സൈബര്‍ ബുള്ളിയിംഗ് നേരിടുന്നുവെന്ന് ജുനൈസ്; ആ പ്രണയം ഇപ്പോഴും മനസിലുണ്ട്!
കാറ്റും കോളും അടങ്ങി. അഖില്‍ മാരാര്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ വിജയകിരീടം ചൂടി. തുടക്കം മുതല്‍ക്കെ പ്രേക്ഷകരും മത്സരാര്‍ത്ഥികളും മനസില്‍ കണ്ട വിധി തന്നെയാണ് ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയില്‍ നടപ്പിലായത്. ശക്തമായ ആധിപത്യത്തോടെയാണ് അഖില്‍ മാരാര്‍ ഈ സീസണിലൂടനീളം കളിച്ചത്. അതേസമയം രണ്ടും മൂന്നും സ്ഥാനങ്ങളിലൊക്കെയാണ് അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടായത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ചും അഖില്‍ മാരാരുടെ വിജയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ മറക്കാനാകാത്ത പേരായിരിക്കും ജുനൈസ് വിപി എന്നത്. തുടക്കം മുതല്‍ അവസാന നിമിഷം വരെ അഖില്‍ മാരാര്‍ക്കെതിരെ ശക്തമായ ഗെയിം കളിച്ച വ്യക്തിയാണ് ജുനൈസ് വിപി. മാരാടുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് ജുനൈസ് ഫിനാലെ വരെ എത്തിയത്.

മൂന്നാം സ്ഥാനവുമായാണ് ജുനൈസ് പുറത്തിറങ്ങുന്നത്. എങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നും, അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറഞ്ഞുമൊക്കെ ഒരുപാട് പേരുടെ മനസില്‍ ഇടം നേടാന്‍ ജുനൈസിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തന്റെ മനസ് തുറക്കുകയാണ് ജുനൈസ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജുനൈസ് മനസ് തുറന്നത്.
അവിടേക്ക് വരുന്നവരൊക്കെ ഒന്നാം സ്ഥാനം മനസില്‍ കണ്ടാണ് വരുന്നത്. പക്ഷെ ഗെയിം കളിക്കുന്നത് ജനങ്ങളാണ്. അവര്‍ തരുന്ന സ്ഥാനമാണ്. അതില്‍ സന്തുഷ്ടനാണ്. ഒന്നാം സ്ഥാനത്തിന് അദ്ദേഹം അര്‍ഹനാണെന്നാണ് ജുനൈസ് പറഞ്ഞത്. ഞാനിങ്ങനെ ട്രോളുകളൊക്കെ കണ്ടിരിക്കുകയാണ്. ഭയങ്കര രസമാണ്. ഒരിക്കല്‍ അഖില്‍ മാരാരോട് നിങ്ങള്‍ വിന്നറാകില്ല എന്ന് പറഞ്ഞിരുന്നു. അതൊക്കെ വച്ചാണ് ട്രോളുകളെന്നും ജുനൈസ് പറയുന്നു.

അതൊരു ഗെയിം ഷോയാണ്. അഭിപ്രായ വ്യത്യാസങ്ങളുള്ളവര്‍ വരും. പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അത് കഴിഞ്ഞാല്‍ കഴിഞ്ഞു. ആ വാതിലിന്റെ അപ്പുറം എല്ലാം കളഞ്ഞിട്ടാണ് വരുന്നത്. ആരോടും ദേഷ്യവും പകയുമില്ല. കുറേ പേര്‍ സൈബര്‍ ബുള്ളിയിംഗും നെഗറ്റീവ് കമന്റും ഇടുന്നുണ്ട്. അവരോട് ഒന്നും പറയാനില്ല. ഗെയിം അവസാനിച്ചു. കഥയും അവസാനിച്ചു. കപ്പും കൊണ്ടു പോയി. എല്ലാം അവസാനിച്ചു. ഇതൊരു ഷോ മാത്രമാണ്. വെറുതെ നെഗറ്റിവിറ്റി സ്‌പെഡ് ചെയ്യുന്നത് എന്തിനാണ്. അതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ബ്രില്യന്റ് ഗെയിമറാണ്. ഇത്രയും ജനപിന്തുണയോടുള്ള വിജയം വലിയ കാര്യമാണ്. ഞാനതിനെ ബഹുമാനിക്കുന്നുവെന്നും ജുനൈസ് വ്യക്തമാക്കി. .
അതിനുള്ളില്‍ വച്ചുണ്ടാക്കിയ ബന്ധങ്ങളൊക്കെ ജീവിതത്തില്‍ മുന്നോട്ട് വേണം എന്നാണ് ആഗ്രഹം. കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. തെറ്റുകള്‍ മനസിലാക്കാന്‍ സാധിച്ചു. അവിടെ നമ്മള്‍ അറിയുന്നത് നമ്മള്‍ സംസാരിക്കുന്ന കാര്യം മാത്രമാണ്. മറ്റൊരിടത്തിരുന്ന് ആളുകള്‍ എന്താണ് പറയുന്നതെന്ന് അറിയാനാകില്ല. മോഹന്‍ലാലിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതും അദ്ദേഹം ഇടയ്ക്ക് ഇക്കാ എന്ന് വിളിക്കുന്നതൊക്കെ വലിയ കാര്യങ്ങളാണെന്നും ജുനൈസ് പറഞ്ഞു. ഷോയില്‍ വച്ച് തോന്നിയ പ്രണയത്തെക്കുറിച്ചും താരത്തോട് ചോദിക്കുന്നുണ്ട്. ആ പ്രണയം ഇപ്പോഴും മനസിലുണ്ടെന്നാണ് ജുനൈസ് പറയുന്നത്.


Click it and Unblock the Notifications