ജുനൈസിനെ പോലെയൊന്നും കളിക്കാൻ താൽപര്യമില്ലായിരുന്നു! മസാജ് ചോദിച്ച് വന്ന മിഥുനോട് ആദ്യമേ നോ പറഞ്ഞു: അനു
ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തായ മത്സരാർത്ഥിയാണ് നടി അനു ജോസഫ്. വൈൽഡ് കാർഡ് എൻട്രി ആയാണ് അനു ഹൗസിൽ പ്രവേശിച്ചത്. അഞ്ചാമത്തെ ആഴ്ച ബിഗ് ബോസ് വീട്ടിൽ എത്തിയ അനു പത്താമത്തെ ആഴ്‌ചയാണ് പുറത്താകുന്നത്. അനുവിന്റെ വൈൽഡ് കാർഡ് എൻട്രി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. എന്നാൽ ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അനുവിന് സാധിച്ചില്ല. അതാണ് തിരിച്ചടിയായത്.
ഹൗസിലെ അത്യാവശ്യം എല്ലാ കാര്യങ്ങളിലും ഇടപെടുകയും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നു അനു. എന്നാൽ വൈൽഡ് കാർഡിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ഗെയിം ചേഞ്ചിങ് മൊമന്റ് ഉണ്ടാക്കാൻ അനുവിന് കഴിഞ്ഞില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. നനഞ്ഞ പടക്കമായി പോയി, പുലി പോലെ വന്നത് പൂച്ചയായി എന്നൊക്കെയായിരുന്നു അനുവിന്റെ പ്രകടനത്തെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് അനു ജോസഫ്. സ്വന്തം യൂട്യൂബ് ചാനലിൽ റോക്കി എന്ന സുഹൃത്തുമായി നടത്തിയ സംഭാഷണത്തിലാണ് അനു തനിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ചത്.
'ഞാൻ എന്ന വ്യക്തിക്ക് ഞാനായിട്ട് തന്നെ തിരിച്ചുവരാൻ പറ്റിയതാണ് എന്റെ ഇമ്പാക്റ്റ് ആയിട്ട് എനിക്ക് ഫീൽ ചെയ്തത്. ആ ഷോയിൽ ആളുകൾ പറയുന്നത് പോലെ വയലൻസ് ഉണ്ടാക്കാനോ, എല്ലാത്തിലും കയറി ഇടപെടാനോ, ജുനൈസിനെ പോലെ എവിടെയാണ് എന്റെ കണ്ടന്റ് എന്ന് അന്വേഷിച്ച് നടക്കാനോ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ആളുകൾ കാണുന്നത് ചിലപ്പോൾ എങ്ങനെയാകും പക്ഷേ എന്റെ കാഴ്ചപ്പാട് അങ്ങനെയല്ല',
'എനിക്ക് എന്റേതായ ഒരു സ്ട്രാറ്റജി ഉണ്ടായിരുന്നു. പ്രശ്നമുണ്ടായപ്പോൾ ഞാൻ ഇടപെട്ടിട്ടുണ്ട്. റിയാസും ഫിറോസും വന്നപ്പോഴാണ് മാരാരിന്റെ വിഷയം നടക്കുന്നത് അപ്പോഴാണ് ഞാൻ സംസാരിച്ചത്. അത് വേണമെന്ന് വെച്ച് ഉണ്ടാക്കി സംസാരിച്ചത് ഒന്നുമല്ല. ചെറിയ കാര്യങ്ങളിൽ പോലും ഒച്ചപ്പാട് ഉണ്ടാക്കുന്നവർ അവരുടെ സ്‌പേസ് കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. അവർക്ക് അത് അനിവാര്യമായിരിക്കാം എന്നെ സംബന്ധിച്ച് എന്റേതായ സ്‌പേസിൽ സംസാരിക്കുക എന്നതാണ്', അനു ജോസഫ് പറഞ്ഞു.
'ബിഗ് ബോസ് ഹൗസിനുള്ളിൽ ഞാൻ ഞാനായിട്ട് തന്നെയാണ് നിന്നിട്ടുള്ളത്. ഞാൻ പുലി ആയിട്ടൊന്നുമല്ല അതിനുള്ളിലേക്ക് പോയത്. എനിക്ക് അവിടുത്തെ സാഹചര്യം അനുസരിച്ച് നിൽക്കാനേ സാധിക്കുമായിരുന്നുള്ളൂ. ഞാൻ എന്ന വ്യക്തി എങ്ങനെയാണോ അങ്ങനെയാണ് അവിടെ നിന്നത്. എപ്പോഴും വയലൻസ് എന്ന രീതി എനിക്ക് ഇഷ്ടമല്ല. അവിടെ ചെന്നപ്പോൾ 'ഗ്രൂപ്പ് പൊളിക്കാൻ വന്നത്' എന്ന് പറഞ്ഞത് ബിഗ് ബോസ് നൽകിയ ഒരു ടാസ്‌ക്കിന്റെ ഭാഗമായിരുന്നു',
'അവരെ ബെഡ് മാറ്റി കിടത്തുക എന്നതായിരുന്നു ആദ്യത്തെ ടാസ്‌ക്. ഞാൻ കയറുന്നതിന് മുന്നേ അവരോട് അത് പറഞ്ഞിരുന്നു. ഇത് എനിക്ക് അറിയില്ലായിരുന്നു. എന്നെ ഏല്പിച്ച ദൗത്യമാണെന്ന് പറഞ്ഞാണ് ഞാൻ അത് അവതരിപ്പിച്ചത്. അവർ യാതൊരു എതിർപ്പും കാണിക്കാതെ മാറി കിടക്കുകയും ചെയ്തു',
'ഞാൻ അവിടെ ഗ്രൂപ്പിനകത്ത് കയറി എന്ന ആരോപണമുണ്ട്. അവിടെ നമുക്ക് ആരോടും സംസാരിക്കാതെ നിൽക്കാൻ സാധിക്കില്ല. അപ്പോൾ നമ്മൾ ഏതെങ്കിലും ഗ്രൂപ്പിൽ ആയിപ്പോകും. അത് ഗ്രൂപ്പിസത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണെന്ന് അറിയില്ല', അനു പറഞ്ഞു.

മിഥുന്റെ തല മസാജിങിനെ കുറിച്ചും അനു സംസാരിക്കുന്നുണ്ട്. അതിനുള്ള ഒരു സ്പേസ് അല്ല അവിടെയെന്ന് താരം പറയുന്നു. തന്റെ അടുത്ത് മസാജ് ചെയ്ത് തരാമോ എന്ന് ചോദിച്ച് വന്നപ്പോൾ താൽപര്യമില്ലെന്ന് പറഞ്ഞ് തിരികെ അയച്ചുവെന്നും ലേശം ഉളുപ്പുണ്ടെങ്കിൽ ഈ പെൺപിള്ളേരുടെ അടുത്ത് നിന്ന് എഴുന്നേറ്റ് പോകണമെന്ന് പറഞ്ഞിരുന്നെന്നും അനു പറഞ്ഞു.
അവിടെ എല്ലാവരും സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണ്. വാഷ് ചെയ്യാനും മസാജ് ചെയ്യാനും അയൺ ചെയ്യാനുമൊക്കെ പറയുമ്പോൾ നോ പറയണം. തനിക്ക് അത് പറയാൻ പറ്റും. മറ്റുള്ളവർ പറയാത്തത് അവരുടെ പ്രശ്‌നമാണ്. സ്ത്രീ ആയാലും പുരുഷനായാലും നോ പറയേണ്ട സ്ഥലത്ത് നോ പറയണമെന്നും അനു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











