ഒന്നും പ്രതീക്ഷിക്കാതെ അഖിലിന്റെ സുഹൃത്തായി, പലർക്കും മാതൃകയായ മനുഷ്യൻ; ഷിജുവിനെ കുറിച്ച് ആരാധകൻ
ആവേശകരമായ 100 ദിനങ്ങള്‍ക്ക് ശേഷം ബിഗ്ബോസ് മലയാളം സീസണ്‍ 5 ഫിനാലെയിൽ എത്തിനിൽക്കുകയാണ്. ആരാകും വിജയകിരീടം അണിയുക എന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും മത്സരാര്‍ഥികളുമെല്ലാം. വൈകീട്ട് ഏഴിനാണ് ഗ്രാന്‍റ് ഫിനാലെ നടക്കുന്നത്. കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിയോടെ വോട്ടിങ് അവസാനിച്ചു. ടോപ്പ് ഫൈവില്‍ എത്തിയ അഖില്‍ മാരാര്‍, ശോഭ, ഷിജു, ജുനൈസ്, റെനീഷ എന്നിവരില്‍ ഒരാളുടെ കൈയാകും മോഹൻലാൽ ഇന്ന് ഉയർത്തുക.
സോഷ്യൽ മീഡിയയിലൊക്കെ ഇത് സംബന്ധിച്ച ചർച്ചകളാണ് നിറയെ. ഗ്രൂപ്പുകളിൽ ഫാൻ ഫൈറ്റുകളും സജീവമാണ്. ഒപ്പം തങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിയെ കുറിച്ചുള്ള പോസ്റ്റുകളും നിറയുന്നുണ്ട്. അത്തരത്തിൽ ഫൈനൽ ഫൈവിലെ ഒരു മത്സരാർത്ഥിയായ ഷിജുവിനെ കുറിച്ച് വന്നൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രായത്തെ തോൽപ്പിക്കുന്ന ഊർജ്ജത്തോടെ ഈ സീസണിൽ നിറഞ്ഞു നിന്ന മത്സരാർത്ഥിയാണ് ഷിജു. ഹൗസിനുള്ളിൽ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കാനും ഷിജുവിനായി.

അഖിൽ മാരാർ ആയിരുന്നു ഹൗസിലെ ഷിജുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ആ സൗഹൃദത്തിന്റെ പേരിലാണ് ഷിജു കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുള്ളതും. അഖിലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായ ഘട്ടത്തിൽ പോലും അഖിലിനെ പിന്തുണച്ചു നിന്നതാണ് വിമർശനങ്ങൾക്ക് കാരണമായത്. എങ്കിലും പലർക്കും മാതൃകയാണ് ഷിജുവെന്നാണ് പോസ്റ്റിൽ പറയുന്നത്.
'കളി ജയിക്കുമോ തോൽക്കുമോ കപ്പടിക്കുമോ നഷ്ടപ്പെടുത്തുമോ എന്നതിൽ കാര്യമുണ്ടെങ്കിലും.. ഒരു മനുഷ്യൻ പ്രേക്ഷകർക്ക് എങ്ങനെ മാതൃകയായിരിക്കണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആണ്ടവർ.. ഒന്നും പ്രതീക്ഷിക്കാതെ അഖിലിൻ്റെ സുഹൃത്തായി ആദ്യം മുതൽ അവസാനം വരെ നിന്നപ്പോൾ സുഹൃത്ത് ബന്ധം എങ്ങനെ കളങ്കമില്ലാതെ മനോഹരമാക്കാം എന്ന് ഈ വ്യക്തി കാണിച്ച് തന്നു..
അഖിലിൻ്റെ സുഹൃത്താണെങ്കിൽ കൂടിയും അത്യാവശ്യം ഒരു സിനിമാനടനായിട്ട് കൂടിയും ഹെഡ് വെയ്റ്റ് കാണിക്കാതെ എല്ലാവരെയും വ്യത്യാസമില്ലാതെ എങ്ങനെ ചേർത്ത് നിർത്താം എന്ന് ഈ വ്യക്തി മനസ്സിലാക്കി കൊടുത്തു.. അടുക്കള ഭരണം സ്ത്രീകളുടെ മാത്രം അവകാശമാണെന്ന് ഇന്നും കരുതുന്ന കുറെ പേർക്ക്, ഈ സീസണിലെ അടുക്കളയുടെ നേതൃത്വം ഏറ്റെടുത്ത് അവിടെയും ഈ മനുഷ്യൻ മാതൃകയായി..
പ്രായം വെറും അക്കങ്ങൾ മാത്രമാക്കിക്കൊണ്ട് യുവരത്നങ്ങളോടൊപ്പം ഒരു പക്ഷേ അവരെക്കാൾ മുകളിൽ തന്നെ ടാസ്കുകൾ ഗംഭീരമാക്കി.. മനീഷ മനസിൽ തട്ടി കരഞ്ഞ് പറഞ്ഞ ഒരു കാര്യമുണ്ട്... ഷിജൂ... നീ നിൻ്റെ ഭാര്യക്ക് നല്ല ഭർത്താവ് തന്നെയാണ്... എനിക്ക് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സുഹൃത്തായിരുന്നു ഷിജു നീ...

അഖിൽ മാരാരുടെ ഉറ്റ സുഹൃത്തായതിൻ്റെ പേരിൽ മാത്രം ഹേറ്റേസ് മാരാരോടൊള്ള വിരോദം ഇടക്ക് ഈ മനുഷ്യനോടും തീർക്കുന്നത് മാറ്റി നിർത്തിയാൽ... ഹേറ്റേസിന് പോലും മനസ്സിൽ ഈ മനുഷ്യനോട് ഇഷ്ടം മാത്രമെയുള്ളൂ എന്നതാണ് സത്യം... 90 കിഡ്സ് ഈ മനുഷ്യനെ എന്നും ഓർത്തുവെക്കുന്ന പോലെ.. ഈ ജനറേഷനും ഈ വ്യക്തിയെ നെഞ്ചിലേറ്റിയിരിക്കുന്നു.. ആണ്ടവർ.. ഇഷ്ടമാണ്. നൂറുവട്ടം', എന്നായിരുന്നു കുറിപ്പ്.
ഇന്നലത്തെ എപ്പിസോഡിൽ റനീഷയുടെ അവസ്ഥയെ കുറിച്ച് ജുനൈസിനെ ബോധ്യപ്പെടുത്തിയത് മുതൽ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഷിജുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഒപ്പം വിമർശനങ്ങളുമുണ്ട്. അതേസമയം ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ അനൗദ്യോഗിക ഓൺലൈൻ പോളുകളിൽ എല്ലാം അഖിൽ മാരാരാണ് മുന്നിൽ നിൽക്കുന്നത്. അഖിൽ മാരാർ തന്നെ കപ്പുയർത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ ഇത് ബിഗ് ബോസ് ആണെന്നും അതിനാല്‍ എന്തും സംഭവിക്കാമെന്നും പ്രേക്ഷകര്‍ക്ക് അറിയാം.


Click it and Unblock the Notifications