'എന്തിനാണ് എല്ലാ തവണയും ഇവർ! പേളിയേയും, ജുവലിനേയും പോലെ കഴിവുള്ള അവതാരകരില്ലേ'; കമന്റിന് ആര്യയുടെ മറുപടി!
മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ള ആര്യ അവതാരക എന്ന നിലയിലും കയ്യടി നേടിയ താരമാണ്. നിരവധി ഹിറ്റ് ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം ആര്യ അവതാരകയായി എത്തിയിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകമാരില്‍ ഒരാളാണ് ആര്യ.
മലയാള ടെലിവിഷന്‍ ലോകത്ത് അങ്ങനെ തിളങ്ങി നിൽക്കുന്ന ആര്യ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയും എത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലാണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. ആ സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. അവസാന അഞ്ചിൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥി ആയിരുന്നു ആര്യ. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഷോ പകുതിയ്ക്ക് വച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെതായ ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ആര്യ പങ്കുവച്ച ഒരു പോസ്റ്റും അതിന് ഒരാളിട്ട കമന്റും ആര്യ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ കഴിഞ്ഞ ദിവസത്തെ വീക്കിലി എപ്പിസോഡിൽ അവതാരകയായി ആര്യ എത്തിയിരുന്നു. അവതാരകൻ മോഹൻലാലിന്റെ ബർത്ത്ഡേ സ്പെഷ്യൽ എപ്പിസോഡിൽ അതിന്റെ ഭാഗമായുള്ള പരിപാടികൾക്ക് അവതാരകയാകാനാണ് ആര്യ എത്തിയത്. കഴിഞ്ഞ വർഷവും ഇത് പോലെ സ്പെഷ്യൽ എപ്പിസോഡിൽ ആര്യ അവതാരകയായി എത്തിയിരുന്നു. ഇന്നലത്തെ എപ്പിസോഡിൽ താൻ ധരിച്ച വസ്ത്രം പരിചയപ്പെടുത്തി കൊണ്ട് താരം പങ്കുവച്ച ഒരു പോസ്റ്റിന് താഴെ ആയിരുന്നു കമന്റ്.
ബിഗ് ബോസ് സെറ്റിന് മുന്നിൽ നിന്നെടുത്തത് ആയിരുന്നു വീഡിയോ. 'ഏഷ്യാനെറ്റും മാധവൻ സാറും എന്തിനാണ് ഇവരെ എല്ലാ തവണയും കൊണ്ടുവരുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പേളിയെയും ജുവൽ മേരിയെയും പോലുള്ള കഴിവുള്ള അവതാരകർ നമുക്കുണ്ട്. എന്നിട്ടും.. ഏഷ്യാനെറ്റിന്റെ ഒരു ഗതികേട്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് കൃത്യമായ മറുപടി ആയിരുന്നു ആര്യയുടേത്.
'നിങ്ങൾ ഇത് എന്റെ പ്രൊഫൈലിലാണ് കമന്റ് ചെയ്തിരിക്കുന്നത്. പോയി ഏഷ്യാനെറ്റിന്റെയോ എൻഡെമോൾ ഷൈന്റെയോ പേജിൽ കമന്റ് ചെയ്യൂ സഹോദര/ സഹോദരി (എന്താണെന്ന് ദൈവത്തിന് അറിയാം) ഇതിപ്പോ ഞാൻ അല്ലേ കാണൂ.. തനിക്ക് അവരോട് അല്ലേ പറയാനുള്ളത്..', എന്നായിരുന്നു ആര്യയുടെ കമന്റ്. നിരവധി പേരാണ് ആര്യയുടെ മറുപടിക്ക് കയ്യടിക്കുന്നത്.

ഇന്നലെ മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പ്രിയ താരത്തിനായി മത്സരാർത്ഥികളുടെ സ്പെഷ്യൽ സർപ്രൈസ് ഉണ്ടായിരുന്നു. ഓരോ മത്സരാർത്ഥികളും ഓരോ മോഹൻലാൽ സിനിമകളിലെയും കഥാപാത്രങ്ങളായി വേഷപ്പകർച്ച നടത്തിയാണ് ലിവിങ് റൂമിലേക്ക് എത്തിയത്. ഓരോരുത്തരുടെയും എൻട്രിക്ക് ശേഷം ഒരാൾ കൂടെയുണ്ട് എന്ന് പറഞ്ഞാണ് ബിഗ് ബോസ് ആര്യയെ വിളിച്ചത്. ആടുതോമ എന്ന് വിളിച്ചായിരുന്നു ആര്യയെ ഇൻവൈറ്റ് ചെയ്തത്.
മത്സരാർത്ഥികൾക്കിടയിൽ പുതിയ വൈൽഡ് കാർഡ് ആണോ എന്നൊരു ആശങ്ക മത്സരാർത്ഥികൾ പരസ്‌പരം പങ്കുവച്ചിരുന്നു. അതിന് പിന്നാലെ വെളുത്ത ഗൗണും കറുത്ത കണ്ണടയും വെച്ച് ആര്യ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ശേഷം അവതാരക എന്ന നിലയിൽ തന്റെ ജോലി ഭംഗി ആക്കിയിട്ടാണ് ആര്യ വേദി വിട്ടത്.


Click it and Unblock the Notifications











