അഖിൽ മാരാർക്കൊരു പ്രത്യേകതയുണ്ട്! റിനോഷിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു; അനൂപ് കൃഷ്ണൻ പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ശ്രദ്ധേയ മുഖമായിരുന്നു അനൂപ് കൃഷ്ണൻ. കോവിഡ് മൂലം ഫിനാലെ വീക്ക് ഇല്ലാതെ പോയ സീസണിൽ അഞ്ചാം സ്ഥാനത്തായിരുന്നു താരം. ടാസ്കുകളിലും ഹൗസിനുള്ളിലെ പ്രശ്നങ്ങളിൽ ഇടപെടുന്ന കാര്യത്തിലാണെങ്കിലും മുന്നിൽ തന്നെ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് അനൂപ്. ആ സീസണിലെ മികച്ച ഗെയിമര്‍ അവാര്‍ഡ് നേടിയതും അനൂപ് കൃഷ്‍ണനാണ്. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ സ്ഥിരം പ്രേക്ഷകനാണ് അനൂപ് ഇപ്പോൾ.
ഫിനാലെയിലേക്ക് എത്തി നിൽക്കുന്ന അഞ്ചാം സീസണിനെ കുറിച്ചും അതിലെ മത്സരാർത്ഥികളെ കുറിച്ചും അനൂപ് നടത്തിയ വിലയിരുത്തൽ ശ്രദ്ധനേടുകയാണ്. മികച്ച ഒരു സീസണ്‍ തന്നെയാണ് ഇത്തവണത്തേതെങ്കിലും പ്രേക്ഷകരെ പോലെ ചില വിമര്‍ശനങ്ങൾ അനൂപിനുമുണ്ട്. ഗെയിം സ്‍പിരിറ്റോടെ മത്സരാര്‍ഥികള്‍ ചില ടാസ്‍കുകളെ സമീപിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് അനൂപ് പറയുന്നു. ഏഷ്യാനെറ്റ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

റിനോഷില്‍ ആയിരുന്നു ഷോയുടെ തുടക്കത്തില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നതെന്ന് അനൂപ് പറയുന്നു. എന്നാൽ റിനോഷ് ഗെയിമുകള്‍ അത്ര മനസിലാക്കിയില്ല എന്ന് പിന്നീട് തിരിച്ചറിഞ്ഞു. എങ്കിലും ആളുകൾ ഇഷ്‍ടപ്പെടുന്ന പ്രത്യേകതകളുണ്ടായിരുന്നു. അഖില്‍ മാരാരൊക്ക ഗെയിമറാണ് എന്ന് പറയുമ്പോഴും അദ്ദേഹം എപ്പോഴും ആ സ്‍പിരിറ്റ് കാണിച്ചിരുന്നില്ല.
ടിക്കറ്റ് ടു ഫിനാലെയിലെ ചില ടാസ്‍കുകളില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുകയാണ് ചെയ്തത്. അതിലൊക്കെ ജയിച്ച് താൻ അര്‍ഹനാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു അഖിലിന്. പക്ഷേ അത് അദ്ദേഹം ഉപയോഗിച്ചില്ല. അതിനുമുമ്പുളള പല ടാസ്‍കുകളിലും അദ്ദേഹം ഔട്ട് ഓഫ് ബോക്സ് കോണ്‍ട്രിബ്യൂഷൻ ചെയ്ത ആളുമാണെന്ന് അനൂപ് പറയുന്നു.
അഖില്‍ മാരാരെ കണ്ടുകണ്ട് ഇഷ്‍ടപ്പെട്ടവരാണ് ഷോയുടെ പ്രേക്ഷകര്‍. സ്വാഗ് എന്നൊക്കെ പറയുന്ന, അങ്ങനെ ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ട്. ചില സിനിമകളിൽ ആദ്യം നായകൻ നല്ലവനൊന്നും ആയിരിക്കണമെന്നില്ല. സിനിമ അവസാനിക്കാനാകുമ്പോള്‍ നമ്മള്‍ അയാളെ ഇഷ്‍ടപ്പെട്ട് തുടങ്ങും. അങ്ങനെ ഒരു പ്രത്യേകത അഖിൽ മാരാർക്കുണ്ടെന്നും അനൂപ് കൂട്ടിച്ചേർത്തു. തന്റെ സുഹൃത്തായ റെനീഷയെ കുറിച്ചും അനൂപ് സംസാരിച്ചു.
റെനീഷ അനിയത്തിയെ പോലെയാണ്. മികച്ച ഒരു തുടക്കം റെനീഷയ്ക്ക് ലഭിച്ചിരുന്നു. പക്ഷേ സൗഹൃദങ്ങളില്‍ പെട്ട് റെനീഷയ്ക്ക് അത് മുന്നോട്ടുകൊണ്ടുപോകാനായില്ല. നാഗവല്ലി അഭിനയിച്ചതിന് ഫാസില്‍ സാര്‍ അഭിനന്ദിച്ചത് റെനീഷയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. ഷിജു ചേട്ടനും സ്വന്തമായ ഒരു രീതിയില്‍ ഗെയിം മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. പക്ഷേ നിലവിലെ സീസണ്‍ തുടക്കത്തിലേ അഖിലിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നും നടൻ അഭിപ്രായപ്പെട്ടു.

നാദിറയുടെ നേട്ടങ്ങളിലെ സന്തോഷവും അനൂപ് അഭിമുഖത്തിൽ പങ്കുവച്ചു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ആദ്യമായി ഫിനാലെയില്‍ എത്തുന്ന മത്സരാര്‍ഥിയായി നാദിറ. അവരെ അവരുടെ വീട്ടുകാര്‍ അംഗീകരിച്ചു. നാട്ടുകാര്‍ അംഗീകരിച്ചു. അത് വലിയൊരു കാര്യമാണ്. രണ്ടാം സ്ഥാനത്തെങ്കിലും അവര്‍ക്ക് എത്താനായാല്‍ അത് ചരിത്രസംഭവുമാകുമെന്നാണ് അനൂപ് പറഞ്ഞത്. ഈ സീസണിലെ ടോപ് ഫൈവില്‍ അഖില്‍ മാരാര്‍, നാദിറ, ശോഭ, റെനീഷ, ജുനൈസ് എന്നിവരെയാണ് പ്രതീക്ഷിക്കുന്നതെന്നും അനൂപ് കൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം, പണപ്പെട്ടി സ്വന്തമാക്കി നാദിറ ഇന്ന് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. നിലവിൽ ആറ് മത്സരാർത്ഥികളാണ് ഷോയിൽ അവശേഷിക്കുന്നത്. അഖില്‍ മാരാര്‍, ശോഭ, റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവരാണ് ഹൗസിലുള്ളത്. ഇതിൽ ആരാകും ഞായറാഴ്ച നടക്കുന്ന ഫിനാലെയിൽ കപ്പുയർത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications