ശ്രുതി സ്നേഹത്തിൽ ചാലിച്ച് പറഞ്ഞ വൃത്തിക്കേടിനെക്കാൾ ഭീകരമാണ് സെറീന പറഞ്ഞത്; ദയ ഗായത്രിയുടെ കുറിപ്പ് വൈറൽ!
ബിഗ് ബോസ് മലയാള സീസൺ 5 രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഷോയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഓരോ മത്സരാർത്ഥികളുടെ പ്രകടനങ്ങളും ബിഗ് ബോസ് വീടിനുള്ളിലെ പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടയിൽ നടന്ന വഴക്കും ചർച്ചയായി മാറുകയാണ്.
വീക്കിലി ടാസ്കിലെ പ്രകടനം വിലയിരുത്തുന്നതിടെ ശ്രുതി ലക്ഷ്മി നാദിറയെ സെറീനയുമായി താരതമ്യം ചെയ്തിടത്തു നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതിനിടെ മിസ് കേരള ഒന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്ന് നാദിറ പറയുകയും സെറീന അതിലെ അതൃപ്‌തി പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് പിന്നീട് പ്രശ്‌നം രൂക്ഷമാകുന്നത്. ഇതിൽ റെനീഷ ഉൾപ്പടെയുള്ളവർ ഇടപ്പെട്ടതോടെ വലിയ വഴക്കിലേക്ക് ഇത് മാറുകയായിരുന്നു.
അതിന് പിന്നാലെ ഇരു കൂട്ടരെയും പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്ത് വന്നത്. അതിനിടെ ട്രാൻസ്‌ജെൻഡർ മോഡലും നടിയും കൂടാതെ നാദിറയുടെ സുഹൃത്തുമായ ദയ ഗായത്രി ഫെസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ശ്രുതിയുടേത് സ്നേഹത്തിൽ ചാലിച്ച വിവരമില്ലാത്ത പ്രശംസ ആയിരുന്നെന്നും എലൈറ്റ് ക്ലാസ് ആയത് കൊണ്ടാവാം സെറീനയുടെ വായിൽ നിന്ന് അത്തരമൊരു പരാമർശങ്ങൾ വന്നതെന്നും ദയ ഗായത്രി പറയുന്നു. ദയയുടെ കുറിപ്പ് വായിക്കാം.
'ശ്രുതി ലക്ഷ്മി: ഇത്രേം ഒരു ബ്യൂട്ടിക്വീൻ ന്റെ കൂടെ പിടിച്ചു നിന്നില്ലേ നാദിറ.. ഇതിനപ്പുറം നിനക്ക് ഒന്നുമില്ല, അവളെ വെച്ചു കംപയർ ചെയ്യാൻ അത്രേം നീ നന്നായിട്ട് ചെയ്തു.
സ്നേഹത്തിൽ ചാലിച്ച ഒരു വിവരമില്ലാത്ത പ്രശംസ, ജീവിതത്തിൽ പലപ്പോഴും നമ്മളിൽ പലരും കേട്ടു വരുന്ന സ്നേഹമാണ് എന്നു തോന്നുന്ന വിധം ഇത്തരം വൃത്തികേടുകൾ.. ചിലപ്പോൾ പറയുന്ന വ്യക്തിപോലും തിരിച്ചറിയുന്നുണ്ടാവില്ല പറയുന്ന ഫോബിയയെ പറ്റി. ഒരു വ്യക്തിയുടെ കഴിവിനെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് എത്ര മോശമാണ്.
ഇതിനപ്പുറം നാദിറക്ക് ഒന്നുമില്ല! ബിഗ്ഗ്‌ബോസ് വീടിന്റെ അളവുകോൽ സെറീനയാണോ? മറ്റൊരു വ്യക്തിയുമായി തന്റെ കഴിവിനെ താരതമ്യപ്പെടുത്തിയതിലുള്ള ഇഷ്ടക്കേട് ശ്രുതിയോട് നാദിറ തുറന്നു പറയുകയും ഈ മത്സരത്തിൽ മിസ് കേരള തനിക്കൊരു വെല്ലുവിളിയല്ല എന്നുള്ള തരത്തിൽ വളരെ സൗമ്യമായി ശ്രുതിയോട് സംസാരിക്കുന്നു. സോ കോൾഡ് സൗന്ദര്യത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന നാദിറ, കാലകാലങ്ങളായി സിസ്ജെൻഡർ സ്ത്രീകളുടെ ബാഹ്യ സൗന്ദര്യത്തോടെ താരതമ്യം ചെയ്യപ്പെടുന്ന ഒരു വിഭാഗം എന്ന നിലയ്ക്കും ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്?
സൗന്ദര്യം ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന ചിന്തയിലേക്ക് എന്നാണ് നമ്മുടെ സമൂഹം വളരുക? കാഴ്ചപ്പാടുകളിൽ എന്നാണ് ഒരു മാറ്റം ഉണ്ടാവുക? സ്ത്രീ എന്നാൽ ഇങ്ങനെയൊക്കെ ആയിരിക്കണം പുരുഷനായാൽ ഇങ്ങനെയൊക്കെ ആയിരിക്കണം എന്നൊക്കെ കാലാകാലങ്ങളായി നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള അളവുകോലുകളിൽ ശരീരങ്ങളെ അളക്കപ്പെടുന്നു ഈ ഒരു കാലഘട്ടത്തിലും.
പിന്നീടുള്ള വാദത്തിൽ സെറീന പറയുകയുണ്ടായി ബ്യൂട്ടി എന്നു പറയുന്നത് ബ്യൂട്ടി വിത്ത് ബ്രെയിൻ ആണെന്നും മിസ് യൂണിവേഴ്‌സ് 2021 ഒരു ആഫ്രിക്കൻ ആണെന്നും ( 2019 ലേ ഉദ്ദേശിച്ചായിരിക്കും സെറീന പറഞ്ഞിട്ടുള്ളത് മിസ്സ് യൂണിവേഴ്സ് 2021 ഇന്ത്യയുടെ അഭിമാനമായി മാറിയ ഹർനാസ് സന്ധു ആണ്). കറുത്തവർ ആണെങ്കിലും കഴിവുള്ളവരാണ് കറുത്തവർ ആണെങ്കിലും ബുദ്ധിയുള്ളവരാണ് എന്നതാണ് അതിന്റെ സാരം. തുടക്കത്തിൽ ശ്രുതി സ്നേഹത്തിൽ ചാലിച്ച് വൃത്തികേട് പറഞ്ഞതിനേക്കാൾ ഭീകരമായ വർഗീയവാദം.

ആരും ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ആ ഒരു വർഗീയവാദത്തെ ചോദ്യം ചെയ്തത് ഗോപികയാണ്. കറുത്തവരായ മനുഷ്യർ ജനനം മുതൽ സഹിക്കേണ്ടിവരുന്ന ഇത്തരം വർഗീയ വാദം കേൾക്കേണ്ടി വരുന്നത് ഒരുപക്ഷേ ഗോപികയ്ക്ക് പുതുമ ആയിരിക്കില്ല. സെറീന ഒരുപക്ഷേ മനപ്പൂർവ്വം പറഞ്ഞതായിരിക്കണമെന്നില്ല. സെറീന ഒരു എലൈറ്റ് ക്ലാസ് ആയതുകൊണ്ടാവാം അറിയാതെയാണെങ്കിലും ഇത്തരമൊരു പരാമർശം വന്നുപോയത്.
റേസിസം പറഞ്ഞതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. ബിഗ് ബോസ് പോലെയുള്ള കോടിക്കണക്കിന് പ്രേക്ഷകർ കാഴ്ചക്കാരായുള്ള മത്സരത്തിൽ ഇത്തരം പരാമർശങ്ങളെ കണ്ടന്റുകളായി കാണുന്നതിലും അപ്പുറം തിരുത്തപ്പെടേണ്ടതുണ്ട് അത് സമൂഹത്തോട് ചെയ്യേണ്ട നീതിയാണ്,' എന്നായിരുന്നു ദയ ഗായത്രിയുടെ വാക്കുകൾ.


Click it and Unblock the Notifications