വിഷ്ണുവിന് മുമ്പ് പുറത്താകേണ്ടവര്‍ അവിടെയുണ്ട്, ഇത് അനീതി; തുറന്നടിച്ച് ജാസ്മിന്‍
അപ്രതീക്ഷിത ട്വിസ്റ്റുകളുടെ വേദിയാണ് ബിഗ് ബോസ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ എപ്പിസോഡ്. തീര്‍ത്തും അപ്രതീക്ഷിതമായൊരു എവിക്ഷനാണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. അവസാന ഘട്ടത്തിലേക്ക് അടുക്കുന്തോറും ബിഗ് ബോസ് മത്സരം കൂടുതല്‍ അപ്രതീക്ഷിതവും ശക്തവുമാകുമെന്നതിന്റെ തെളിവാണ് ഇന്നലെ നടന്ന വിഷ്ണു ജോഷിയുടെ പുറത്താകല്‍.
സഹതാരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒന്നാണ് വിഷ്ണുവിന്റെ പുറത്താകല്‍. തുടക്കം മുതല്‍ക്കെ ശക്തനായ മത്സരാര്‍ത്ഥി എന്ന പേര് നേടിയ താരമാണ് വിഷ്ണു ജോഷി. പൂര്‍ണമായും ബിഗ് ബോസ് ഷോയ്ക് യോജിച്ച മത്സരാര്‍ത്ഥി എന്നാണ് വിഷ്ണുവിനെക്കുറിച്ച് താരങ്ങളും ആരാധകരും ഒരുപോലെ പറഞ്ഞത്.

മിക്ക പ്രെഡിക്ഷനുകളിലും ടോപ് ഫൈവില്‍ വിഷ്ണു ഉണ്ടായിരുന്നു. ഗെയിം ചേഞ്ചര്‍, ഖല്‍ നായക് എന്നൊക്കെ പ്രേക്ഷകരും സഹ മത്സരാര്‍ത്ഥികളും വിളിച്ചിരുന്ന വിഷ്ണു പുറത്തായത് എങ്ങനെയെന്ന് മനസിലാകാതെ തല പുകയ്ക്കുകയാണ് എല്ലാവരും. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയേണ്ടിയിരുന്നത് സെറീനയോ നാദിറയോ ആയിരുന്നു. അവസാന നിമിഷമാണ് വിഷ്ണു പുറത്തായി എന്ന വാര്‍ത്ത പുറത്ത് വന്നത്.
ഇതിനിടെ ഇപ്പോഴിതാ വിഷ്ണുവിന്റെ പുറത്താകലില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. പോയ സീസണിലെ മത്സരാര്‍ത്ഥിയായ ജാസ്മിന്‍ തന്റ ക്യു ആന്റ് എ സെഷനിടെയാണ് വിഷണുവിന്റെ പുറത്താകലിനെക്കുറിച്ച് മനസ് തുറന്നത്.
''വ്യക്തിപരമായി എനിക്ക് വിഷ്ണുവിന്റെ ഗെയിം ഇഷ്ടമല്ല. പക്ഷെ ഇപ്പോള്‍ വീട്ടിലുള്ള എല്ലാ മത്സരാര്‍ത്ഥികളേയും വച്ച് നോക്കുമ്പോള്‍ വിഷ്ണുവിനേക്കാള്‍ മുമ്പ് പോകേണ്ടവര്‍ ഉണ്ടെന്ന് തോന്നുന്നു. അതിനാല്‍ ഈ എവിക്ഷന്‍ ന്യയമായിട്ട് തോന്നുന്നില്ല. അവിടെ സ്ഥിരതാമസത്തിനായി പോയതല്ല. ഒരു ദിവസം പുറത്ത് വരണം. ഒരാള്‍ക്ക് മാത്രമേ വിജയിയാകാന്‍ സാധിക്കുകയുള്ളൂ. ടോപ് ഫൈവിലെത്തുന്നവരില്‍ ഒരാളേ ജയിക്കൂ. കുറഞ്ഞപക്ഷം അവന് അവന്റെ മാതാപിതാക്കളെ കുറച്ച് നേരത്ത കാണാനെങ്കിലും സാധിച്ചല്ലോ'' ജാസ്മിന്‍ പറയുന്നു.
അതേസമയം പുറത്തായെന്ന് വ്യക്തമായതോടെ വിഷ്ണുവിനെ ആദ്യം കെട്ടിപിടിച്ച് ആശ്വസിപ്പിച്ചത് അടുത്ത കൂട്ടുകാരനായ അഖിലായിരുന്നു. ഞാനുണ്ട് പുറത്ത് എന്നാണ് അഖില്‍ വിഷ്ണുവിനെ കെട്ടിപിടിച്ച് പറഞ്ഞത്. 'ഷോക്കിങാണ്. ഇത് ഗെയിമാണെന്ന് എല്ലാവരെക്കാളും നന്നായി എനിക്ക് അറിയാം. പോയിട്ട് തിരിച്ചുവരാം. എല്ലാവര്‍ക്കും ആശംസകള്‍.' എന്നാണ് തന്റെ പുറത്താകലിനെക്കുറിച്ച് വിഷ്ണു പറഞ്ഞത്. നല്ലൊരു സുഹൃത്തായി എപ്പോഴും താനുണ്ടാകുമെന്ന് അനിയന്‍ മിഥുന്‍ പറഞ്ഞു.

സ്ഥിരം എതിരാളിയായ ജുനൈസ് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞാണ് വിഷ്ണുവിനെ യാത്രയാക്കിയത്. അതേസമയം, പുറത്താകില്ലെന്ന അഹങ്കാരം കാരണം താന്‍ പെട്ടിപോലും മര്യാദയ്ക്ക് പാക്ക് ചെയ്തിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞതും ശ്രദ്ധ നേടുന്നുണ്ട്. വിഷ്ണുവിന്റെ പുറത്താകലിന്റെ കാരണമായി ശ്രുതിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ നാദിറ ചൂണ്ടിക്കാണിച്ചിരുന്നു. ശോഭയോടാണ് നാദിറ തന്റെ വിലയിരുത്തല്‍ പങ്കുവച്ചത്.
എന്തുകൊണ്ട് പുറത്തായി എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ 'എന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാന്‍ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷെ 84 ദിവസങ്ങള്‍ക്ക് ശേഷമാകും എന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേടുണ്ടായിട്ടുണ്ടാകുക.' എന്നായിരുന്നു വിഷ്ണു നല്‍കിയ മറുപടി. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് എന്നെ ഇതുവരെ ഇഷ്ടപ്പെട്ടിട്ടുണ്ടാകുകയെന്നും വിഷ്ണു പറഞ്ഞു.


Click it and Unblock the Notifications











