മത്സരാർത്ഥികളെ ഞെട്ടിച്ച് ആദ്യ വൈൽഡ് കാർഡ് എൻട്രി; ഹനാൻ ബിഗ് ബോസ് വീട്ടിൽ!
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആദ്യ വൈൽഡ് കാർഡ് എൻട്രി വീട്ടിൽ പ്രവേശിച്ചിരിക്കുകയാണ്. പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഒക്കെ ആദ്യമേ മുതൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഹനാൻ ആണ് ആദ്യ വൈൽഡ് കാർഡ് എൻട്രി. നടിയായും മോഡലായും ഇൻഫ്ലുവെൻസറായുമൊക്കെ സോഷ്യൽ മീഡിയക്ക് മുന്നേ പരിചിതയാണ് ഹനാൻ. ഈ സീസണിൽ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുന്ന 19-മത്തെ മത്സരാർത്ഥിയാണ് ഹനാൻ.
ജീവിക്കാനായി സ്‌കൂൾ പഠനത്തിന് ശേഷം മീൻ കച്ചവടം ചെയ്യുന്ന പെൺകുട്ടി ആയിട്ടാണ് ഹനാൻ ആദ്യമായി വാർത്തകളിൽ നിറയുന്നത്. സംഭവം വലിയ വാർത്തയായതോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹനാന് സഹായങ്ങൾ ലഭിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് തെറ്റിദ്ധാരണ പരത്തുന്ന പല പ്രചരണങ്ങളും ഹനാന് നേരെ ഉയർന്നു വന്നു. സിനിമാക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് ഹനാന്റെ ജീവിതത്തിൽ പിന്നീടങ്ങോട്ട് ഉണ്ടായത്. നിരവധി പേർ ഹനാനെ കുറ്റപ്പെടുത്താനും പരിഹസിക്കാനും തുടങ്ങി.

ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ ഹനാൻ തരണം ചെയ്യേണ്ടിയതായി വന്നു. സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ തുടരെ തുടരെ ഉണ്ടായ പല പ്രതിസന്ധികളെയും അതിജീവിച്ചാണ് ഹനാൻ ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്കും എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ ശക്തയായ മത്സരാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന താരമാണ് ഹനാൻ. കഴിഞ്ഞ സീസണുകളിൽ അടക്കം പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഹനാന്റെ പേരുണ്ടായിരുന്നു.
തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും തനിക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാനുമൊന്നും യാതൊരു സങ്കോചവുമില്ലാത്ത വ്യക്തിയായിട്ടാണ് ഹനാൻ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. അടുത്തിടെ ഫേസ്‌ബുക്കിൽ തന്നോട് അപമര്യാദയോടെ പെരുമാറിയ ആളെ പൊലീസിന് പിടിച്ച് കൊടുത്ത് ഹനാൻ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ബിഗ് ബോസ് വീട്ടിലെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ എങ്ങനെയാകും ഹനാന്റെ പ്രകടനം എന്നറിയാൻ പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ, ആകെ ബഹളമയമായ വീട്ടിലേക്കാണ് ഹനാൻ പ്രവേശിച്ചിരിക്കുന്നത്.
ഞെട്ടലോടെയാണ് മത്സരാർത്ഥികൾ എല്ലാം ഹനാനെ സ്വീകരിച്ചത്. കാര്യമായ ടാസ്കുകളോ ഒന്നും നൽകാതെ മത്സരാർത്ഥികൾ ബോറടിച്ചു ഇരിക്കുന്ന സമയത്തായിരുന്നു ഹനാന്റെ ഒട്ടും പ്രതീക്ഷിക്കാത്ത എൻട്രി. ബിഗ് ബോസ് തീം സോങിന്റെ അകമ്പടിയോടെ പ്രധാന വാതിലിലൂടെയാണ് ഹനാൻ വീട്ടിലേക്ക് പ്രവേശിച്ചത്. പ്രത്യേക അറിയിപ്പുകളോ ഒന്നും ബിഗ് ബോസ് നൽകിയിരുന്നില്ല. മത്സരാർത്ഥികൾ എല്ലാവരും ചേർന്നാണ് ഹനാനെ വീട്ടിലേക്ക് ക്ഷണിച്ചത്.

ഹനാന്റെ പ്രവേശനത്തിന് പിന്നാലെ അവിടെ ഇവിടെയായി മത്സരാർത്ഥികൾക്കിടയിൽ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. പുറത്ത് കൂടുതൽ പിന്തുണ ആർക്കാണ് എന്നൊക്കെ ഹനാന്റെ ഇടപെടലുകളിൽ നിന്ന് മനസിലാക്കാമെന്ന പ്രതീക്ഷയൊക്കെ മറ്റു മത്സരാർത്ഥികൾ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, ഈ സീസണില്‍ കൂടുതല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ആഴ്ചയിൽ തന്നെ ആദ്യ വൈൽഡ് കാർഡ് എത്തിയത് അതിന്റെ സൂചനയാകാം.
എന്തായാലും ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ പ്രേക്ഷകരില്‍ നിന്നും ശ്രദ്ധ നേടാനായി മതിയായ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന താരങ്ങള്‍ കുറവാണെന്നൊരു വിമര്‍ശനം ഈ സീസൺ നേരിടുന്നുണ്ട്. അത് തിരുത്താൻ കഴിയുന്ന മത്സരാർത്ഥികൾ എത്തണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഹനാനിലൂടെ അത് സാധ്യമാകുമെന്ന് കരുതുന്നവരുമുണ്ട്.


Click it and Unblock the Notifications