'ഷോയിൽ പറഞ്ഞതല്ല, ഗേൾഫ്രണ്ടിനെ വിഷമിപ്പിച്ചത് ആ കമന്റുകൾ; ജീവിതത്തില്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചു': അഞ്ജൂസ്
ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തായ മത്സരാർത്ഥിയാണ് അഞ്ജൂസ് റോഷ്. ഷോയുടെ അമ്പതാമത്തെ എപ്പിസോഡിലാണ് അഞ്ജൂസിന് ഷോയിൽ നിന്ന് പടിയിറങ്ങേണ്ടി വന്നത്. തുടക്കത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു അഞ്ജൂസ് റോഷ്. വളരെ പെട്ടെന്ന് തന്നെ മറ്റു മത്സരാർത്ഥികളുമായി അടുക്കാൻ അഞ്ജൂസിന് സാധിച്ചിരുന്നു. പിന്നീട് അത് തന്നെ അഞ്ജൂസിന് വിനയാവുന്നതാണ് കണ്ടത്.
കൂടുതൽ ശ്രദ്ധ സൗഹൃദങ്ങളിലേക്ക് പോയതോടെ അത് അഞ്ജൂസിന്റെ ഗെയിമിനെ ബാധിക്കാൻ തുടങ്ങി. പ്രേക്ഷകർക്കിടയിൽ സേഫ് ഗെയിമർ എന്നൊരു പേരും അഞ്ജൂസിന് വീണു. അവസാന ആഴ്ച അതിൽ നിന്നൊക്കെ മാറി പതിയെ ഗെയിമിലേക്ക് തിരികെ വരാൻ ശ്രമിക്കുമ്പോഴേക്കും അഞ്ജൂസ് പുറത്താവുകയുമായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ തനിക്ക് സമയമെടുത്തു എന്ന് പറയുകയാണ് അഞ്ജൂസ് ഇപ്പോൾ.

പോയപ്പോഴുള്ള സന്തോഷമല്ല തനിക്ക് തിരിച്ചെത്തിയപ്പോൾ ഉള്ളതെന്ന് താരം പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ തന്റെ സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ചും അത് ജീവിതത്തെ ബാധിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജൂസ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.
ഒന്നര വര്‍ഷത്തോളം ശ്രമിച്ചതിന് ശേഷമാണ് എനിക്ക് ബിഗ് ബോസ് ഷോയില്‍ അവസരം ലഭിച്ചത്. എനിക്ക് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് ഉണ്ടയായിരുന്നു. ഞാനാരാണെന്ന് എനിക്ക് തുറന്ന് പറയാനുള്ള അവസരമായിട്ടാണ് ഞാന്‍ ബിഗ് ബോസ് ഷോയെ കണ്ടത്. അത്രയധികം സന്തോഷത്തോടെയാണ് ഞാൻ ഷോയിലേക്ക് പോയത്. അവിടെ നിന്നപ്പോഴും വളരെ ഹാപ്പിയായിരുന്നു. അന്‍പത് ദിവസം നില്‍ക്കാന്‍ സാധിച്ചു എന്നതിൽ സന്തോഷമുണ്ടായിരുന്നു. ലാലേട്ടന്റെ അടുത്ത് വന്ന് നിന്ന് അനുഗ്രഹം വാങ്ങി ഇറങ്ങുമ്പോഴും ആ സന്തോഷം ഉണ്ടായിരുന്നു.
പക്ഷേ വീട്ടിൽ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബിലും മറ്റു കണ്ട പ്രതികരണങ്ങൾ വിഷമിപ്പിച്ചെന്ന് അഞ്ജൂസ് പറഞ്ഞു. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന സീസണിൽ ഒറിജിനലായി നിൽക്കാനാണ് ശ്രമിച്ചത്. അങ്ങനെ നിന്നാൽ ശരിയാവില്ലെന്ന് അവിടെ പലരും പറഞ്ഞെങ്കിലും അങ്ങനെ നിൽക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. ബിഗ് ബോസ് ഹൗസില്‍ ഞാന്‍ ഗ്രൂപ്പ് കളിച്ചിട്ടില്ല. സെറീനയും റെനീഷയും എന്റെ നല്ല സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദം ഗെയിമിലേക്ക് കൊണ്ടു വരാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അഞ്ജൂസ് പറഞ്ഞു.
ഞാന്‍ ആദ്യം അടുത്തത് സെറീനയുമായിട്ടാണ്. സെറീനയിലൂടെയാണ് റെനീഷയുമായി അടുക്കുന്നത്. എവിടെയാണെങ്കിലും നമുക്ക് വൈബുള്ളത് പോലെയാണ് സൗഹൃദങ്ങള്‍ ഉണ്ടാവുന്നത്. അതാണ് എനിക്ക് സെറീനയോടും റെനീഷയോടും ഉണ്ടാവുന്നത്. റെനീഷയുമായുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടതാണ് ഇപ്പോള്‍ ഏറ്റവും വേദനിപ്പിക്കുന്നതെന്നും അഞ്ജൂസ് വ്യക്തമാക്കി.
ഞാന്‍ ഒരു ടോം ബോയ് ആണ് എന്ന് പറഞ്ഞതുകൊണ്ട്, ആരോട് അടുപ്പം കാണിച്ചാലും അതിനെ മറ്റൊരു തരത്തില്‍ എടുക്കുന്നത് എന്തിനാണ്. എന്നെ ഒരു കോഴിയായി മാറ്റി. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഇതിലിപ്പോ ആരെയാണ് കുറ്റം പറയേണ്ടതെന്ന് എനിക്ക് അറിയില്ല. റെനീഷയോട് അളിയാ ഐ ലവ് യു എന്ന് പറഞ്ഞാല്‍ അതിന് മറ്റൊരു അര്‍ത്ഥം ഇല്ല. അതൊരു സൗഹൃദത്തിന്റെ പുറത്താണ്. പുറത്ത് മറ്റൊരാളുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

ഞാന്‍ പോവുമ്പോഴുള്ള സന്തോഷം തിരിച്ചുവരുമ്പോള്‍ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. എന്ത് ഉദ്ദേശത്തോടെയാണോ ഞാന്‍ പോയത് അതിനെ തെറ്റിദ്ധരിച്ചു. വളരെ ഹാപ്പിയായി നടന്ന ജീവിതത്തില്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. എന്നെ ആരും മനസ്സിലാക്കിയില്ലല്ലോ എന്ന വിഷമം ഏറ്റവും കൂടുതല്‍ എന്റെ ഗേള്‍ഫ്രണ്ടിനാണ്. അവള്‍ എന്നെ മനസ്സിലാക്കിയത് പോലെ മറ്റാരും എന്നെ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് അവളിപ്പോഴും എന്റെ കൂടെയുണ്ട്.
ഷോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ഗേള്‍ഫ്രണ്ടിനെ വേദനിപ്പിച്ചിട്ടില്ല. അവളെ വേദനിപ്പിച്ചത് എന്നെ കുറിച്ച് പുറത്ത് വരുന്ന കമന്റുകളൊക്കെയാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അവള്‍ക്കൊപ്പമുള്ള വിവാഹവും ഒരുമിച്ചുള്ള ജീവിതവും. എന്നെ കുറിച്ച് മോശമായി പറഞ്ഞവരെല്ലാം ഞങ്ങളുടെ കല്യാണം കാണണം. ഏറ്റവും നല്ല രീതിയില്‍ അത് നടക്കണമെന്നാണെന്നും അഞ്ജൂസ് പറഞ്ഞു.


Click it and Unblock the Notifications











