അന്ന് പൊട്ടിക്കരഞ്ഞതിന് കാരണം അഖിൽ മാരാർ പറഞ്ഞ ആ വാക്ക്; വിമർശിച്ചവർക്ക് മറുപടിയുമായി മനീഷ
ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ മത്സരാർത്ഥിയാണ് മനീഷ കെ എസ്. ഇത്തവണ ആദ്യം വീടിനുള്ളിലേക്ക് പ്രവേശിച്ച 18 മത്സരാർത്ഥികളിൽ ഒരാളായിരുന്നു മനീഷ. നടിയായും ഗായികയായും നേരത്തെ തന്നെ സുപരിചിതയായ മനീഷയ്ക്ക് ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷക പ്രീതി നേടിയെടുക്കാൻ സാധിച്ചിരുന്നു. സീസണിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാകുമെന്ന് വരെ ആയിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ.
എന്നാൽ അഞ്ചാമത്തെ ആഴ്ച എവിക്ഷനിലൂടെ താരം പുറത്തു പോവുകയായിരുന്നു. ഇമോഷണലി വീക്ക് ആണെന്നത് ആയിരുന്നു ബിഗ് ബോസ് വീട്ടിലെ സഹമത്സരാർത്ഥികൾ അടക്കം മനീഷയോട് പറഞ്ഞിരുന്നത്. ഷോയിൽ ഇടക്ക് വെച്ച് ഒരു ടാസ്കിനിടയിലും മറ്റും മനീഷയ്ക്ക് സംഭവിച്ച ഇമോഷണൽ ബ്രേക്ക് ഡൗൺ ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. എന്നാൽ പിന്നീട് ഒരു സമയത്ത് മനീഷയുടെ കരച്ചിൽ ഫേക്ക് ആണെന്ന തരത്തിലുള്ള ആരോപണങ്ങളും പ്രേക്ഷകർ ഉയർത്തിയിരുന്നു.

ദേവു മെഡിക്കൽ എമർജൻസി സംഭവിച്ച് മെഡിക്കൽ റൂമിലേക്ക് പോയ സമയത്തെ മനീഷയുടെ കരച്ചിലായിരുന്നു അതിന് പ്രധാന കാരണമായത്. ഇപ്പോഴിതാ, അന്ന് സംഭവിച്ചത് എന്താണെന്നതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മനീഷ. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് മനീഷ ഇക്കാര്യം പറഞ്ഞത്.
ലെച്ചുവിന്റെ ജീവിത കഥ കേട്ട് വളരെ ബോൾഡായി നിന്ന ഞാൻ ദേവുവിനെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോകാൻ നേരം കരഞ്ഞത് ആളുകൾക്ക് ആർട്ടിഫിഷ്യലായി തോന്നി. എന്നാൽ സത്യത്തിൽ അതിന്റെ ഇടയിൽ മറ്റൊരു സംസാരം നടന്നിരുന്നുവെന്നാണ് മനീഷ പറയുന്നത്. ആ സംസാരത്തിനിടയിലാണ് ചിരിച്ചു കൊണ്ട് നിൽക്കുന്ന ഞാൻ കരയുന്ന എന്നിലേക്ക് മാറിയത്.
ഷോ 24*7 ആണെങ്കിലും എഡിറ്റഡ് ആയിട്ടാണ് കാണിക്കുന്നത്. തലേദിവസത്തതാണ് കാണുന്നത്. ആ എഡിറ്റഡ് വേർഷനിൽ ഞാൻ കരയാനുള്ള കാരണം എഡിറ്റ് ചെയ്ത് പോയിട്ടുണ്ട്. അത് ലൈവിലും എപ്പിസോഡിലും വന്നില്ല. അതുകൊണ്ട് ജനങ്ങളെ അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നോട് മകൻ വരെ അത് ചോദിച്ചുവെന്നും മനീഷ പറയുന്നു.
ഇവിടെ കട്ട് ചെയ്ത് പോയ വേർഷൻ എന്താണെന്ന് വെച്ചാൽ, അഖിൽ മാരാർ ഒക്കെ ചേർന്നാണ് ദേവുവിനെ മെഡിക്കൽ റൂമിലേക്ക് കൊണ്ട് പോകുന്നത്. അത് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അഖിൽ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്, മനീഷ പറഞ്ഞു.
'ഇതുപോലെ എന്റെ പല സുഹൃത്തുക്കളെയും ഞാൻ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. പക്ഷേ അവരാരും ജീവനോടെ തിരിച്ചു വന്നിട്ടില്ല' എന്നാണത്. നമ്മൾ അവിടെ കുടുംബമൊക്കെ വിട്ട്, ഒരു അടച്ചിട്ട സ്ഥലത്ത് ജീവിക്കുകയാണ്. നമുക്ക് അവിടെ വെച്ച് ഒരുപാട് ട്രോമകൾ വരും. എനിക്ക് അവിടെ വെച്ച് വേഗം ട്രിഗർ ചെയ്തത് എന്റെ അമ്മയുടെ കാര്യമാണ്. അമ്മയെ വയ്യാതെ ആയിട്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയത് എന്റെ മുന്നിൽ വെച്ചാണ്.

ആശുപത്രിയിൽ പോയി അമ്മ സുഖം പ്രാപിച്ചു തിരിച്ചു വരുമെന്നാണ് നമ്മൾ കരുതിയത്. പക്ഷേ മരണപ്പെട്ട അമ്മയെയാണ് തിരിച്ചു കൊണ്ടു വന്നത്. നമ്മളൊക്കെ ഒറിജിനൽ മനുഷ്യർ അല്ലേ. അവിടെ ഫേക്ക് മുഖം വെച്ച് ജീവിക്കാൻ പറ്റില്ല. അത് എഡിറ്റ് ചെയ്ത് പോയത് എന്റെ തെറ്റല്ല. അപ്പോൾ ജനങ്ങൾ ഞാൻ ഫേക്കായിട്ട് കളിച്ചു എന്നൊക്കെ പറയുമ്പോൾ ഒരു വിഷമമുണ്ട്. എന്റെ വ്ലോഗിൽ ഇക്കാര്യങ്ങളൊക്കെ ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ടെന്നും മനീഷ പറഞ്ഞു.
അതുകൊണ്ട് കാണാത്ത കുറെ സംഭവങ്ങൾ അവിടെ നടക്കുന്നുണ്ട്. അതുകൊണ്ട് ആളുകളെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിൽ കുറ്റപ്പെടുത്താതിരിക്കുക. ഗെയിം ഷോ ആണ്, ആരോപണങ്ങളും അപവാദങ്ങളും വരും. പക്ഷേ അത് പേഴ്സണലി ഹറാസ് ചെയ്യുന്ന വിധത്തിൽ ആകരുത് എന്നൊരു അഭ്യർത്ഥനയാണ് ഉള്ളതെന്നും മനീഷ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications