മിഥുനുമായുള്ള സൗഹൃദം പുറത്തുവരുന്നതിനെ കുറിച്ച് വൈൽഡ് കാർഡ് പറഞ്ഞു; റിനോഷിനും അതിലായിരുന്നു ആശങ്ക: ശ്രുതി
ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് ഒടുവിൽ പുറത്തായ മത്സരാർത്ഥിയാണ് ശ്രുതി ലക്ഷ്മി. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമൊക്കെ പ്രേക്ഷകർക്ക് മുൻപേ സുപരിചിതയായ ശ്രുതി ഏകദേശം 56 ദിവസങ്ങൾക്ക് ശേഷമാണ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. ആദ്യം സേഫ് ഗെയിം എന്ന വിമർശനങ്ങൾ ഒക്കെ കേട്ടിരുന്നെങ്കിലും പിന്നീട് ശക്തയായ മത്സരാർത്ഥികളിൽ ഒരാളായി വരുന്നതിനിടെ ആയിരുന്നു ശ്രുതിയുടെ പുറത്തുപോക്ക്.
ബിഗ് ബോസ് വീടിനകത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് ശ്രുതിയുടെ സൗഹൃദങ്ങൾ ആയിരുന്നു. റിനോഷ്, അനിയൻ മിഥുൻ എന്നിവരുമായി ശ്രുതിക്കുണ്ടായ സൗഹൃദം പല രീതിയിലാണ് പുറത്തു ചർച്ച ചെയ്യപ്പെട്ടത്. റിനോഷ് - ശ്രുതി സൗഹൃദത്തെ ചിലർ മോശം രീതിയിൽ വ്യാഖ്യാനിക്കുകയും അനിയൻ മിഥുന്റെ അടുത്ത് ശ്രുതി ലവ് സ്ട്രാറ്റജി കളിച്ചു എന്നൊക്കെയുള്ള വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. പുറത്തെത്തിയ ശ്രുതി ആദ്യം തന്നെ പ്രതികരിച്ചത് ഇക്കാര്യങ്ങളിൽ ആയിരുന്നു.

അതേസമയം, പുറത്തെ ചർച്ചകൾ മനസിലാക്കാതെ, മിഥുനുമായുള്ള സൗഹൃദത്തെ കുറിച്ച് ആളുകൾ പലതും പറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് റിനോഷ് നൽകിയിരുന്നു എന്ന് പറയുകയാണ് ശ്രുതി. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. റിനോഷുമായുള്ള സൗഹൃദം അനിയൻ മിഥുന് സങ്കടമായി എന്നൊരു സംസാരം പുറത്തുണ്ടായിരുന്നു അങ്ങനെ തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
എന്റെയും മിഥുന്റെയും പ്രണയത്തിലെ ഹംസമായിരുന്നില്ലേ റിനോഷ് എന്ന് തമാശ പറഞ്ഞു കൊണ്ടാണ് ശ്രുതി തുടങ്ങിയത്. റിനോഷിന് മിഥുൻ എന്ന് പറഞ്ഞാലും, മിഥുന് റിനോഷ് എന്ന് പറഞ്ഞാലും അവർക്ക് പരസ്‌പരം ജീവന്റെ ജീവനാണ്. ഞാൻ അതിന്റെ ഇടയിലേക്ക് തള്ളി കയറിയ ആളാണ്. ഇവരുടെ ദാസന്റെയും വിജയന്റെയും ഡിസ്കഷന്റെ ഇടയ്ക്ക് ഞാൻ ഇങ്ങനെ പറന്ന് പറന്ന് നടക്കും. ഒരു ഗ്രുപ്പിലേക്കും എനിക്ക് കയറാൻ പറ്റില്ല. എല്ലായിടത്തും വലിയ ഡിസ്കഷനുകളാണ്.
മിഥുൻ ഒരിക്കലും എന്റെ കാര്യം പറഞ്ഞ് സങ്കടപ്പെടുമെന്ന് തോന്നുന്നില്ല. സത്യത്തിൽ മിഥുന്റെ കാര്യത്തിൽ റിനോഷ് എന്നെ ഉപദേശിച്ചിട്ടുള്ളതാണ്. ഞങ്ങൾക്ക് അറിയില്ലല്ലോ ഞാനും റിനോഷും തമ്മിലുള്ള ബന്ധമാണ് പുറത്ത് കത്തിപ്പടരുന്നതെന്ന്. 'ബ്രോ.. ബ്രോയും മിഥുനും തമ്മിലുള്ളത് ആളുകൾ എങ്ങനെയാകും എടുക്കുന്നതെന്ന് അറിയില്ല. എവിൻ ബ്രോയ്ക്ക് അത് ഫീലാവും. ബ്രോയെ എവിൻ ബ്രോയ്ക്ക് വിശ്വാസമായിരിക്കും. പക്ഷേ നാട്ടുകാരൊക്കെ ഓരോന്ന് പറയും'
'ഇവിടെ നിന്ന് ശ്രുതി ബ്രോയാണ് ആദ്യം പുറത്ത് പോകുന്നതെങ്കിൽ അത് ബ്രോയുടെ രീതിക്ക് സംസാരിച്ചോണം'. എന്നിങ്ങനെയൊക്കെ ആണ് എന്നോട് സംസാരിച്ചിരുന്നത്. എന്റെ പേഴ്‌സണൽ ലൈഫിന് അത്രയും വാല്യൂ തന്നവരാണ് ഇരുവരും. മിഥുനും റിനോഷും ഒക്കെ വളരെ നല്ല മനുഷ്യരാണ്. കുറച്ചു കഴിയുമ്പോൾ നിങ്ങൾക്കത് മനസിലാവുമെന്നും ശ്രുതി പറഞ്ഞു.

ഇത്തവണത്തെ ബിഗ് ബോസിൽ ഒരു പ്രണയം വർക്ക്ഔട്ട് ആയില്ലല്ലേ എന്ന് ചോദിക്കുമ്പോൾ, ഞാനും മിഥുനും കൂടി വർക്ക്ഔട്ട് ചെയ്യാൻ ശ്രമിച്ചതാണ്. ചീറ്റി പോയി എന്നായിരുന്നു ശ്രുതിയുടെ തമാശയോടെയുള്ള മറുപടി. നാട്ടുകാർ അങ്ങനെയല്ലേ പറഞ്ഞത്, ഞാൻ അത് കാണിച്ചു ഇത് കാണിച്ചു എന്നൊക്കെ!, ശ്രുതി ചോദിച്ചു.
തുടക്കത്തിൽ പുറത്തെ ആളുകൾ എങ്ങനെ എടുക്കുമെന്ന ആശങ്ക താൻ പങ്കുവച്ചതിനെ കുറിച്ചും ശ്രുതി സംസാരിച്ചു. മിഥുൻ വേറെ ഒരാളോട് എന്നെ അത്രയും ഇഷ്ടമാണെന്ന് പറഞ്ഞതായി ഞാൻ അറിഞ്ഞിരുന്നു. പക്ഷേ ഞാൻ എല്ലാം തമാശ ആയിട്ടാണ് എടുത്തത്. എന്നാൽ ഒരു വൈൽഡ് കാർഡ് എൻട്രി വന്നപ്പോൾ എന്നോട് പറഞ്ഞു, ശ്രുതിയും മിഥുനും തമ്മിലുള്ളത് ഇത്തരത്തിൽ പോകുന്നുണ്ട് എന്ന്.
അപ്പോഴാണ് ഞാൻ അങ്ങനെ സംസാരിച്ചത്. നമ്മൾ അകത്തു കാണിക്കുന്ന തമാശ പുറത്തു സീരിയസായി പോകുന്നു എന്ന് കരുതിയാണ് അങ്ങനെ സംസാരിച്ചതെന്നും ശ്രുതി വ്യക്തമാക്കി.


Click it and Unblock the Notifications