ഞങ്ങളുടെ അറിവിൽ സെറീനയാണ് ജുനൈസിന്റെ ആദ്യത്തെ ക്രഷ്; അവനോട് ചെയ്യുന്നത് കാണുമ്പോൾ സങ്കടം വരും: കളിക്കൂട്ടുകാരി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിജയലക്ഷ്യവുമായി മുന്നേറുകയാണ് മത്സരാര്‍ത്ഥികളെല്ലാം. ഏഴ് മത്സരാർത്ഥികളാണ് നിലവിൽ ഹൗസിൽ അവശേഷിക്കുന്നത്. ടോപ് ഫൈവിൽ എത്തുന്നത് ആരൊക്കെയാകുമെന്ന ചർച്ചകളാണ് പ്രേക്ഷകർക്കിടയിൽ നടക്കുന്നത്. പലരുടെയും പേരുകൾ ഇക്കൂട്ടത്തിൽ പറഞ്ഞു കേൾക്കുന്നുണ്ട്. അതിൽ തന്നെ അവസാന അഞ്ചിൽ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്ന മത്സരാർത്ഥിയാണ് ജുനൈസ് വി.പി.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജുനൈസ് 50 ദിവസത്തിനുള്ളിൽ പുറത്തുപോകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച മത്സരാർത്ഥിയാണ്. എന്നാൽ ഹൗസിൽ വളരെ സജീവമായി നിന്നുകൊണ്ട് ജുനൈസ് ഫിനാലെ എന്ന സ്വപ്നത്തിലേക്ക് എത്തുകയായിരുന്നു. കപ്പുയർത്തുക എന്നതിൽ കുറഞ്ഞതൊന്നും ജുനൈസ് ഇപ്പോഴും ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചാണ് ജുനൈസ് ഇന്ന് ബിഗ് ബോസിൽ എത്തി നിൽക്കുന്നത്.

എന്റെ കഥ ടാസ്കിൽ ഉൾപ്പടെ ജുനൈസ് തന്റെ കഥ പങ്കുവയ്ക്കുകയുണ്ടായി. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ടയാളാണ് ജുനൈസ്. ഉമ്മയെ കൊലപ്പെടുത്തി ഉപ്പ ജയിലിൽ പോവുകയായിരുന്നു. പിന്നീട് ഉമ്മയുടെ സഹോദരന്റെ സംരക്ഷണയിലായിരുന്നു ജുനൈസിന്റെ ജീവിതം. അവിടെ ആയിരുന്നു ജുനൈസിന്റെ കുട്ടിക്കാലം മുഴുവൻ. ഇപ്പോഴിതാ ജുനൈസിന്റെ ബാല്യകാല സുഹൃത്തായ മുഹ്സിന താരത്തിന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഒന്നിച്ചു കളിച്ചു വളർന്നവരാണ് ജുനൈസും മുഹ്സിനയും. ബിഗ് ബോസ് ഹൗസിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ജുനൈസ് എന്നാണ് കൂട്ടുകാരി പറയുന്നത്. തന്റെ അറിവിൽ ജുനൈസിന്റെ ആദ്യ ക്രഷ് സെറീനയാണെന്നും സ്‌കൂൾ കാലഘട്ടത്തിൽ ഒന്നും ആൾക്ക് പ്രണയുമുണ്ടായിട്ടില്ലെന്നും മുഹ്സിന പറഞ്ഞു. മഴവിൽ കേരളം ചാനലിനോടാണ് പ്രതികരണം.
"ഞാനും അവനും ഒരേ പ്രായക്കാരാണ്. പ്ലസ് ടു വരെ ഇവിടെ തന്നെ ആയിരുന്നു പിന്നീടാണ് ഇരിട്ടിയിൽ ചേട്ടന്റെ വീട്ടിലേക്ക് മാറുന്നത്. ബിഗ് ബോസിലെ അവന്റെ ഗെയിം എല്ലാം കാണാറുണ്ട്. നന്നായി കളിക്കുന്നുണ്ട്. അവൻ എങ്ങനെയാകും അതിനകത്ത് നിൽക്കുക എന്നൊക്കെ ചിന്തിച്ചിരുന്നു. ഇത്രയും നാൾ നിന്നത് വലിയ കാര്യമാണ്. ജുനൈസ് അതിൽ കാണുന്നത് പോലെ തന്നെയാണ്. തമാശയൊക്കെ കാണിച്ചു നടക്കും. ഞങ്ങൾ സ്‌കൂളിൽ ഒക്കെ ഒന്നിച്ചാണ് പോയിരുന്നത്. ഒന്നിച്ചാണ് കളിച്ചിരുന്നത്. ഇപ്പോൾ അതൊക്കെ മിസ് ചെയ്യുന്നുണ്ട്.
ബിഗ് ബോസിൽ മോശമല്ലാതെ ഗെയിം കളിക്കുന്നുണ്ട്. നൂറ് ദിവസം അവൻ അവിടെ നിൽക്കട്ടെ എന്നാണ് പ്രാർത്ഥന. എല്ലാവർക്കും നല്ലൊരു സുഹൃത്താണ്. കുട്ടിക്കാലത്ത് അങ്ങനെ പ്രണയമൊന്നും ആരോടും ഉണ്ടായിട്ടില്ല. ക്രഷ് ഒന്നും ആ സമയത്ത് ഉണ്ടായിട്ടില്ല. ഞങ്ങളുടെ അറിവിൽ സെറീനയാണ് ആദ്യത്തെ ക്രഷ്. അതിനു മുന്നേ ഒന്നും ഉള്ളതായി അറിവില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മളോടാണ് ആദ്യം തുറന്നു പറയുക. അതിനകത്ത് അങ്ങനെ നിൽക്കുമ്പോൾ ഉണ്ടായ ഒരു തോന്നലാകാം", മുഹ്സിന പറയുന്നു.

അഖിൽ മാരാരുമായുള്ള അടി കാണുമ്പോൾ ചേട്ടനും അനിയനും തമ്മിലുള്ള അടി പോലെയാണ് തോന്നാറുള്ളത്. പക്ഷേ അതിന്റെ ഒരു ദേഷ്യം അവന്റെ ഉള്ളിൽ എപ്പോഴും കിടക്കുന്നത് പോലെ തോന്നാറുണ്ട്. ആദ്യം അവനെ കളിയാക്കുന്നതൊക്കെ കൂടുതലായിരുന്നു. ഹോട്ടൽ ടാക്‌സിൽ അവന് ഒരു വില കൊടുക്കാത്ത പോലെ തോന്നി. ഒരു തമാശ പോലെയാണ് എല്ലാവരും ഇടപെട്ടത്. ഹോട്ടൽ ടാസ്ക് അവൻ നല്ല രീതിയിൽ കുഴപ്പമില്ലാതെ ചെയ്തു. അതിനു ശേഷം നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്.
എല്ലാവരും ട്രോളുകയും കളിയാക്കുകയും ഒക്കെ ചെയ്യുമ്പോൾ സങ്കടം വരാറുണ്ട്. അധികം ഒന്നും തിരിച്ചുപറയാത്ത കൊണ്ടാകും. ദേഷ്യപ്പെട്ടാലും വഴക്കുണ്ടാക്കിയാലും അവൻ പിന്നീട് ചെന്ന് മിണ്ടും. മിണ്ടാതെ ഇരിക്കാനൊന്നും അവനെ കൊണ്ട് കഴിയില്ല. അവൻ ബിഗ് ബോസിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചതല്ല. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാണ് പ്രാർത്ഥയെന്നും മുഹ്സിന പറഞ്ഞു.


Click it and Unblock the Notifications











