അവനു വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിരുന്നത്, പൊന്നുപെങ്ങളെ എന്നാണ് എന്നെ വിളിക്കുക; മകനെ കുറിച്ച് ഗോപിക
ബിഗ് ബോസ് മലയാളം സീസൺ 5 മൂന്നാം വാരത്തിൽ എത്തി നിൽക്കുമ്പോൾ നിരവധി സംഭവ വികാസങ്ങളാണ് ഇതുവരെ വീടിനുള്ളിൽ അരങ്ങേറിയത്. ഒരുപാട് വഴക്കുകൾക്കും കലഹങ്ങൾക്കുമിടയിൽ മത്സരാർത്ഥികൾ ഒന്നിച്ചു നിന്ന് ആഘോഷമാക്കിയ സംഭവങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്നലെ രാത്രി അങ്ങനെയൊരു ആഘോഷം വീടിനുള്ളിൽ നടന്നിരിക്കുകയാണ്. ഈ സീസണിൽ കോമണറായി എത്തിയ ഗോപികയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് മത്സരാർത്ഥികൾ.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർഥിയാണ് ഗോപിക. മൂവാറ്റുപുഴക്കാരി ആയ ഗോപികയുടെ മകനും അമ്മയും ചേട്ടനുമെല്ലാം ആശംസകൾ അറിയിച്ച് എത്തിയതോടെയാണ് ഗോപികയുടെ പിറന്നാൾ ആണെന്ന് മറ്റുള്ളവർ അറിയുന്നത്. ഇന്നലെ രാത്രി ഗോപിക ഉൾപ്പടെ ചിലർ ഉറക്കം പിടിച്ചു തുടങ്ങിയപ്പോൾ പെട്ടെന്നായിരുന്നു പ്ലാസ്മ ടിവിയിൽ ഗോപികയുടെ കുടുംബത്തിന്റെ വീഡിയോ പ്ലേ ചെയ്തത്.

അമ്മയുടെയും മകന്റെയും ശബ്ദം കേട്ട് ഉണർന്ന ഗോപികയും മറ്റു മത്സരാർത്ഥികളും ടിവിക്ക് മുന്നിലേക്ക് എത്തിയപ്പോഴേക്കും വീഡിയോ അവസാനിച്ചിരുന്നു. പിന്നാലെ മത്സരാർത്ഥികളുടെ ആവശ്യ പ്രകാരം ഒരിക്കൽ കൂടി വീഡിയോ ഇടുകയായിരുന്നു. മോൾ നല്ല രീതിയിൽ കളിക്കുന്നുണ്ട് എന്നും, ഇനിയും അങ്ങനെ തന്നെ മുൻപോട്ട് പോകണം ബെസ്റ്റ് വിഷസ്, എന്നാണ് അമ്മയും ചേട്ടായിയും ഗോപികയോട് പറഞ്ഞത്. ഗോപികയുടെ മകൻ അമ്പുവും വീഡിയോയിൽ ഉണ്ടായിരുന്നു.
പൊന്നുപെങ്ങളിന് ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞാണ് ഗോപികയുടെ മോൻ അമ്മയ്ക്ക് ആശംസകൾ നേർന്നത്. അതോടെ ഗോപു ഇമോഷണൽ ആകുന്നതും കാണാൻ കഴിയും. ഇതിനു പിന്നാലെ ഒരു പുത്തൻ ഉടുപ്പും കേക്കും ബിഗ് ബോസ് ഗോപികയ്ക്ക് നൽകി. തുടർന്ന് എല്ലാവരും ചേർന്ന് ഗോപികയ്ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. വിഷ്ണുവും മിഥുനും ഗോപികയെ എടുത്തുയർത്തിയാണ് ആശംസകൾ നേർന്നത്.
ആഘോഷങ്ങൾക്ക് ശേഷമെല്ലാം മകനെ സ്‌ക്രീനിൽ കണ്ട സന്തോഷത്തിൽ ആയിരുന്നു ഗോപിക. പൊന്നു പെങ്ങളെ സുഖമാണോ, ഹാപ്പി ബർത്ത് ഡേ, ഉമ്മ! എന്നായിരുന്നു മകന്റെ വാക്കുകൾ. ആഘോഷങ്ങൾക്ക് ശേഷം ലച്ചുവിനോട് ഗോപിക മകനെ കുറിച്ച് സംസാരിച്ചിരുന്നു. എന്ത് ക്യൂട്ട് ആണ് അമ്പു, എന്ത് ഭംഗിയാണ് അവനെ കാണാൻ തക്കുടു ആണല്ലോ. എന്നൊക്കെ ചോദിച്ചു ലച്ചു ഗോപികയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. സന്തോഷമായോ എന്ന് ലച്ചു ചോദിച്ചിരുന്നു.
'എന്ത് രാസമാണെന്നോ അവന്റെ പൊന്നു പെങ്ങളെ എന്ന വിളി കേൾക്കാൻ. എല്ലാവരും പറയും അങ്ങനെ വിളിക്കരുത്. അമ്മയെ അങ്ങനെ അല്ല വിളിക്കേണ്ടത് എന്ന്. എന്നാലും അവന്റെ സ്നേഹം നിറഞ്ഞ വിളിയില്ലേ അതാണ് എല്ലാം. അവൻ എന്നെ പേര് വിളിച്ചാലും, പെങ്ങളെ എന്ന് വിളിച്ചാലും എടീ എന്ന് വിളിച്ചാലും അവന്റെ ആ വിളിയിൽ ആണ് എന്റെ ജീവിതം ഞാൻ കൊണ്ട് പോകണേ' എന്നായിരുന്നു ഗോപിക അപ്പോൾ പറഞ്ഞത്.

എന്റെ ജീവിതത്തിൽ ഫുൾ അവൻ മാത്രമേ ഉള്ളൂ. അവനു വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിരുന്നത് തന്നെ. ഇവിടെ വരെ എത്തിച്ചത് തന്നെ അവൻ ആണ്. മോനെ നിന്നെ മിസ് ചെയ്യുന്നു എനിക്ക്. ഉണ്ടായപ്പോ മുതൽ ആര് പറഞ്ഞുകൊടുത്തു എന്ന് എനിക്ക് അറിയില്ല, അവൻ എന്നെ പൊന്നു പെങ്ങളെ ആണ് വിളിച്ചു കൊണ്ടിരുന്നത് എന്ന് ഗോപിക മറ്റുള്ളവരോടും പറയുന്നുണ്ട്.
നേരത്തെ തന്റെ വിവാഹമോചനത്തെ കുറിച്ചൊക്കെ ഗോപിക ഷോയിൽ സംസാരിച്ചിരുന്നു. മകന് ഏഴ് മാസം പ്രായമുള്ളപ്പോൾ ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കി ഭർത്താവിന്റെ വീട് വിട്ട് ഇറങ്ങുകയായിരുന്നു എന്നാണ് ഗോപിക പറഞ്ഞത്. മകന് ഇപ്പോൾ നാല് വയസായെന്നും ഗോപിക പറഞ്ഞിരുന്നു.


Click it and Unblock the Notifications