'എല്ലാവരുടെയും കുടുംബം വരുമ്പോൾ നാദിറ മാത്രം ഒറ്റപ്പെട്ടു പോകരുത്, വാപ്പ പറഞ്ഞു!'; നാദിറയുടെ അനിയത്തി
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഏറ്റവും നല്ല കാഴ്ചകൾക്കാണ് പ്രേക്ഷകർ ഈ ആഴ്ച സാക്ഷിയായത്. ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസിലേക്കെത്തിയ ഓരോ കുടുംബങ്ങളും മനോഹര നിമിഷങ്ങൾ സമ്മാനിച്ചാണ് മടങ്ങിയത്. ശോഭ, അനിയൻ മിഥുൻ എന്നിവരുടെ ഒഴികെ മറ്റെല്ലാ മത്സരാർത്ഥികളുടെയും പ്രിയപ്പെട്ടവർ ഹൗസിൽ വന്നു പോയി. ഇതിൽ പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച എൻട്രി ആയിരുന്നു നാദിറയുടെ സഹോദരി ഷഹനാസിന്റേത്.
വീട്ടിൽ നിന്ന് അകന്നു കഴിയുന്നത് കൊണ്ട് തന്നെ തന്റെ കുടുംബത്തിൽ നിന്ന് ആരും വരുമെന്ന് നാദിറ കരുതിയിരുന്നില്ല. അനിയത്തിക്ക് വരാൻ ആഗ്രഹമുണ്ടാകുമെങ്കിലും തന്റെ വ്യക്തിത്വത്തെ ഇതുവരെ അംഗീകരിക്കാത്ത വാപ്പ വിടില്ലെന്നായിരുന്നു നാദിറയുടെ ചിന്ത. അതുകൊണ്ട് തന്നെ അനിയത്തിയോട് എങ്ങനെ വന്നു എന്നാണ് നാദിറ ആദ്യ തിരക്കിയത്. വാപ്പ സമ്മതിച്ചത് കൊണ്ടാണ് വന്നതെന്നും വാപ്പയാണ് എയർപോർട്ടിൽ ആക്കിയതെന്നും സഹോദരി പറഞ്ഞതോടെ അതുവരെ കാണാത്ത സന്തോഷമായിരുന്നു നാദിറയുടെ മുഖത്ത്.

നാദിറയുടെ സുഹൃത്ത് ശ്രുതി സിത്താരയും ഹൗസിലേക്ക് എത്തിയിരുന്നു. ഒരു മണിക്കൂറോളം ഹൗസിനുള്ളിൽ ചെലവഴിച്ച ശേഷമാണ് രണ്ടുപേരും മടങ്ങിയത്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോയതിനെ കുറിച്ച് സംസാരിക്കുന്ന നാദിറയുടെ സഹോദരി ഷഹനാസിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. എല്ലാവരുടെയും കുടുംബം വരുമ്പോൾ നാദിറ മാത്രം ഒറ്റപ്പെട്ടു പോകണ്ട എന്ന് പറഞ്ഞാണ് വാപ്പ തന്നെ ബിഗ് ബോസ് ഹൗസിലേക്ക് അയച്ചതെന്ന് ഷഹനാസ് പറയുന്നു. ബിഗ് ബോസിൽ നിന്നിറങ്ങി നാദിറ വീട്ടിലേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അനിയത്തി പറഞ്ഞു.
"ഫാമിലി വീക്ക് വരുന്നുണ്ട്. എല്ലാവരുടെയും കുടുംബങ്ങൾ വരുന്നുണ്ട്. എന്തായാലും വരണം എന്ന് പറഞ്ഞാണ് ബിഗ് ബോസിൽ നിന്ന് കോൾ വരുന്നത്. വീട്ടിൽ നിന്ന് പോകണ്ട എന്നായിരുന്നു ആദ്യം പറഞ്ഞത്. ബിഗ് ബോസ് ടീം പലതവണ വിളിച്ചു. അവസാനം പോകുന്നതിന് തലേ ദിവസമാണ് ഞാൻ പോകാമെന്ന് ഞങ്ങളെല്ലാം കൂടി തീരുമാനിക്കുന്നത്.
നാദിറയുടെ അടുത്തേക്ക് അല്ലേ പോകുന്നത്. മോൾ പേടിക്കണ്ട, പോയിട്ട് വാ. എല്ലാവരുടെയും കുടുംബം വരുമ്പോൾ നാദിറ ഒറ്റപ്പെട്ടത് പോലെ നിൽക്കണ്ട. നീ ഉണ്ടെങ്കിൽ ആൾക്ക് ഒരു സപ്പോർട്ട് ആകും. നീ പൊക്കോളൂ എന്ന് വാപ്പ പറഞ്ഞു. അങ്ങനെയാണ് ഞാൻ പോകുന്നത്. ഉമ്മയും വാപ്പയും കൂടിയാണ് എന്നെ എയർപോർട്ടിൽ കൊണ്ടുപോയി ആക്കിയത്", പ്രൈം വിറ്റ്നസ് എന്ന ചാനലിന് നൽകിയ പ്രതികരണത്തിൽ ഷഹനാസ് പറഞ്ഞു.
ബിഗ് ബോസ് ഹൗസിലെ അനുഭവങ്ങളും സഹോദരി പങ്കുവച്ചു. "അതിനകത്ത് കയറിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ പോയി. അത് കണ്ടാൽ അറിയാൻ പറ്റും. നാദിറയുടെ കുട്ടിക്കാലത്തെ അനുഭവം പങ്കുവയ്ക്കാൻ പറഞ്ഞപ്പോഴും എന്താ പറയേണ്ടത് എന്ന അവസ്ഥയിൽ ആയിപ്പോയിരുന്നു. പൊതുവെ സംസാരിക്കാൻ പേടിയില്ലാത്ത ആളാണ് ഞാൻ. പക്ഷേ അതിനകത്ത് കയറിയപ്പോൾ അതുവരെയുണ്ടായിരുന്ന ധൈര്യമെല്ലാം പോയി.
ഒരുപാട് നാളുകൾക്ക് ശേഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതിനകത്ത് കയറിയപ്പോൾ തന്നെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം എന്നുണ്ടായിരുന്നു. പക്ഷേ നാദിറ തിരിച്ചറിഞ്ഞാൽ മാത്രമേ പ്രതികരിക്കാവൂ എന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. നാദിറയ്ക്ക് എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ടായിരുന്നു", അനിയത്തി പറയുന്നു.

ആളെ കാണണം. സപ്പോർട്ട് കൊടുക്കണം എന്ന പ്ലാൻ മാത്രമേ പോകുമ്പോൾ ഉണ്ടായിരുന്നുള്ളു. ഇതുവരെ ഞങ്ങളുടെ കുടുംബം വീഡിയോയിൽ വന്നിട്ടില്ല. അപ്പോൾ നേരിൽ കണ്ട് കുഴപ്പമൊന്നുമില്ല, നന്നായിട്ട് കളിക്കൂ എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. അതിന് സാധിച്ചു. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഷഹനാസ് വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്നിറങ്ങി നാദിറ വീട്ടിലേക്ക് വരണമെന്നാണ് വീട്ടിൽ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അനിയത്തി അവർ തമ്മിലുള്ള ബോണ്ടിനെ കുറിച്ചും സംസാരിച്ചു. "അഞ്ച് വർഷമായി വീട്ടിൽ നിന്ന് പോയിട്ട്. ഞാനും നാദിറയും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു.
ഞങ്ങൾ ബെസ്റ്റ് ഫ്രെണ്ട്സിനെ പോലെയാണ്. എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. നാദിറയുടെ അനിയത്തി എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമാണ്. വാപ്പാക്കും ഉമ്മാക്കുമെല്ലാം നല്ല സന്തോഷമുണ്ട്. എല്ലാ ദിവസവും എപ്പിസോഡ് കാണും. നാദിറ കരഞ്ഞാൽ ഇവിടെ ഉമ്മാടേയും കണ്ണുനിറയും", ഷഹനാസ് പറഞ്ഞു.


Click it and Unblock the Notifications