അഖിൽ മാരാർ ബ്രില്ല്യന്റ് ഗെയിമറാണ്, ഡിസർവിങ്ങാണ്; എല്ലാ പ്രശ്‍നങ്ങളും പറഞ്ഞുതീർത്താണ് ഇറങ്ങിയത്: ജുനൈസ്
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു ജുനൈസ് വി.പി. 90 ദിവസം നീണ്ടുനിന്ന ആവേശകരമായി പോരാട്ടത്തിനൊടുവിൽ മൂന്നാം സ്ഥാനം നേടിയാണ് ജുനൈസ് ഷോയിൽ നിന്നും പടിയിറങ്ങിയത്. ഹൗസിൽ തുടക്കം മുതൽ സജീവമായി നിന്ന മത്സരാർത്ഥി ആയിരുന്നു ജുനൈസ്. ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കി എപ്പോഴും മുന്നിൽ തന്നെയുണ്ടയായിരുന്നു താരം.
അഖിൽ മാരാരുമായുള്ള തർക്കങ്ങളും പ്രശ്നങ്ങളും കൊണ്ടാണ് ജുനൈസ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചയായത്. തുടക്കം മുതൽ ഒടുക്കം വരെ അഖിൽ മാരാർക്ക് എതിരെ നിന്ന മത്സരാർത്ഥിയാണ് ജുനൈസ്. ഫസ്റ്റ് റണ്ണറപ്പായ റെനീഷയുമായും പലഘട്ടത്തിലും ജുനൈസിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷോയിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അതെല്ലാം പറഞ്ഞുതീർത്താണ് ജുനൈസ് പടിയിറങ്ങിയത്. ഇപ്പോഴിതാ ഫിനാലെയ്ക്ക് ശേഷം ജുനൈസ് നടത്തിയ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്.

അഖിൽ മാരാർ ഡിസർവിങ് ആണ്. അതുകൊണ്ടാണല്ലോ ജനം വോട്ട് ചെയ്ത് ജയിപ്പിച്ചതെന്ന് ജുനൈസ് പറഞ്ഞു.'ഇവിടം വരെ നിൽക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. വോട്ട് ചെയ്ത എല്ലാ ആളുകളോട് നന്ദിയുണ്ട്. ഞാൻ ആയാലും അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുമുള്ളിൽ ഗെയിം ഉണ്ടായിരുന്നു. ഐഡിയോളജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആ തർക്കങ്ങളൊക്കെ ആ വാതിലിന് അപ്പുറം ഇട്ടിട്ടാണ് ഞാൻ വരുന്നത്,'
'അതിനിപ്പുറത്തേക്ക് എനിക്ക് ആരോടും ദേഷ്യമോ വിഷമമോ ഒന്നുമില്ല. എല്ലാവരും ബിഗ് ബോസിലെ എന്റെ കുടുംബാംഗങ്ങളാണ്. എല്ലാവരുമായും കോണ്ടാക്ട് വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഉള്ളിലുള്ളവരേക്കാൾ പുറത്തുള്ള ജനങ്ങളാണ് ഈ കളി കളിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാൾ വിന്നറായി. പുറത്ത് എന്തൊക്കെയാണ് നടന്നതെന്ന് അറിയില്ല. ഇപ്പോഴാണ് ഫോൺ കയ്യിലേക്ക് ലഭിച്ചത്. ഒരു കാര്യങ്ങളും അറിയില്ല,' ജുനൈസ് പറഞ്ഞു.
ശോഭയുടെ നാലാം സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: അവസാനം ഹൗസ്മേറ്റ്സ് വീടിനുള്ളിലേക്ക് വന്നപ്പോഴാണ് ശോഭേച്ചിക്ക് രണ്ടാം സ്ഥാനത്തിന് സാധ്യത ഉണ്ടെന്ന് പറയുന്നത്. കുറേപേർ അങ്ങനെ പറയുന്നുണ്ടായിരുന്നു, ജുനൈസ് പറഞ്ഞു.

'മൂന്നാം സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഫൈനലിസ്റ്റ് ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 50, 60 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫൈനലിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആളുകളുടെ പ്രതികരണങ്ങളൊക്കെ വായിച്ചു വരുകയാണ്. ചിലത് ചിരിക്കാനുണ്ട്. ചില മോശം കമന്റുകളുമുണ്ട്. എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. നെഗറ്റീവ് പറയുന്നവരുമുണ്ട്. ബിഗ് ബോസ് എന്ന് പറയുമ്പോൾ രണ്ടു രീതിയിലുള്ള ആളുകളാണ്. ഇഷ്ടപ്പെടുന്നവരുമുണ്ട്, വെറുക്കുന്നവരുമുണ്ടാകും',
'അവിടെ വന്ന 21 പേരും ഒന്നാം സ്ഥാനം സ്വപ്നം കണ്ടുവന്നവരാണ്. അഖിൽ മാരാരുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ഞാനും പുള്ളിയും തമ്മിലായിരുന്നു കൂടുതൽ വഴക്കുകൾ. ആ വാതിലിന്റെ പുറത്തേക്ക് ഇറങ്ങാൻ നേരം എല്ലാം തീർത്തിട്ടാണ് വന്നത്. പുള്ളി ഒരു ബ്രില്ല്യന്റ് ഗെയിമറാണ്. ഗെയിമിന്റെ ഭാഗമായി പലതും പറഞ്ഞിട്ടുണ്ടാകും. പുള്ളി ഡിസർവിങ് ആണ്. മൂന്നാം സ്ഥാനത്തിൽ ഞാൻ തൃപ്തനാണ്,' ജുനൈസ് വ്യക്തമാക്കി.


Click it and Unblock the Notifications