ഇതില്‍പ്പരം അവള്‍ക്ക് സന്തോഷം നല്‍കുക എന്താണ്, കണ്ണുനിറഞ്ഞാണ് കണ്ടത്! നാദിറയ്ക്ക് ലഭിച്ച് കത്ത്
മലയാളം ബിഗ് ബോസില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് നാദിറ മെഹ്‌റിന്‍. ബിഗ് ബോസ് മലയാളത്തിന്റെ ഫിനാലെയിലെത്തുന്ന ആദ്യത്തെ ട്രാന്‍സ് വ്യക്തിയായി മാറിയിരിക്കുകയാണ് നാദിറ. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ചാണ് നാദിറ ഫൈനലില്‍ എത്തിയിരിക്കുന്നത്. പിന്നാലെ ഫാമിലി വീക്കില്‍ നാദിറയെ കാണാനായി സഹോദരി എത്തിയതും ആരാധകരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയായി മാറി.
ബാപ്പയും നാദിറയെ ഇപ്പോള്‍ അംഗീകരിക്കുകയും അഭിമാനത്തോടെ കാണുകയും ചെയ്യുന്നതായി നാദിറയുടെ സഹോദരി ഷോയില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. ഇന്നലെ വീക്കെന്‍ഡ് എപ്പിസോഡിന്റെ ഭാഗമായി മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതേക്കുറിച്ച് നാദിറയുമായി സംസാരിച്ചിരുന്നു. പിന്നാലെ നാദിറയ്ക്ക് ആരാധകരിലൊരാള്‍ എഴുതിയ കത്ത് മോഹന്‍ലാല്‍ വായിക്കുകയുണ്ടായി.

ശ്യാം സോര്‍ഭ എന്നയാള്‍ എഴുതിയ കത്താണ് മോഹന്‍ലാല്‍ നാദിറയ്ക്കായി വായിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷം എന്നാണ് നാദിറയുടെ നേട്ടത്തെക്കുറിച്ച് കത്തില്‍ പറയുന്നത്. ആ കത്തിന്റെ പൂര്‍ണരൂപം വായിക്കാംം.
മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇതിലും മനോഹരമായ ഒരു നിമിഷം ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഈ പ്രൈഡ് മാസം ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ ഒരു നിമിഷം.
ഒരു ക്യുയര്‍ വ്യക്തി തന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഒരുപാട് കയ്‌പ്പേറിയ നിമിഷങ്ങള്‍ ഉണ്ട്. ഒരു ട്രാന്‍സ്‌ജെന്റര്‍ എന്ന നിലയ്ക്ക് നാദി അനുഭവിച്ച വേദനകളും യാതനകളും അവള്‍ തന്നെ പലപ്പോഴും പലയിടങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ ബിഗ് ബോസ് വീട്ടില്‍ ഉള്‍പ്പെടെ.
വീട്ടില്‍ നിന്നുമുള്ള പടിയിറക്കം ഉള്‍പ്പെടെ നജീബ് നാദിറയായത്തിന്റെ പിന്നിലെ കഥകള്‍. ഇന്നിതാ അവള്‍ തന്റെ വീട്ടുകാരാല്‍ സ്വീകരിക്കപ്പെടുന്നു. ഒരു സമയത്ത് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും കൊണ്ട് അവളെ വേദനിപ്പിച്ച വീട്ടുകാരും നാട്ടുകാരും അവളുടെ പേരില്‍ അഭിമാനം കൊള്ളുന്നു. തന്റെ അനിയത്തി അവളെ കാണാന്‍ ബിഗ് ബോസ് വീട്ടില്‍ എത്തുന്നു, ബാപ്പ അവളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു എന്ന് പറയുന്നു. ഉമ്മ അവളെ ഓര്‍ത്ത് സന്തോഷിക്കുന്നു എന്ന് അറിയുന്നു. ഒരു നാട് മുഴുവന്‍ അവളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കേള്‍ക്കുന്നു. ഇതില്‍പ്പരം എന്താണ് ഇനി അവള്‍ക്ക് സന്തോഷം നല്‍കുക എന്നറിയില്ല.

കണ്ണ് നിറഞ്ഞുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കിയത്. ഇത്രയും സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു നാദിറ. നീ ടിക്കറ്റ് ടു ഫിനാലെ അടിച്ചപ്പോ അതൊരു ചരിത്ര നിമിഷം ആണെന്ന് പറഞ്ഞു കയ്യടിച്ചു.. ഇന്നിതാ അതിലും ഉറക്കെ കയ്യടിക്കുന്നു. സ്‌നേഹമാണ് നിറയുന്നത്... സ്‌നേഹം. സ്‌നേഹം... സ്‌നേഹം എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
അതേസമയം, ഇവിടുന്ന് നേരെ ഞാന്‍ പോകുന്നത് വീട്ടിലേക്ക് ആയിരിക്കുമെന്നാണ് നാദിറ പറയുന്നത്. മറ്റൊരു ഓപ്ഷന്‍ ഇല്ല ഇനി. നേരെ വീട്ടിലേക്ക്. പഴയ ഒരു ജീവിതത്തിലേക്ക് എത്തുകയാണ്. ഭയങ്കര സന്തോഷം അതിലെന്നും നാദിറ പറയുന്നുണ്ട്. ഈ നിമിഷം ഇവിടെ നിന്ന് പോകേണ്ടി വന്നാലും തനിക്ക് ലഭിച്ച ഏറ്റവും വലിയ ട്രോഫിയാണ് ഈ നിമിഷമെന്നും നാദിറ പറഞ്ഞു.


Click it and Unblock the Notifications