ബിഗ് ബോസിലെ യഥാർത്ഥ എതിരാളി അയാളാണ്! ഇത്തവണ മത്സരം കടുക്കും; കാരണം പറഞ്ഞ് ബ്ലെസ്ലി
ബിഗ് ബോസ് മലയാളം 5 ആരംഭിച്ചു കഴിഞ്ഞു. ഏറെ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു സീസൺ തന്നെയാകും ഇതെന്ന സൂചനകളാണ് ആദ്യ ദിവസങ്ങളിൽ തന്നെ ലഭിക്കുന്നത്. 18 മത്സരാർത്ഥികളാണ് ഈ സീസണിൽ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയവരും സീരിയൽ താരങ്ങളുമാണ് മത്സരാർത്ഥികളായി ഉള്ളത്. സോഷ്യൽ മീഡിയയിലൊക്കെ ബിഗ് ബോസ് സംബന്ധിച്ച ചർച്ചകൾ സജീവമാണ്.
രണ്ട് ദിവസമേ കഴിഞ്ഞുള്ളുവെങ്കിലും ആദ്യ നോമിനേഷനും വഴക്കുകളുമൊക്കെയായി ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. പലരും മുൻ ബിഗ് ബോസ് സീസണുകൾ കണ്ട് കളി പഠിച്ചു വന്നിരിക്കുന്നവരാണ് എന്നതാണ് ആദ്യ ദിവസങ്ങളിൽ തന്നെ മനസിലാകുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ തരംഗമാകുമോ ഈ സീസൺ എന്നത് മാത്രമാണ് അറിയാനുള്ളത്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനശ്രദ്ധ ലഭിച്ച സീസൺ ആയിരുന്നു കഴിഞ്ഞു പോയത്. സംഭവബഹുലമായ നാലാം സീസണിൽ നടിയും നർത്തകിയുമായ ദിൽഷ പ്രസന്നനാണ് വിജയി ആയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി ആയിരുന്നു ദിൽഷ. അതിൽ രണ്ടാം സ്ഥാനക്കാരനായി വന്നത് ബ്ലെസ്ലി ആയിരുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗെയിമറായി പേരെടുത്ത ആളായിരുന്നു ബ്ലെസ്ലി.
ഇപ്പോഴിതാ, ബിഗ് ബോസ് സീസൺ അഞ്ചിനെ കുറിച്ച് ബ്ലെസ്ലി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സ്ട്രാറ്റജികളുടെ യുദ്ധമാകും ഈ സീസണിൽ എന്നാണ് ബ്ലെസ്ലി പറഞ്ഞത്. ഇടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബ്ലെസ്ലിയുടെ വാക്കുകൾ. കഴിഞ്ഞ സീസണിൽ റിയാസ് വീട്ടിലേക്ക് എത്തിയപ്പോഴാണ് വലിയ വഴിത്തിരിവുണ്ടായതെന്നും ഇത്തവണ അത് ആദ്യമേ സംഭവിച്ചേക്കുമെന്നാണ് ബ്ലെസ്ലി പറയുന്നത്. വിശദമായി വായിക്കാം.
'കഴിഞ്ഞ സീസണിൽ, റിയാസ് വീട്ടിലേക്ക് എത്തിയപ്പോൾ ഷോ രസകരമായ വഴിത്തിരിവിലേക്കെത്തി. ഷോയെ നന്നായി പിന്തുടരുകയും വ്യക്തമായ ആശയങ്ങളുമായി എത്തിയ ഒരാളായിരുന്നു അദ്ദേഹം. ഈ സീസണിൽ 18 മത്സരാർത്ഥികൾക്കും ഈ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നത്. അവർക്കെല്ലാം അവരവരുടെ ഗെയിം പ്ലാനുകളും തന്ത്രങ്ങളും ഉണ്ടാകും. ഇത്തവണ തന്ത്രങ്ങൾ തമ്മിലുള്ള യുദ്ധമായിരിക്കും, കടുത്ത മത്സരമായിരിക്കും ഇത്തവണത്തേത്,' എന്നാണ് ബ്ലെസ്ലി പറഞ്ഞത്.
പുതിയ മത്സരാർത്ഥികൾക്ക് തനിക്ക് നൽകാനുള്ള നിർദേശവും ബ്ലെസ്ലി പങ്കുവയ്ക്കുന്നുണ്ട്. ഷോയിലെ മത്സരാർത്ഥികളുടെ യഥാർത്ഥ എതിരാളി സഹ മത്സരാർത്ഥികളല്ല, മറിച്ച് ബിഗ് ബോസാണെന്നാണ് ബ്ലെസ്‌ലീ പറയുന്നത്. വീട്ടിനുള്ളിലെ ഏറ്റവും വലിയ മാനിപ്പുലേറ്റർ ബിഗ് ബോസ് തന്നെയാണ്. അവിടെയുള്ള ഓരോ മത്സരാർത്ഥികളെയും നിയന്ത്രിക്കുന്നത് അദ്ദേഹമാണ്. മറ്റു മത്സരാർത്ഥികളെ നേരിടാൻ തന്ത്രങ്ങൾ മെനയാം പക്ഷെ ബിഗ് ബോസിനെതിരെ പിടിച്ചു നിൽക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി.
കൂടാതെ, സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്, ഒരു ഗ്രൂപ്പിലും വീണു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇതൊരു വ്യക്തിഗത മത്സരമാണെന്നും ബ്ലെസ്ലി പറഞ്ഞു. മാസങ്ങൾക്ക് മുന്നേ അവസാനിച്ചത് ആണെങ്കിലും പുതിയ സീസൺ തുടങ്ങുന്നത് വരെ സോഷ്യൽ മീഡിയയിൽ അടക്കം അത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. ഫാൻ ആർമികളുടെ യുദ്ധവും കാണാമായിരുന്നു. അതേ കുറിച്ചും ബ്ലെസ്ലി സംസാരിക്കുന്നുണ്ട്.

ഷോയിൽ ഒരു നായകനോ വില്ലനോ ഹാസ്യ തരാമോ ഒക്കെ ഉണ്ടായേക്കാം. എന്നാൽ യഥാർത്ഥ ജീവിതത്തിലും അവർ അങ്ങനെയാണെന്ന് വിശ്വസിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ബ്ലെസ്ലി പറഞ്ഞത്. ബിഗ് ബോസ് മത്സരാർത്ഥികളെ അവർ മത്സരിക്കുന്ന രീതിവെച്ച് വിലയിരുത്തരുത്. അവരെയൊന്നും ജീവിതത്തിന്റെ ഭാഗമായി എടുക്കരുത്. മത്സരിക്കാനും ജയിക്കാനും വേണ്ടി മാത്രമാണ് അവർ അവിടെ വന്നിരിക്കുന്നതെന്നും ബ്ലെസ്ലി പറഞ്ഞു.
കഴിഞ്ഞ സീസോണിൽ തുടക്കം മുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി ആയിരുന്നു ബ്ലെസ്ലി. ഒരുപോലെ ആരാധാകരേയും ഹേറ്റേഴ്സിനെയും ബ്ലെസ്ലി സ്വന്തമാക്കിയിരുന്നു. എന്നാൽ ശക്തനായ മത്സരാർഥിയാണ് ബ്ലെസ്ലി എന്ന കാര്യത്തിൽ തർക്കമൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.


Click it and Unblock the Notifications