ശ്രുതി - റിനോഷ് സൗഹൃദത്തെ കുറിച്ചുള്ള ചർച്ചകൾ കാണുമ്പോൾ വിഷമമുണ്ട്; ശ്രുതിയോട് നേരത്തെ പറഞ്ഞിരുന്നതാണ്!: മനീഷ
ബിഗ് ബോസ് മലയാളം സീസൺ 5 അതിന്റെ അമ്പതാം എപ്പിസോഡിലേക്ക് എത്തി നിൽക്കുകയാണ്. ഇനിയൊരു 50 ദിവസങ്ങൾക്ക് അപ്പുറം ഒരാൾ കപ്പും പിടിച്ച് ആ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാൻ കഴിയും. അത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. അതിനിടെ മത്സരവും മുറുക്കുന്നുണ്ട്. ഒപ്പം പ്രേക്ഷകർക്കിടയിൽ ഷോയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഷോയിലെ സൗഹൃദങ്ങളും പ്രണയങ്ങളുമൊക്കെ പ്രേക്ഷകരുടെ റഡാറിന് കീഴിൽ തന്നെയുണ്ട്. സാഗറും സെറീനയും തമ്മിലുള്ള അടുപ്പം സാഗറീന എന്നൊരു പേരിട്ട് പ്രേക്ഷകർ ആഘോഷിച്ച് തുടങ്ങി. അതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവർക്കിടയിൽ അതിനപ്പുറം എന്തോ ഉണ്ടെന്നാണ് ചില പ്രേക്ഷകർ പറയുന്നത്. അത്തരത്തിലുള്ള ചർച്ചകളും സജീവമാണ്.

അതിനിടെ ഇപ്പോഴിതാ, ആ ചർച്ചകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 5 ൽ നിന്ന് പുറത്തായ മത്സരാർത്ഥികളിൽ ഒരാളായ മനീഷ. അത്തരം ചർച്ചകൾ ഒഴിവാക്കേണ്ടതാണെന്നാണ് മനീഷ പറയുന്നത്. ചർച്ചകൾ കാണുമ്പോൾ വിഷമമുണ്ടെന്നും മനീഷ പറഞ്ഞു. കേരളീയം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
അത്തരം ചർച്ചകൾ വളരെ വിഷമകരമായിട്ട് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. ശ്രുതിക്ക് ഒരു ജീവിതം ഉള്ളതാണ്. ഇത്തരത്തിലൊരു ചർച്ച വേണോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. റിനോഷ് എന്റടുത്ത് വന്ന് നിൽക്കുമ്പോൾ വിളിച്ചു കൊണ്ട് പോകുന്നു എന്നൊക്കെയുള്ള പരാതിയൊക്കെ ഞാൻ അവിടെ നടത്തിയിരുന്നു. എന്നാൽ അത് ഒരിക്കലും ഈ രീതിയിലുള്ള ഒന്നായിട്ട് അല്ല പറഞ്ഞത്. സൗഹൃദമെന്നതിന് അപ്പുറം എന്തെങ്കിലും ഉണ്ടെന്ന രീതിയിൽ ഞാൻ പ്രതികരിച്ചിരുന്നില്ല.
പക്ഷേ ഇത് തരത്തിൽ നെഗറ്റീവ് ആയി വരാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ ശ്രുതിയോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എപ്പിസോഡിൽ കണ്ടിട്ടുണ്ടാവും നിങ്ങൾ. അന്ന് ശ്രുതി പറഞ്ഞത്, സൗഹൃദം മാത്രമേയുള്ളു. നമുക്ക് ഇവിടെ നിന്ന് പോകണമെങ്കിൽ ഇത് പോലെ എന്തെങ്കിലും സ്ട്രാറ്റജി നമ്മൾ ഉപയോഗിക്കണമല്ലോ എന്നുള്ള രീതിയിലാണ്. പക്ഷേ പുറത്ത് വന്നപ്പോഴാണ് അതിന്റെ അതിഭീകരത മനസിലായത്. അവരുടെ മൂന്ന് പേരുടെയും രാത്രിയിലെ ഉറക്കമില്ലായ്മയിലൊക്കെ വിജയോജിപ്പുണ്ട്. അത് അവിടെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
എന്നാൽ ഈ പുറത്തു നടക്കുന്ന സൈബർ ആക്രമങ്ങളോട് ഒന്നും ഒട്ടും യോജിപ്പില്ല. നമുക്കെല്ലാം ഈ നൂറ് ദിവസം കഴിഞ്ഞാലും ഒരു ജീവിതം ഉള്ളതാണ്. കുടുംബമുണ്ട്. നിങ്ങൾക്കും ഇതുപോലെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയില്ലേ. നിങ്ങൾക്ക് തന്നെ അറിയുന്നതല്ലേ ഇത് ഗെയിം ആണെന്ന് എന്നും മനീഷ ചോദിക്കുന്നു.

പ്രേക്ഷകർ കാണുന്നത് എഡിറ്റ് ചെയ്തതാണ്. അവർ കെട്ടിപിടിച്ചൊക്കെ നിൽക്കുന്നുണ്ട്. അതൊന്നും ഇല്ലെന്ന് അല്ല. അതൊന്നും മോർഫെഡും അല്ല. പക്ഷേ ഒന്ന് കെട്ടിപിടിച്ചു എന്ന് കരുതി എന്താണ്. സാഗറിനെയും സെറീനയെയും പറയുന്നത് പോലെയല്ല ശ്രുതിയെയും റിനോഷിനെയും കുറിച്ച് പറയുന്നത്. അത് അപകടകരമാണ്. പിന്നെ ശ്രുതി തന്നെ പറഞ്ഞിട്ടുണ്ട് ഇത് തന്റെ ഗെയിം സ്ട്രാറ്റജി ആണെന്ന് ഒക്കെ. അങ്ങനെ ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
അപ്പോൾ തന്നെ മനസിലാക്കിക്കൂടെ. നാളെ ശ്രുതി പുറത്ത് വന്ന് ഇത് എന്റെ സ്ട്രാറ്റജി ആണെന്ന് പറഞ്ഞാൽ ഈ സോഷ്യൽ മീഡിയയിൽ പറയുന്നവരും പ്രേക്ഷകരുമൊക്കെ എന്തായി. അതൊന്ന് ചിന്തിച്ചാൽ മാത്രം മതിയെന്നും മനീഷ പറഞ്ഞു. നേരത്തെ ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വീടിനുള്ളിൽ വെച്ച് മനീഷയും വൈബർ ഗുഡ് ദേവുവും നടത്തിയ ചർച്ചകളൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നതാണ്.


Click it and Unblock the Notifications











