും .... ആണെന്ന് ഞാന്‍ പറയുന്നത്.

ലൈഫിൽ നമ്മൾക്ക് ആരും ഉണ്ടാകില്ല, അതിപ്പോൾ അമ്മ ആയാൽ പോലും നമ്മുടെ കൂടെ ഉണ്ടാകില്ല. നമ്മൾക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ,' ഏയ്ഞ്ചലിൻ കൂട്ടിച്ചേർത്തു. എന്‍റെ അമ്മയ്ക്ക് പൂര്‍ണ്ണമായും ഒരു അമ്മയാകാന്‍ കഴിഞ്ഞിട്ടില്ലെന്നും എയ്ഞ്ചലിൻ പറഞ്ഞു. ഇതേ സമയം, അബ്യൂസ് ചെയ്തയാള്‍ക്കെതിരെ നിലപാട് എടുക്കാന്‍ ഞങ്ങള്‍ കൂടെയുണ്ടാകും എന്ന് ഒരു വിഭാഗം മത്സരാര്‍ത്ഥികള്‍ എയ്ഞ്ചലിനയ്ക്ക് ഉറപ്പ് നല്‍കി.
എന്നാൽ രാത്രി ലൈറ്റുകള്‍ ഓഫായപ്പോള്‍ താന്‍ എന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞത് ശാരീരികമല്ലെന്നും, അത് മാനസികമാണെന്നും. തീര്‍ത്ത് കളയും എന്ന് പറഞ്ഞത് കൊല്ലാന്‍ പറഞ്ഞതല്ലെന്നും ഏയ്ഞ്ചലിൻ പറയുന്നുണ്ട്. തനിക്ക് ഗ്രാമര്‍ മിസ്റ്റേക്ക് വന്നതാണെന്നും അത് ടെലികാസ്റ്റ് ചെയ്യരുതെന്നും പറഞ്ഞു.


Click it and Unblock the Notifications